പ്രയാഗ്‌രാജ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രസ്താവത്തിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്.
ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് എഴുതിയ വിധിപ്രസ്താവത്തിലെ ഒരു നിരീക്ഷണം.
പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കുന്ന നെയ്യ് പൂജകളില്‍ ഉപയോഗിക്കുന്നത് അവയ്ക്ക് സൂര്യരശ്മികള്‍ക്ക് പ്രത്യേക ശക്തി പകരാന്‍ വേണ്ടിയാണെന്നാണ് അടുത്ത നിരീക്ഷണം. ഈ സൂര്യരശ്മികളാണ് മഴയ്ക്ക് കാരണമാകുന്നത് എന്നതുകൂടി പശുവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും ഇതില്‍ പറയുന്നുണ്ട്.
പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യത്തിന് മാരകരോഗങ്ങള്‍ മാറ്റാനുള്ള ശക്തിയുണ്ടെന്നും വിധിയിലുണ്ട്.
ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കോടതി പറഞ്ഞത്.
പശുവിന് മൗലികാവകാശങ്ങള്‍ നല്‍കാനും ദേശീയ മൃഗമായി പ്രഖ്യാപിക്കാനും യു.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കണമെന്നും പറഞ്ഞു. പശുവിന് അപകടംവരുന്ന വിധത്തില്‍ സംസാരിക്കുന്നവരെ ശിക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നും ശേഖര്‍ യാദവ് പറഞ്ഞു.
പശു സംരക്ഷണപ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റെതു മാത്രമല്ല, പശു ഇന്ത്യയുടെ സംസ്‌കാരമാണെന്നും സംസ്‌കാരം സംരക്ഷിക്കുന്ന ജോലി രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെതാണെന്നും കോടതി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cow only animal that inhales, exhales oxygen, Allahabad HC Judge