വയനാട്ടിലെ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല ചെയ്യപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകളുമായി സഹോദരന്‍ സി.പി റഷീദ്. \
വൈത്തിരിയില്‍ നടന്ന പോലീസ് ആക്ഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദീകരണവും നേരത്തെ പുറത്തുവന്ന സി.സി.ടി.വി ഫൂട്ടേജുകളിലെ ദൃശ്യങ്ങളും സമയവും തമ്മിലുള്ള വൈരുദ്ധ്യമാണ് സി.പി റഷീദ് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ടിലെ വിശദീകരണ പ്രകാരം, ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളെത്തിയെന്ന വിവരമറിഞ്ഞ പോലീസ് സംഘം റിസോര്‍ട്ടിന്റെ ഗെയ്റ്റിന് പുറത്തെത്തുന്നത് രാത്രി 8.55 ന് ആണ്.
പിന്നീട് 10 മീറ്റര്‍ പിന്നിട്ട് റിസപ്ഷന് അടുത്തെത്തിയ സംഘം ഇലക്ട്രിക് വെളിച്ചത്തില്‍ മാവോയിസ്റ്റുകളെ കാണുകയും അവര്‍ക്ക് വാണിംഗ് നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനാല്‍ സ്വയം രക്ഷാര്‍ത്ഥം തിരിച്ച് വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്.
അതെ സമയം സി.സി.ടിവി ഫൂട്ടേജുകളില്‍ കാണുന്നത് 8.51 ന് തന്നെ മാവോയിസ്റ്റുകള്‍ തിരിഞ്ഞോടുന്നതായാണ്. 8.55 നാണ് പോലീസ് റിസോര്‍ട്ടിന്റെ പുറത്തെത്തിയതെങ്കില്‍ പിന്നെ എന്തിനാണ് 8.51 ന് തന്നെ മാവോയിസ്റ്റുകള്‍ ഓടുന്നതെന്ന് സി.പി റഷീദ് ചോദിക്കുന്നു. പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന് അവര്‍ പറയുമ്പോഴും, പോലിസ് സാന്നിദ്ധ്യം മനസ്സിലാക്കിയ ഉടന്‍ പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളെയാണ് ഫൂട്ടേജില്‍ കാണുന്നതെന്നതും ജലീലിന്റെ ശരീരത്തില്‍ വെടിയേറ്റത് മുഴുവന്‍ പിറകില്‍ നിന്നാണെന്നതും ഏറ്റുമുട്ടല്‍ എന്ന പോലീസ് ഭാഷ്യം കള്ളമാണെന്നതിന്റെ തെളിവാണ് എന്ന് സി.പി റഷീദ് പറയുന്നു.
സംഭവം നടന്ന സ്ഥലത്ത് പതിനാറോളം സി.സി.ടി.വി ക്യാമറകളുണ്ടായിട്ടും വെറും മൂന്ന് ക്ലിപ്പുകള്‍ ഒഴികെ ബാക്കിയൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല എന്നത് കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
‘2014 ലെ പി.യു.സി.എല്‍/ സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ്സിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസിന് നേരെ പരാതികളുയരുന്ന കൊലപാതക കേസ്സുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്. എന്നാല്‍ സി.പി ജലീലിന്റെ കേസ്സില്‍ സംഭവം നടന്ന മൂന്ന മാസം പിന്നിട്ടിട്ടും ഇത്തരമൊരന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഗുരുതരമായ നിയമലംഘനമാണ്.’ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ തുഷാര്‍ നിര്‍മല്‍ സാരഥി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.