|

ഗോമാതാവിനെ ആരാധിക്കുന്നവർ പെൺകുട്ടിയെ ആട്ടിയകറ്റി; ചീഫ് കാർട്ടൂണിസ്റ്റിന്റെ കാർട്ടൂൺ തള്ളി ടൈംസ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉജ്ജയിനിയിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ ചീഫ് കാർട്ടൂണിസ്റ്റ് സന്ദീപ് ആധ്വര്യുവിന്റെ കാർട്ടൂൺ പ്രസിദ്ധീകരിക്കാതെ പത്രം.

പത്രത്തിൽ പ്രസിദ്ധീകരിക്കാതിരുന്ന കാർട്ടൂൺ ആധ്വര്യു എക്‌സിലെ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തെങ്കിലും ടൈംസ് ഓഫ് ഇന്ത്യ ലോഗോ അറിയാതെ ഉൾപ്പെട്ടു പോയത് കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇതിലൂടെയാണ് ടൈംസ് ഓഫ് ഇന്ത്യ ആധ്വര്യുവിന്റെ കാർട്ടൂൺ പരിഗണിച്ചില്ലെന്ന് വ്യക്തമായത്.

ഉജ്ജയിനിയിൽ ബലാത്സംഗത്തിനിരയായി, ചോരയൊലിച്ച്, സഹായം തേടിയ 12 കാരിയെ നാട്ടുകാർ ആട്ടിയോടിച്ചു എന്ന കുറിപ്പോടെയുള്ള കാർട്ടൂണിൽ രക്തപ്പാടുകൾ അവശേഷിപ്പിച്ചു പെൺകുട്ടി നടന്നു നീങ്ങുമ്പോൾ പിന്നിൽ ഗോമാതാവിനെ ആരാധിച്ചു കൊണ്ടിരിക്കുന്ന ആളുകളെയും കാണാം.

പശുവിനെ ആരാധിക്കാൻ മത്സരിക്കുന്ന ജനങ്ങൾ ഒരു പെൺകുട്ടിയുടെ ജീവന് വില കല്പിച്ചില്ലെന്ന ആശയം മുന്നോട്ട് വെക്കുന്നത് കൊണ്ടാവാം കാർട്ടൂൺ നിരസിക്കപ്പെട്ടത് എന്ന് വിമർശനമുണ്ട്.

ലോഗോ ഒഴിവാക്കി, ഇത് തന്റെ വ്യക്തിപരമായ സൃഷ്ടി ആണെന്നും ടൈംസ് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്നും വ്യക്തമാക്കി അദ്ദേഹം കാർട്ടൂൺ എക്‌സിൽ വീണ്ടും പോസ്റ്റ്‌ ചെയ്തു.
‘ഇത് എന്റെ വ്യക്തിപരമായ സൃഷ്ടിയാണ്. ടൈംസ് ഓഫ് ഇന്ത്യയുമായി കാർട്ടൂണിന് ബന്ധമില്ല. എന്റെ മുമ്പത്തെ പോസ്റ്റിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ലോഗോ അശ്രദ്ധ മൂലം വന്നുപോയതാണ്. പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് ഫ്രെയിമിന്റെ സ്റ്റാൻഡേർഡ് ഫോർമാറ്റിൽ നിന്ന് അത് ഒഴിവാക്കാൻ മറന്ന് പോയതാണ്,’ അദ്ദേഹം എക്‌സിൽ പങ്കുവെച്ച കാർട്ടൂണിനൊപ്പം കുറിച്ചു.

CONTENT HIGHLIGHT: Cow worshippers shooed away a girl; Times of India rejected Chief Cartoonist’s cartoon