|

ആല്‍വാറില്‍ വീണ്ടും ഗോ സംരക്ഷകരുടെ ആള്‍കൂട്ട ആക്രമണമെന്ന് റിപ്പോര്‍ട്ട്; മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: പശുകടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ വീണ്ടും ആള്‍കൂട്ട ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചേയായിരുന്നു സംഭവം. മതിയായ രേഖകളുമായി പോകുകയായിരുന്ന പിക്ക്അപ് വാനിനെ ഗോരക്ഷകര്‍ പിന്തുടരുകയും വണ്ടി അപകടത്തില്‍പ്പെടുകയും ചെയ്തു.

മൂന്നു പശുക്കളും രണ്ടു കിടാക്കളുമായി പോകുകയായിരുന്ന പിക്ക്അപ് വാന്‍ ഗോരക്ഷകര്‍ പിന്തുടര്‍ന്നതോടെ അപകടത്തില്‍പ്പെട്ടത്.അപകട സ്ഥലത്ത് എത്തിയ പൊലീസ് പരുക്കേറ്റവരെ ആല്‍വര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പരിക്കേറ്റവരെ ആള്‍കുട്ടം മര്‍ദ്ദിച്ചതായി ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയ്പുരിലെ ചന്തയില്‍നിന്നു 90,000 രൂപയ്ക്കു മൂന്നു പശുക്കളെയും രണ്ടു കിടാക്കളെയും ഇവര്‍ വാങ്ങിയത്. 600 രൂപ ജയ്പ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നികുതി അടയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പരുക്കേറ്റവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത് ‘പ്രഥമദൃഷ്ട്യാ ഇത് ആള്‍കൂട്ടം മര്‍ദ്ദിച്ചതായി തോന്നുന്നില്ല. കന്നുകാലികളെ വാങ്ങുന്നതിനായി അവരില്‍ നിന്ന് ഒരു രസീതും ഞങ്ങള്‍ കണ്ടെത്തിയില്ല. പശു കള്ളക്കടത്തിന് രാജസ്ഥാന്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നാണ ആല്‍വാര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു.

അതേസമയം പരിക്കേറ്റ രണ്ടുപേരുടെയും ബന്ധുക്കള്‍ ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ രസീത് പൊലീസിനെ കാണിച്ചിരുന്നു. മിനി ട്രക്കില്‍ പരിക്കേറ്റവരില്‍ ഒരാളായ ഭരത്പൂരിലെ പഹാരി നിവാസിയായ അല്‍താഫിന്റെ പേരിലാണ് രസീത് നല്‍കിയിരിക്കുന്നത്.

DoolNews Video

Video Stories