| Wednesday, 17th July 2019, 10:38 am

യു.പിയില്‍ പശുവിനെ അറുത്ത നിലയില്‍ കണ്ടെത്തിയെന്നാരോപിച്ച് മദ്രസയ്ക്ക് നേരെ ആക്രമണം; ചുറ്റുമതിലും വാതിലുകളും അടിച്ചു തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ മദ്രസയ്ക്ക് നേരെ ആക്രമണം. മദ്രസയുടെ മേല്‍ക്കൂരയും ചുറ്റുമതിലും വാതിലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഫത്തേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ മൂന്നിടങ്ങളായി ബീഫ് കണ്ടെത്തിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തില്‍ പൊലീസ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് പശുവിനെ അറുത്തതിനും മറ്റൊന്ന് മദ്രസ ആക്രമിച്ചതിനുമാണ്.

ഗോഹത്യാനിരോധന നിയമപ്രകാരം മുഷ്താഖ് എന്നയാള്‍ക്കെതിരെയാണ് ഒരു കേസ് എടുത്തിരിക്കുന്നത്. മദ്രസക്ക് നേരെയുണ്ടായ ആക്രമത്തില്‍ തിരിച്ചറിയാത്ത 60 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബെഹ്ത ഗ്രാമത്തിലുള്ള മുഷ്താഖിന്റെ വീടിന് സമീപത്തുനിന്നായി പശുവിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. മുഷ്താഖ് വളര്‍ത്തുന്ന പശുവിനെയായിരുന്നു അറുത്ത നിലയില്‍ കണ്ടെത്തിയത്.

പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്തെ പ്രൈമറി സ്‌കൂളിന് സമീപത്തായുള്ള കുളത്തിന് സമീപം പശുമാംസവും പശുവിന്റെ രണ്ടു കാലുകളും കണ്ടെത്തി. മാംസം പരിശോധിക്കാനായി വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തിയ പൊലീസുകാര്‍ മാംസം ബീഫാണെന്ന് സ്ഥിരീകരിച്ചു.

ഇതിന് ശേഷമാണ് മദ്രസയ്ക്ക് സമീപത്തായി ചത്ത പശുവിന്റെ തല ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത്. മുഷ്താഖിന്റെ വീടിന് സമീപത്തയാണ് മദ്രസയും സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പ്രദേശത്തെ ചിലയാളുകള്‍ മുഷ്താഖിന്റെ വീടിന് നേരെ പ്രതിഷേധം നടത്താന്‍ തുടങ്ങി. മുഷ്താഖാണ് പ്രതിയെന്ന് ആരോപിച്ചായിരുന്നു ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലരുടെ പ്രതിഷേധം.

തുടര്‍ന്ന് മദ്രസയ്ക്ക് നേരെ ഇവര്‍ കല്ലെറിയുകയും മദ്രസയുടെ ചുറ്റുമതില്‍ പൊളിച്ച് അകത്ത് കയറി മദ്രസ തല്ലിത്തകര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രമേശ് പറഞ്ഞു.

എന്നാല്‍ മുഷ്താഖിന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനെ കഴിഞ്ഞ ദിവസം മതപരമായ ചില ചടങ്ങുകള്‍ക്ക് വേണ്ടി വീടിന് സമീപത്തുള്ള ധര്‍മേന്ദ്ര സിങ് എന്നയാള്‍ വാങ്ങിച്ചിരുന്നു. ചടങ്ങിന് ശേഷം മുഷ്താഖിന് തന്നെ പശുവിനെ തിരിച്ചു നല്‍കി. പിറ്റേ ദിവസമാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലീങ്ങളും സൗഹൃദത്തോടെയാണ് കഴിഞ്ഞുപോന്നതെന്നും ഇത്തരം സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പ്രദേശവാസിയായ മഹ്മൂദ് ഖാന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഒരാള്‍ മാത്രമല്ലെന്നാണ് എസ്.പി രമേശ് പ്രതികരിച്ചത്. ഒന്നിലേറെ ആളുകള്‍ ഇതിന് പിന്നിലുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ പൊലീസ് സേനയെ ജില്ലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1200 ആളുകളാണ് ഗ്രാമത്തില്‍ ഉള്ളതെന്നും 60 ശതമാനം പേരും ഹിന്ദുക്കളാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജീവ് സിങ് പറഞ്ഞു. എന്നാല്‍ മദ്രസയ്ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാനോ അദ്ദേഹം തയ്യാറായില്ല. മദ്രസ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമല്ലെന്നും ലോക്കല്‍ ട്രസ്റ്റാണ് മദ്രസ നടത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more