ബീഫ് കൈവശം വെച്ചു; മധ്യപ്രദേശിൽ രണ്ട് പേർക്കെതിരെ എൻ.എസ്.എ പ്രകാരം കേസ് എടുത്തു
India
ബീഫ് കൈവശം വെച്ചു; മധ്യപ്രദേശിൽ രണ്ട് പേർക്കെതിരെ എൻ.എസ്.എ പ്രകാരം കേസ് എടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 8:08 am

ഭോപ്പാൽ: ബലിപെരുന്നാളിന് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ രണ്ട് പേർക്കെതിരെ എൻ.എസ്. എ പ്രകാരം കേസ് എടുത്തു. മധ്യപ്രദേശിലെ മോറോനാ ജില്ലയിലാണ് ബീഫ് കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ്എടുത്തത്.

പശുവിനെ കശാപ്പ് ചെയ്‌തെന്ന പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി നടത്തിയ അന്വേഷണത്തിൽ മോറോനയിലെ നൂറാബാദ് ഗ്രാമത്തിലെ ഒരു ബംഗാളി കോളനിയിലെ വീട്ടിൽ നിന്നും പോത്തിറച്ചി പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചിലർ പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടെന്ന് ഗ്രാമവാസിയായ അനിപാൽ ഗുജ്ജർ പരാതിപ്പെട്ടുവെന്നും തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നണെന്നും പൊലീസ് സബ് ഡിവിഷണൽ ഓഫീസർ ആദർശ് ശുക്ല കൂട്ടിച്ചേർത്തു.

പശുവിനെ കശാപ്പ് ചെയ്തവർ ഇത് കണ്ട അനിപാലിനെ ആക്രമിച്ചെന്നും അവരുടെ വീട്ടിൽ നിന്നും പശുവിന്റെ തോലും മാംസവും ലഭിച്ചുവെന്നാണ് പൊലീസിന്റെ ഭാഷ്യം.

‘പശുവിനെ കശാപ്പ് ചെയ്തവർ അനിപാലിനെ ആക്രമിച്ചു. രക്ഷപ്പെട്ട് ഓടിയ അയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് പശുവിന്റെ തോലിന് പുറമെ രണ്ട് ചാക്ക് എല്ലുകളും പിടിച്ചെടുത്തു,’ പൊലീസ് പറഞ്ഞു.

രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തെന്നും ഒപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും കാസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ അസ്ഗർ, റിതുവ എന്നിവർക്കെതിരെയാണ് എൻ.എസ്.എ പ്രകാരം കേസ് എടുത്തത്.

കൂടാതെ ഒമ്പത് പേർക്കെതിരെ ഗോവധത്തിനും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരവും കലാപം അക്രമം ഭീഷണിപ്പെടുത്തൽ എന്നിവക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ടെന്ന് ശുക്ല പറഞ്ഞു.

പശുവിനെ കശാപ്പ് ചെയ്യുന്ന കുറ്റത്തിന് സംസ്ഥാനത്ത് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കും. കേസിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന മറ്റ് ആറ് ആളുകൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഒരു വ്യക്തി ദേശീയ സുരക്ഷയെ മാനിക്കാതെ എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാൻ വേണ്ടി അയാളെ തടങ്കലിൽ വെക്കാൻ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ അനുമതി നൽകുന്ന നിയമമാണ് ദേശീയ സുരക്ഷാ നിയമം.

 

Content Highlight: Cow slaughter: 2 booked under NSA in Morena, Madhya Pradesh