വയനാട്: വൈത്തിരിയില്‍ പൊലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
250 പേജുള്ള റിപ്പോര്‍ട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് സമര്‍പ്പിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടെന്ന് കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.
റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം തള്ളുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടിന്നൊയിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പട്ടികയില്‍ 26-ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന എസ്.ബി.ബി.എല്‍ റൈഫിളാണ്. ഈ തോക്കില്‍ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേ സമയം പൊലീസ് ഹാജരാക്കിയ സര്‍വ്വീസ് പിസ്റ്റലുകളില്‍ 9 എണ്ണത്തില്‍ നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ വെടിവെച്ചിട്ടുണ്ടെങ്കില്‍ വലതു കൈയില്‍ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
2019 മാര്‍ച്ച് 6 നാണ് വയനാട് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം.
ഫെബ്രുവരിയിലാണ് ഫോറന്‍സിക് ലാബ് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CP Jaleel Murder Maoist Magisterial Report