വയനാട്: വയനാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തകനും വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനുമായ സി.പി റഷീദ്.
തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്നും സി.പി റഷീദ് പറഞ്ഞു.
‘മാവോയിസ്റ്റായ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നു. അയാളുടെ പേര് പോലും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് എന്റെ അനുജന്‍ സി.പി ജലീലിന്റെ കൊലപാതകത്തിന് സമാനമായ സംഭവമാണ്. അന്ന് രാത്രി മുഴുവന്‍ വെടിവെപ്പുണ്ടായി. പകലും വെടിവെപ്പുണ്ടായി. പിന്നീട് എത്രയോ മണിക്കൂര്‍ കഴിഞ്ഞാണ് ആള്‍ ആരാണ് എന്ന് പോലും പറഞ്ഞത്. അനാഥ മൃതദേഹമായി അവിടെ മണിക്കൂറുകളോളം മൃതദേഹം കിടന്നു.
ഒടുവില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ എന്താണ് ഉണ്ടായത്. സി.പി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. എഫ്.ഐ.ആറില്‍ വന്നത് മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി വെടിവെക്കേണ്ടി വന്നു എന്നുമാണ്.
എന്നാല്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തില്ലെന്നും അവര്‍ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നില്ലേ. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്‌ക്കരിക്കുകയാണ്.
വാളയാര്‍ സംഭവം അതിരൂക്ഷമായി കത്തി നിന്നപ്പോഴാണ് മഞ്ചിക്കണ്ടിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. ഇപ്പോള്‍ ശിവശങ്കറും കോടിയേരിയുടെ മകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നാണംകെട്ട് നില്‍ക്കുമ്പോള്‍ സി.പി.ഐ.എം ഈ തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെടുന്നു എന്ന് കാണിക്കാനുള്ള നാടകം കളിക്കുകയാണ്.
ഞങ്ങള്‍ എന്തും ചെയ്യും നിങ്ങളാരാ ചോദിക്കാന്‍ എന്ന് കേരളത്തിലെ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. അതിന്റെ രക്തസാക്ഷിയാണ് പടിഞ്ഞാറയില്‍ ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിയണം.
വ്യാജഏറ്റുമുട്ടലിലൂടെ ആളുകളെ കൊലപ്പെടുത്തി നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന യോഗി മോഡല്‍ ഭരണത്തിനെതിരെ കേരളീയ സമൂഹവും ജനാധിപത്യ സമൂഹവും രംഗത്തിറങ്ങണണമെന്നും സി.പി റഷീദ് പറഞ്ഞു.
ഇന്ന് രാവിലെയാണ് വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നത്.
സംഘത്തിലുണ്ടായിരുന്നത് മൂന്ന് പേരാണെന്നും അവര്‍ വെടിവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു.
അതേസമയം ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. 35 വയസ് തോന്നിക്കുന്ന പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചകളുണ്ട്. 303 റൈഫിളാണ് ഉപയോഗിച്ചെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം വെടിവെപ്പിന് പ്രകോപനം അടക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല്‍ എന്നതില്‍ വ്യക്തതയില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CP Jaleel brother CP Rasheed On Maoist Encounter