ന്യൂദല്‍ഹി: ആഗോളതലത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസിനെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് മാറ്റാമെന്ന് ഹിന്ദുമഹാസഭ ദേശീയാധ്യക്ഷന്‍ ചക്രപാണി മഹാരാജ്. നോവല്‍ കൊറോണ വൈറസിനെ കൊല്ലാനും ലോകത്ത് അത് കൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനും പ്രത്യേക യാഗം നടത്തുമെന്നും ചക്രപാണി പറഞ്ഞു.
‘ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് രോഗം പരത്തുന്ന കൊറോണ വൈറസിനെ തടയും. ഓം നമഃ ശിവായ ചൊല്ലി ദേഹത്ത് ചാണകം തേച്ചു പുരട്ടൂ, രക്ഷപ്പെടും. ഒരു പ്രത്യേക യാഗവും പെട്ടെന്നു തന്നെ വൈറസിനെ കൊല്ലാനായി നടത്തുന്നുണ്ട്,’ ചക്രപാണി പറഞ്ഞു.
കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ 200 കടന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ പല ഭാഗങ്ങളിലായി 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.