| Wednesday, 21st March 2018, 5:18 pm

ഗോ രക്ഷകര്‍ക്കെതിരെ ആദ്യ ശിക്ഷ; ബി.ജെ.പി നേതാവടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: പശുസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം നടത്തിയ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം. ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

രാജ്യത്ത് ആദ്യമായാണ് പശുസംരക്ഷണത്തിന്റെ പേരിലുള്ള ഇത്തരം കേസില്‍ കുറ്റാരോപിതര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നത്. കൊലക്കുറ്റത്തിനു പുറമെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിട്ടുണ്ട്.

ബീഫ് കൈവശം വെച്ചു എന്ന സംശയത്തിന്റെ പേരിലാണ് സ്വയം പ്രഖ്യാപിത പശുസംരക്ഷകരായ ഇവര്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഒരാളെ അടിച്ചു കൊന്നത്. കൊല്ലപ്പെട്ടയാളുടെ കാര്‍ അക്രമി സംഘം അഗ്‌നിയ്ക്കിരയാക്കുകയും ചെയ്തിരുന്നു.


Read Also: കീഴാറ്റൂര്‍: പ്രകൃതി സംരക്ഷകരുടെ കുപ്പായമിട്ടുള്ള സി.പി.ഐ.എം വാദങ്ങള്‍ക്ക് ഒരു ഇടതനുകൂലിയുടെ മറുപടി


മാരുതി വാന്‍ ഓടിച്ചു പോകുകയായിരുന്ന അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് അക്രമികള്‍ വാഹനം തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലെ ബജര്‍തന്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. പരുക്കേറ്റ അന്‍സാരിയെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് അന്‍സാരി മരിക്കുകയായിരുന്നു.

പശുസംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഈ കൊല നടന്നത്. രാജ്യത്തെ ഒരാള്‍ക്കും നിയമം കയ്യിലെടുക്കാനുള്ള അവകാശം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പശുസംരക്ഷണത്തെ കുറിച്ച് മഹാത്മഗാന്ധിയും ആചാര്യ വിനോബ ഭാവെയും പറഞ്ഞത്രയും മറ്റാരും പറഞ്ഞിട്ടില്ലെന്നും ഇത്തരം അക്രമങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.


Read Also: നിഫ്റ്റ്, ഫാറൂഖ് കോളേജ്…’; ഓട്ടോണമസ് കോളേജുകളിലെ വിവാദത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതി


അന്‍സാരിയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് പറഞ്ഞത്. അന്‍സാരി ഇറച്ചിക്കച്ചവടം നടത്തുന്നയാളാണെന്ന് അറിഞ്ഞ പ്രതികള്‍ അദ്ദേഹത്തെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡി.ജി.പി ആര്‍.കെ മാലിക് പറഞ്ഞു.

വീഡിയോ:

We use cookies to give you the best possible experience. Learn more