ന്യൂദല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ട്രോളി സോഷ്യല്‍ മീഡിയ. മലയാളികള്‍ പശുശാസ്ത്രത്തില്‍ പരീക്ഷയെഴുതിയാല്‍ എങ്ങനെയിരിക്കുമെന്ന ട്രോളുകളും വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
ദേശീയ പശുശാസ്ത്ര പരീക്ഷയ്ക്ക് പോയ മല്ലൂസ് ബീഫ് ഉലര്‍ത്തിയതിന്റെ റെസിപ്പി എഴുതിവയ്ക്കുന്ന രീതിയുള്ള ട്രോളുകളാണ് പുറത്തുവരുന്നത്.
പശുശാസ്ത്ര പരീക്ഷയില്‍ വിജയിച്ചു കഴിയുന്നവര്‍ക്ക് ഡോ. പശുപതി പട്ടം ലഭിക്കുമെന്ന തരത്തിലുള്ള ട്രോളുകളും പുറത്തുവരുന്നുണ്ട്.
ഓക്‌സിജന്‍ പുറത്തു വിടുന്ന മൃഗം ഏത്..? പ്ലൂട്ടോണിയം ഉള്ള അപ്പി…..? പുരാതന കാലത്തു കൊമ്പ് ആന്റിന ആക്കിയ മൃഗം…? സ്വര്‍ണ്ണം വേര്‍തിരിച്ച് എടുക്കാന്‍ പറ്റിയ മൂത്രം..? ഇതൊക്കെയാവും പരീക്ഷയിലെ ചോദ്യങ്ങള്‍ എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ വര്‍ഷവും പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയയാണ് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 25 നാണ് പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞിരുന്നു.
കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ എക്സാമിനേഷന്‍’ എന്നാണ് പരീക്ഷയുടെ പേര്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റില്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
വിചിത്രവും അശാസ്ത്രീയവുമായ സിലബസാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്യുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു, നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണാംശമുണ്ട് തുടങ്ങിയ വിചിത്രവിവരങ്ങളാണ് ദേശീയ പശുശാസ്ത്ര പരീക്ഷയ്ക്കായി പുറത്തിറക്കിയ സിലബസില്‍ പറയുന്നത്.
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചാണകത്തിന്റെ ആവരണമുള്ള ചുമരുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണെന്നും സിലബസില്‍ അവകാശപ്പെടുന്നു.
നാടന്‍ പശുക്കള്‍ സമര്‍ത്ഥരാണെന്നും വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഇരിക്കില്ലെന്നും എന്നാല്‍ ജഴ്സി പശുക്കള്‍ മടിയന്‍മാരാണെന്നും സിലബസില്‍ പറയുന്നുണ്ട്. അപരിചിതരായ ആളുകള്‍ വരുമ്പോള്‍ നാടന്‍ പശുക്കള്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ജഴ്സി പശുക്കള്‍ക്ക് യാതൊരു വികാരവുമുണ്ടാകില്ലെന്നും സിലബസില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക