national news
പശുക്കളെ കുളിപ്പിച്ച് പൂക്കളും മഞ്ഞളും കുങ്കുമവും തേച്ച് അലങ്കരിച്ച് പൂജ നടത്തണം; നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 22, 02:35 am
Saturday, 22nd February 2025, 8:05 am

ബെംഗളൂരു: ദീപാവലി സമയത്ത് ക്ഷേത്രങ്ങളില്‍ ഗോപൂജ നടത്തണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. കര്‍ണാടക ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദീപാവലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ഇക്കാര്യങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം.

വൈകീട്ട് പൂജ നടത്താനും പശുക്കളെ അലങ്കരിക്കണമെന്നുമടക്കമുള്ള നിര്‍ദേശങ്ങളാണ് കര്‍ണാടകയിലെ മുസ്രായി (ദേവസ്വം) വകുപ്പ് ഫെബ്രുവരി 13ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ബലിപാഡ്യമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പശുക്കളെ കുളിപ്പിച്ച് പൂക്കളും മഞ്ഞളും കുങ്കുമവും തേച്ച് അലങ്കരിക്കാനാണ് നിര്‍ദേശം. കൂടാതെ ശര്‍ക്കര, അരി, പഴങ്ങള്‍ എന്നിവ പശുവിന് സമര്‍പ്പിച്ച് പൂജ നടത്തണമെന്നും നിര്‍ദേശമുണ്ട്.

ഹിന്ദുമതത്തില്‍ പശുവിനെ ഗോമാതാവായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഹിന്ദുക്കള്‍ മൃഗത്തിന് പ്രത്യേക സ്ഥാനം നല്‍കി ആരാധിക്കുന്നതിനാലും പശുവിനോടുള്ള മതപരവും സാംസ്‌ക്കാരികവുമായ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കേണ്ടത് പ്രധാനമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതില്‍ വിമര്‍ശനം ശക്തമാണ്. ബി.ജെ.പി സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയ സര്‍ക്കുലറിന് സമാനമാണ് കോണ്‍ഗ്രസിന്റെ സമീപനമെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍ നേരത്തെയും ഗോ പൂജ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് സര്‍ക്കുലര്‍ ഇറക്കിയതില്‍ തെറ്റൊന്നുമില്ലെന്നും ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ രാമലിംഗ റെഡ്ഡി പറഞ്ഞു.

പ്രസ്തുത സര്‍ക്കുലറിനോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് പച്ച വളകളും അരശിന കുങ്കുമവും (മഞ്ഞള്‍) നല്‍കി വരലക്ഷ്മി ഉത്സവം ആഘോഷിക്കാനും ക്ഷേത്രങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Cows should be bathed and decorated with flowers, turmeric and saffron and performed puja; Karnataka government with the proposal