ബെംഗളുരു: കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കിയതിന് പിന്നാലെ നിയമത്തെ ന്യായീകരിച്ച് വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി. ഗോ സംരക്ഷകര്‍ക്ക് പ്രത്യേക പരിരക്ഷ ഏര്‍പ്പെടുത്തുന്ന നിയമത്തിലെ വകുപ്പിനെ ന്യായീകരിച്ചായിരുന്നു ബി.ജെ.പി ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണന്‍ വിചിത്ര വാദങ്ങള്‍ ഉന്നയിച്ചത്.
പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗോ സംരക്ഷകര്‍ വലിയ ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണെന്നാണ് മന്ത്രി പറഞ്ഞത്.
ഗോ സംരക്ഷകര്‍ നാടിന്റെ നിയമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും മന്ത്രി വാദിച്ചു.
”ഗോ സംരക്ഷകര്‍ രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ ഗോ സംരക്ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അനധികൃത കച്ചവടത്തില്‍ ഏര്‍പ്പെട്ടവരാണ് അവരെ കൊല്ലപ്പെടുത്തിയത്.
അതുകൊണ്ട് തന്നെ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്”, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗോ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്ത്യയില്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല.
”ജനങ്ങളുടെ മാനസിക വികാരം എപ്പോഴും ഗോവധത്തിന് എതിരാണ്. പശുക്കളെയും കന്നുകാലികളെയും വില്‍ക്കുമ്പോള്‍ അതിനെ കൊല്ലാനാണെന്ന് പലര്‍ക്കും അറിയില്ല.
കൊല്ലാനാണ് ആളുകള്‍ പശുവിനെ വാങ്ങുന്നത് എന്നറിയുമ്പോള്‍ അവര്‍ക്ക് ഗോവധ നിരോധനം ആവശ്യമാണെന്ന് തോന്നുകയാണ്.
ഇത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. സ്വാതന്ത്ര്യത്തിന് മുന്‍പേ ഗോവധം നിരോധിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു.പൊതുജന വികാരം മാനിച്ചാണ് നിയമം കൊണ്ടുവന്നത്”, മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം ബുധനാഴ്ചയാണ് ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് നിയമസഭയില്‍ പാസാക്കിയത്.
കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിരുന്നു.