| Tuesday, 31st July 2018, 12:27 pm

ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റം: രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്നായിരുന്നു എം.എല്‍.എയുടെ വാക്കുകള്‍.

അല്‍വാര്‍ ജില്ലയിലെ രാംഗറിലെ എം.എല്‍.എ കൂടിയാണ് ഗ്യാന്‍ ദേവ് അഹൂജ. “”തീവ്രവാദികള്‍ ഒരുപക്ഷേ രണ്ടോ മൂന്നോ നാലോ പേരെയാവും കൊലപ്പെടുത്തുക. എന്നാല്‍ പശുക്കളെ കൊല്ലുന്നത് ആയിരക്കണക്കിന് ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നതാണ്.

അമ്മമാരോട് ഇത്തരത്തില്‍ പെരുമാറുന്നത് അനുവദിക്കുന്ന രാജ്യമല്ല ഇന്ത്യ. അത് തീവ്രവാദത്തേക്കാള്‍ ക്രൂരമായ കുറ്റകൃത്യമാണ്. പശുവിനെ നമ്മള്‍ സ്വന്തം അമ്മയായാണ് കാണുന്നത്””- ഗ്യാന്‍ ദേവ് അഹൂജ പറയുന്നു.

തീവ്രവാദത്തിന്റെ അതേ സ്വഭാവമുള്ള വിഭാഗത്തില്‍ തന്നെ ഗോഹത്യയും ഉള്‍പ്പെടുത്തുമെന്നും സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസിന് ഇത്തരം കേസുകളുടെ ചുമതല നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.


“ഞാന്‍ ഇരയല്ല, പോരാളിയാണ്” ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ മുഖം അഹദ് തമീമി സംസാരിക്കുന്നു


പശുക്കളെ കടത്തുന്നവരെ കയ്യില്‍ കിട്ടിയാല്‍ ആദ്യം അവര്‍ക്ക് നല്ല അടി നല്‍കണമെന്നും അതിന് ശേഷം മരത്തില്‍ കെട്ടിയിടണമെന്നും ഇതിന് പിന്നാലെ പൊലീസില്‍ അറിയിക്കണമെന്നുമായിരുന്നു ഇദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ ആളുകള്‍ നിയമം കയ്യിലെടുക്കരുത് എന്നാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എം.എല്‍.എയുടെ ന്യായീകരണം.

മൂന്നോ നാലോ അടി കൊടുത്ത ശേഷം മരത്തില്‍കെട്ടിയിടണമെന്നാണ് പറഞ്ഞതെന്നും അത് പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും പൊലീസ് എത്തിക്കഴിഞ്ഞാല്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചോളുമെന്നുമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത്തരം വിവാദമായ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ തന്നെ രംഗത്തെത്തുന്നത്.

We use cookies to give you the best possible experience. Learn more