തൃശൂര്‍: ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചുവളരുമെന്ന് സുരേഷ് ഗോപി എം.പി.
ഒരു വീട്ടില്‍ ഒരു തെങ്ങിന്‍തൈ എന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.
അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്നും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു. തെങ്ങിനെ തഴുകി സ്നേഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ടെന്നും അതിലൊന്നും താന്‍ കൈവയ്ക്കില്ലെന്നും പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണമെന്നും അപ്പോള്‍ വളമായി ചാണകമിട്ട് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
” ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടിവെച്ചു പാട്ടൊക്കെ വെച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും,” സുരേഷ് ഗോപി പറഞ്ഞു.
തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കുമെന്നും കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കുറ്റ്യാടി തെങ്ങിന്‍ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.