മുംബൈ: മുംബൈയിലെ നാസിക്കില്‍ ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് ബന്ധുക്കളുടെ ആരോപണം. ഗോ സംരക്ഷര്‍ എന്നവകാശപ്പെട്ടാണ് 26ഓളം പേര്‍ ചേര്‍ന്ന് കൊല്ലപ്പെട്ട അഫാന്‍ അന്‍സാരിയേയും ഒപ്പമുണ്ടായിരുന്ന നസീര്‍ ഷെയ്ഖിനെയും അതിക്രൂരമായി മര്‍ദിച്ചതെന്ന് സഹോദരനായ മുഹമ്മദ് അസ്ഗര്‍ മുംബൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കാറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. എന്നാല്‍ വിവരമറിഞ്ഞ് ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ തകര്‍ത്ത നിലയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അകലെയുള്ള ഒരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോയാണ് മൂന്ന് മണിക്കൂറോളം നേരം ആക്രമിച്ചത്.
കയറുകൊണ്ട് കയ്യും കാലും കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നേരം പൊതിരെത്തല്ലി. വണ്ടിയുടെ സ്റ്റെപ്പിനി, മുള വടി, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഞങ്ങളുടെ കുട്ടികളെ അവര്‍ അടിച്ചത്.
അഫാന്‍ അന്‍സാരി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഷെയ്ഖിന് ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കുന്നില്ല.
സര്‍ക്കാര്‍ അക്രമികളെ രക്ഷപ്പെടുത്തുകയാണ്. ആര്‍.എസ്.എസിനെയും ബജ്‌റംഗ് ദളിനെയും അവര്‍ അഴിച്ച് വിട്ടിരിക്കുകയാണ്. കേസില്‍ ഇതുവരെ 11 പേരാണ് പിടിയിലായിരിക്കുന്നത്. 15 പേരെ ഇനിയും പിടികൂടാനുണ്ട്.
അടുത്ത 24 മണിക്കൂറിനകം എല്ലാവരെയും പിടികൂടുമെന്നാണ് പൊലീസ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഷെയ്ഖിനെ മുംബൈയിലെ ആര്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടനെ ഐ.സി.യുവിലേക്ക് മാറ്റും,’ സഹോദരന്‍ പറഞ്ഞു.
ആര്‍.എസ്.എസും ബജ്‌റംഗ് ദളും ഇത്തരത്തില്‍ ആക്രമണം തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന് മറ്റൊരു ബന്ധു ചോദിച്ചു. ‘കൊല്ലപ്പെട്ട അഫാന്‍ അന്‍സാരിയുടെ മക്കളുടെയും ഭാര്യയുടെയും ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഞങ്ങളുടെ കുട്ടികള്‍ക്കുണ്ടായ ഗതി ആര്‍ക്കും വരുത്തരുതെന്നാണ് പ്രാര്‍ത്ഥന’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിലാണ് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നത്. നാസിക് ജില്ലയിലെ സിന്നര്‍-ഘോട്ടി ഹൈവേയിലെ ഗംഭീര്‍വാടിക്ക് സമീപമാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മുസ്‌ലിം യുവാക്കളെ പശു സംരക്ഷകരായ അക്രമിസംഘം വാഹനം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.