| Wednesday, 8th May 2019, 10:21 am

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദല്‍ഹിയില്‍ പശുവിന്റെ പേരില്‍ കലാപ ശ്രമം; ജനങ്ങള്‍ തടിച്ചുകൂടുന്നു, അടിയന്തര നടപടിക്ക് ശ്രദ്ധ ക്ഷണിച്ച് കാരവന്‍ എഡിറ്ററുടെ ഫേസ്ബുക്ക് കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദല്‍ഹിയില്‍ കലാപത്തിനു ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരിയിലാണ് കലാപത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന സൂചന വിനോദ് കെ ജോസ് നല്‍കുന്നത്.

ത്രിലോക്പുരിയില്‍ സഞ്ജയ് തടാകത്തിനു സമീപം പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ കലാപത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്.

തടാകത്തിനു ചുറ്റും വന്‍ ജനക്കൂട്ടം തടിച്ചു കൂടുന്നുണ്ടെന്നും ഇവരില്‍ പലരും പശു ചത്തതിനോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും വിനോദ് കെ ജോസ് പറയുന്നു.

എന്നാല്‍ സംഭവ സ്ഥലത്ത് ആകെ നാല് വാന്‍ പൊലീസുകാര്‍ മാത്രമാണ് എത്തിയിട്ടുള്ളതെന്നും വിനോദ് കെ ജോസ് പറയുന്നു. ദല്‍ഹി പൊലീസ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അടിയന്തര നടപടിക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് വിനോദ് കെ ജോസ്. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടക്കാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.

2014 ഒക്ടോബറില്‍ ത്രിലോക്പുരി മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ദീപാവലി ദിവസം രാത്രി മുതലായിരുന്നു ഇവിടെ അക്രമസംഭവങ്ങള്‍ തുടങ്ങിയിരുന്നത്.

അക്രമസംഭവങ്ങളില്‍ 13 പോലീസുകാര്‍ ഉള്‍പ്പെടെ 14 ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റതാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 60 ലധികം ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ജനക്കൂട്ടം നിരവധി കടകളും വാഹനങ്ങളും തകര്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.

നിരവധി ബ്ലോക്കുകളിലും ലൈനുകളിലുമായി ആളുകള്‍ തിങ്ങി നിറഞ്ഞ പ്രദേശമാണിത്. 15, 16, 17, 18, 19, 20, 22, 28, 29 ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നത്.

We use cookies to give you the best possible experience. Learn more