| Wednesday, 30th October 2019, 9:20 pm

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹലു ഖാനെതിരായ പശുക്കടത്ത് കേസ് കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഗോരക്ഷാ അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹലു ഖാനും മക്കള്‍ക്കും ഡ്രൈവര്‍ക്കുമെതിരായ പശുക്കടത്ത് കേസ് കോടതി തള്ളി. തെളിവില്ലെന്ന് കാണിച്ചാണ് രാജസ്ഥാന്‍ ഹൈക്കോടതി കേസ് തള്ളി കളഞ്ഞത്.

ജസ്റ്റിസ്  പങ്കജ് ഭണ്ഡാരിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് തള്ളിയത്. രണ്ട് വര്‍ഷം മുമ്പാണ് പെഹലു ഖാനെ പശുകടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്.

അതേസമയം പെഹലു ഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളെയും നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്ന് വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊലീസിന്റെ കേസന്വേഷണത്തിലെ അപാകതകളും പരിമിതികളും കണ്ടെത്താന്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിധി വന്ന് ഒരു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ഓഗസ്റ്റിലാണ് ആറ് പ്രതികളെയും വെറുതെവിടുന്നെന്ന് അല്‍വാര്‍ വിചാരണക്കോടതി വിധി പറഞ്ഞത്. വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികളെ വെറുതെ വിടുന്നതെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ കേസില്‍ ഇടപെട്ടത്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തായിരുന്നു പൊലീസിന്റെ കേസന്വേഷണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ അന്വേഷണങ്ങളില്‍ അപൂര്‍ണതയുണ്ടെന്ന് അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്. പെഹലു ഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ തെളിവായി ഹാജരാക്കിയില്ലെന്നും കാര്യങ്ങള്‍ വേണ്ട രീതിയില്‍ രേഖപ്പെടുത്തുകയോ ശരിയായ നിയമ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.

ഹരിയാന സ്വദേശിയായ പെഹലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോരക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more