ബെംഗളൂരു: കർണാടകയിലെ കന്നുകാലി വ്യാപാരിയെ കൊലപ്പെടുത്തി ഗോ സംരക്ഷകർ. കർണാടകയിലെ രാമനഗര ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഇദ്രീസ് പാഷ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഗോ സംരക്ഷകനായ പുനീത് കാരഹേളി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കന്നുകാലികളുമായി വരികയായിരുന്ന പാഷയുടെ വാഹനം ഗോ സംരക്ഷകർ തടഞ്ഞുനിർത്തുകയായിരുന്നു. പാഷയുടെ കൈവശം കന്നുകാലികളെ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടായിരുന്നെങ്കിലും പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാഷയോട് പാകിസ്ഥാനിലേക്ക് പോകാനും പുനീത് പറഞ്ഞതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കൊലപാതകത്തിന് പിന്നാലെ പാഷയുടെ മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ നൽകിയാൽ പാഷയെ വെറുതെ വിടാമെന്ന് പുനീത് പറഞ്ഞതായും കുടുംബം ആരോപിച്ചു.
Content Highlight: Cow vigilantes killed cattle trader, asks to go to Pakistan