| Wednesday, 12th May 2021, 8:58 pm

മഹാമാരിയിലകപ്പെട്ട രാജ്യത്തെ ചാണകത്തില്‍ കുളിപ്പിക്കുന്ന സംഘപരിവാര്‍; ലോകത്തിന് മുന്നില്‍ നാണംകെടുന്ന ഇന്ത്യ

ഗോപിക

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള, ഏറ്റവുമധികം മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ‘കൊവിഡ് പ്രതിരോധ’ത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ നമ്മെ നാണം കെടുത്തുകയാണ്.

ദേഹമാസകലം ചാണകം പുരട്ടി, ഗോമൂത്രത്തിലും പാലിലും കുളിച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഈ ‘അത്ഭുത മാതൃക’ മറ്റെവിടെ നിന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നാണ്. കൂട്ടമരണങ്ങള്‍ക്ക് മുന്നിലും ഇത്തരം വിഡ്ഢിത്തങ്ങളിലൂടെ രാജ്യത്തെ നാണംകെടുത്തുന്ന ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ്.

ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്ന ഇത്തരമൊരു ഗുരുതര ഘട്ടത്തിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ അനുയായികളും തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണങ്ങളിലൂടെ രാജ്യത്തെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് നാം കാണുന്നത്.

യാഗം നടത്തിയാല്‍ കൊവിഡിനെ ഇല്ലാതാക്കാം, ഗോമൂത്രം പതിവായി കുടിക്കുന്നവരില്‍ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കില്ല, വെയില്‍ കൊണ്ടാല്‍ കൊവിഡ് വൈറസിനെ ഇല്ലാതാക്കാം, കൊവിഡിനെ തുരത്താന്‍ ഗോ കൊറോണ മന്ത്രം മതി, ഹനുമാന്‍ ചാലിസ സ്ഥിരമായി ചൊല്ലിയാല്‍ മാസ്‌ക് വേണ്ട, കൊവിഡ് സമ്മര്‍ദ്ദങ്ങളകറ്റാന്‍ ചോക്ലേറ്റ് കഴിച്ചാല്‍ മതി, നേരാം വണ്ണം ശ്വസിക്കാന്‍ അറിയാത്തവരാണ് ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് നിലവിളിക്കുന്നത്, ചാണകം ശരീരമാസകലം പുരട്ടിയാല്‍ കൊവിഡ് വൈറസ് നമ്മുടെ പരിസരത്തേക്ക് പോലും വരില്ല തുടങ്ങി അനേകം പ്രചരണങ്ങളാണ് സംഘപരിവാര്‍ വൃത്തങ്ങള്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നും ആദ്യത്തെ വൈറസിനേക്കാള്‍ അപകടകാരിയാണ് പുതിയ വൈറസെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും രാജ്യത്തെ ജനങ്ങളുടെ ഭീതിയെ എങ്ങനെ മുതലാക്കാമെന്ന് ആലോചിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ഈ പ്രചരണം നടത്തുന്നത്.

ലോകം മുഴുവന്‍ കൊവിഡിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇന്ത്യയിലെ സംഘപരിവവാര്‍ നേതാക്കളുടെ പെരുമാറ്റം. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയായ ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. പിന്നാലെ യോഗ ഗുരു ബാബ രാംദേവും രംഗത്തെത്തി. കൊറോണ വൈറസ് ഇന്ത്യയിലെത്തിയതു മുതല്‍ നിരവധി അശാസ്ത്രീയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഇത്തവണ പറഞ്ഞത് കുത്തിവെയ്പും മരുന്നുകളുമെല്ലാം ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നുമായിരുന്നു. പകരം രോഗബാധിതരായവരോട് ആശുപത്രിയില്‍ പോകരുതെന്നും തന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്.

കൊവിഡ് രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കാന്‍ അറിയില്ലെന്നും വെറുതെ ഓക്‌സിജന്‍ ക്ഷാമമെന്ന് പറയുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. രാംദേവിന്റെ ഈ അശാസ്ത്രീയ പ്രചരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജ്യോത് ദാഹിയ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയെന്ന് കൊട്ടിഘോഷിച്ച ഗുജറാത്തിലെ സ്ഥിതി പരിതാപകരമാണ്. കൊറോണയെ ഇല്ലാതാക്കാന്‍ പടിഞ്ഞാറന്‍ ഗുജറാത്തിലെ ജനങ്ങള്‍ ഗ്രാമ-നഗര ഭേദമന്യേ ആഴ്ചയില്‍ ഒരു ദിവസം അടുത്തുള്ള ഗോശാലകളില്‍ പോയി ചാണകവും മൂത്രവും ചേര്‍ന്ന മിശ്രിതം ശരീരമാസകലം പുരട്ടുകയാണ്.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അശാസ്ത്രീയതയും വ്യാജ പ്രചരണങ്ങളും നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ഇത്തരത്തില്‍ പ്രചരണം നടത്തിയ ഒരു നേതാവിനെതിരെ പോലും വിരല്‍ ചലിപ്പിക്കാന്‍ രാജ്യത്തെ പൊലീസോ നിയമവ്യവസ്ഥയോ ഇടപെടുന്നില്ലെന്നതാണ് ഏറ്റവും വിഷമകരം.

ഇന്ത്യയിലെ മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിലെ അശാസ്ത്രീയതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നില്ല എന്നതും ഖേദകരമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ ക്യാബിനറ്റ് മന്ത്രിമാരടക്കം അശാസ്ത്രീയ പ്രചരണം തങ്ങളുടെ മുഖമുദ്രയാക്കിയപ്പോള്‍ അവയ്ക്കു മുന്നിലും കണ്ണടച്ച് നില്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

കൊവിഡിന്‍രെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യമായ ഇന്ത്യ കൂട്ടമരണങ്ങള്‍ക്ക് മുന്നില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ കാണിക്കുന്നതിലൂടെ ലോകത്തിന് മുന്നില്‍ തന്നെ നാണം കെടുകയാണ്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cowdung and covid fight india

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more