ജയ്പൂർ: രാജസ്ഥാൻ സ്വദേശികളെ പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയതിന് ആഴ്ചകൾക്ക് മുമ്പ് ഇരകളുടെ വാഹന രജിസ്ട്രേഷൻ നമ്പറും ഫോൺ നമ്പറും പശു സംരക്ഷകർക്കിടയിൽ പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ്. കേസിലെ മുഖ്യ പ്രതിയായ
എന്ന മോഹിത് യാദവിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പൊലീസിന് ലഭിച്ചത്.
ഫെബ്രുവരിയിലായിരുന്നു ഹരിയാന-രാജസ്ഥാൻ അതിർത്തിയിൽ വച്ച് രാജസ്ഥാൻ സ്വദേശികളായ നാസിർ, ജുനൈദ് എന്നിവരെ പശുക്കളെ കടത്തിയെന്നാരോപിച്ച് ഒരു സംഘം കൊലപ്പെടുത്തിയത്.
ഹരിയാനയിലെ നൂഹ് കലാപത്തിന്റെ മുഖ്യ ആസൂത്രകൻ കൂടിയായ മോനു മനേസറിനെ ചൊവ്വാഴ്ചയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാജസ്ഥാൻ പൊലീസിന് കൈമാറി. വ്യാഴാഴ്ച കോടതിക്ക് മുമ്പിൽ ഹാജരാക്കിയ മോനു മനേസറിനെ സെപ്റ്റംബർ 18 വരെ കസ്റ്റഡിയിൽ വിട്ടു.
പ്രതികൾ രണ്ട് സംഘമായി തിരിഞ്ഞ് രാജസ്ഥാൻ-ഹരിയാന അതിർത്തിയായ പീറുകയിൽ ഉപരോധിക്കുകയും ഇരകളെ തടയുകയും ചെയ്തു എന്നാണ് മേയ് മാസത്തിൽ ഫയൽ ചെയ്ത ചാർജ്ഷീറ്റിൽ പറയുന്നത്. ഇതിൽ നിന്ന് പ്രതികൾക്ക് ഇരകളുടെ റൂട്ട് മുൻകൂറായി അറിയാമെന്ന് തെളിഞ്ഞു.
‘അവർക്ക് പശുക്കളോടൊപ്പം ഇരകളെ പിടികൂടാനായിരുന്നു ഉദ്ദേശം. എന്നാൽ പശുക്കളെ കാണാതിരുന്നപ്പോൾ കടത്തിയ പശുക്കളെ കുറിച്ചറിയാൻ അവരെ മർദ്ദിച്ചു,’ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മർദനം കൈവിട്ടുപോയെന്നും ഗുരുതരമായി പരിക്കേല്പിച്ചു എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമകാരികൾ ഇരുവരെയും ഹരിയാന പൊലീസിന് കൈമാറാൻ ശ്രമിച്ചുവെങ്കിലും പൊലീസ് അവരെ മടക്കി അയച്ചു എന്നും ആരോപണം ഉണ്ട്.
‘ഫിറോസ്പുർ ജിർക്കയിൽ വച്ച് ജുനൈദ് ആദ്യം തന്നെ കൊല്ലപ്പെട്ടു. ബിവാനിയിൽ വച്ച് നാസിറിനെ മർദ്ദിക്കുകയും കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് തെളിവ് നശിപ്പിക്കാൻ ഇരുവരുടെയും ശരീരങ്ങളും വാഹനവും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അറസ്റ്റിലായ രണ്ട് പേർ ഇക്കാര്യം പറഞ്ഞിരുന്നു,’ ഭരത്പൂർ പരിധിയിലെ ഐ.ജി ആയിരുന്ന ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.
മോനു മനേസറിന് പല നെറ്റ്‌വർക്കുകളുമായും ബന്ധമുണ്ടെന്നും അതുകൊണ്ടാണ് അയാൾ ഇത്രയും നാൾ പിടിയിലാകാതിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരാഖണ്ഡിലും ഹരിയാനയിലും ഉത്തർപ്രദേശിലും രണ്ടുമൂന്ന് മാസം മാറിത്താമസിച്ച ഇയാൾ ഒരാഴ്ച തായ്‌ലൻഡിലും ഉണ്ടായിരുന്നു.
താൻ പൊലീസിന്റെ കണ്ണുവെട്ടിക്കുകയല്ല എന്നും തീർത്ഥാടനത്തിലാണെന്നും മേയ് മാസത്തിൽ അവകാശപ്പെട്ടിരുന്നു.
‘ഞാൻ എങ്ങും പോയിട്ടില്ല. ഞാൻ വിവിധ സംസ്ഥാനങ്ങളിലുള്ള ക്ഷേത്രങ്ങൾ ദർശിക്കുകയാണ്. ഒരു തെറ്റും ചെയ്യാത്തിടത്തോളം ഞാൻ എന്തിന് പൊലീസിൽ നിന്ന് ഒളിക്കണം?’ അയാൾ അന്ന് പറഞ്ഞിരുന്നു.
ജൂലൈ 29ന്, ഹരിയാനയിലെ നൂഹിലുള്ള ബ്രിജ്മണ്ഡൽ ജലഭിഷേക് യാത്രയെ ഉദ്ദേശിച്ചുകൊണ്ട് താൻ യാത്രയിൽ പങ്കെടുക്കുമെന്ന് പറഞ്ഞ് ഒരു വീഡിയോ ഇയാൾ വാട്സാപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തിരുന്നു. ബജ്റംഗ് ദളിലെയും വി.എച്ച്.പിയിലെയും നേതാക്കൾ യാത്ര ഒഴിവാക്കാൻ ആവശ്യപ്പെട്ടതിനാൽ ഇയാൾ യാത്രയിൽ പങ്കെടുത്തിരുന്നില്ല.
Content Highlight: Cow vigilantes circulated victims’ details week before killings: Police