| Monday, 22nd February 2021, 8:24 am

'ചാണകം താഴെ വീഴാതെ കൈക്കലാക്കിയാല്‍ ഊര്‍ജം വളരെ വലുതായിരിക്കും'; അടിസ്ഥാനമില്ലാത്ത വിവരങ്ങളും തെറ്റുകളും; പശുശാസ്ത്ര പരീക്ഷ മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കാമധേനു പരീക്ഷ മാറ്റിവെച്ചു.
‘കാമധേനു ഗായ് വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍ എക്സാം’ ആണ് മാറ്റിയത്. 25ന് നടത്താനിരുന്ന പരീക്ഷയും 21ന് നിശ്ചയിച്ച മാതൃകാ പരീക്ഷയും മാറ്റിവെച്ചതായാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റില്‍ പറയുന്നത്.

ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ സൗകര്യവും അനുവദിച്ചിരുന്നു. നിലവില്‍ സൈറ്റ് തുറക്കുമ്പോള്‍ പരീക്ഷ മാറ്റിവെച്ചതായാണ് അറിയിപ്പുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് പരീക്ഷമാറ്റിവെച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് നാടന്‍ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ എന്നുപറഞ്ഞ് പരീക്ഷ നടത്തുന്നത്.

തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്നാണ് വൈസ് ചാന്‍സലര്‍മാരോട് യു.ജി.സി ആവശ്യപ്പെട്ടത്. എല്ലാ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും പരീക്ഷ നടത്തണമെന്നും പരമാവധി വിദ്യാര്‍ത്ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും യു.ജി.സി നിര്‍ദ്ദേശമുണ്ട്.

മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷയില്‍ റഫറന്‍സ് രേഖ തയ്യാറാക്കിയിരുന്നു.

ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നാണ് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നത്.

പശുക്കളുടെ വാല്‍ ഉയര്‍ന്ന ആധ്യാത്മിക മണ്ഡലത്തിലേക്ക് എത്താനായുള്ള ആദ്യചുവടായാണ് ഭാരതീയര്‍ കാണുന്നതെന്നാണ് റഫറന്‍സില്‍ പറയുന്നത്.
പശുക്കളെ കൊന്നാല്‍ ഭൂകമ്പമുണ്ടാകുമെന്നും പറയുന്നുണ്ട്.

ഗോമൂത്രം കുഷ്ഠരോഗത്തിന് പരിഹാരമാണെന്നും ചാണകം താഴെ വീഴും മുന്‍പ് തന്നെ കിട്ടിയാല്‍ അതിന്റെ ഊര്‍ജം വളരെ വലുതായിരിക്കുമെന്നും റഫറന്‍സ് രേഖ പറയുന്നു.

അതേസമയം, മലയാളത്തിലുള്ള റഫറന്‍സ് രേഖയില്‍ നിറയെ അക്ഷരത്തെറ്റുകളാണ്. രാഷ്ട്രീയ കാമധേനു ആയോഗ് എന്നതിനുപകരം രാഷ്ട്രീയ ‘കറവധേനു’ ആയോഗ് എന്ന് തലക്കെട്ട് തെറ്റിച്ച് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Cow science’ online exam scheduled for February 25 postponed

We use cookies to give you the best possible experience. Learn more