തൃശൂര്‍: പശുവിനെ പൂജിക്കുന്നവര്‍ എന്തുകൊണ്ടാണ് കാളയെ പണിക്കുവിടുന്നതെന്ന് പ്രശസ്ത മറാഠി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്‌വാദ്. കാള പിതാവല്ലേയെന്നും ഗെയ്ക് വാദ് ചോദിക്കുന്നു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മൃഗങ്ങള്‍ വിശുദ്ധിയുള്ളതാവുകയും മാംസം ഭക്ഷിക്കുന്നത് കുറ്റകരമാകുകയും ചെയ്യുന്ന മോശപ്പെട്ട കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മനുഷ്യര്‍ക്ക് കിട്ടാത്തത് എന്തുകൊണ്ടെന്നാണ് മനുഷ്യപക്ഷത്തുനില്‍ക്കുന്നവര്‍ ചോദിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രം സ്വാതന്ത്ര്യം ലഭിച്ച ക്രിമിനല്‍ ആദിവാസികളെന്ന് അധിക്ഷേപിക്കുന്ന സമൂഹത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഞങ്ങള്‍ പന്നിയേയും എലിയേയും മറ്റും തിന്നുന്നവരായത് പട്ടിണി നിലനില്‍ക്കുന്നതുകൊണ്ടാണ്. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ പന്നികള്‍ ദൈവത്തിന്റെ അവതാരമാണെന്നാണ് പറയുന്നത്. തങ്ങളുടെ ഭക്ഷണം പോലും നിഷേധിക്കുന്ന വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. പശുവിറച്ചി മാത്രം കഴിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നു. ഇത് ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയാണ്.
അത് അധികാരവുമാണ്.
പട്ടിണിയെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അതേസമയം ജനം എന്തുകഴിക്കണമെന്ന്് അവര്‍ നിശ്ചയിക്കുന്നു. എഴുത്തുകാര്‍ എപ്പോഴും സത്യം പറയുന്നവരാകണം. എത്ര എഴുതിയിട്ടും ഇന്ത്യയിലെ ജാതി ജീര്‍ണതകളും അയിത്തവും നിലനില്‍ക്കുകയാണ്. ദളിത് ആദിവാസി വിഭാഗങ്ങളിലും ആദിവാസി ഊരുകളിലും പട്ടിണി മരണങ്ങള്‍ നടക്കുമ്പോള്‍ സന്യാസിമാര്‍ ശതകോടീശ്വരന്‍മാര്‍ ആകുന്ന സ്ഥിതിയാണ് ഇന്ത്യയില്‍. സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്ന വ്യവസ്ഥയാണ് എഴുത്തുകാര്‍ സ്വ്പ്‌നം കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതവും രാഷ്ട്രീയവും രണ്ടാകണം. എന്നാല്‍ ഇപ്പോള്‍ മതം തന്നെ രാഷ്ട്രീയത്തിന്റെ സ്ഥാനം കൈയടക്കുകയാണ്. മതം മനുഷ്യനെ ഒന്നിപ്പിക്കുകയല്ല ഭിന്നിപ്പിക്കുകയാണ്. തമ്മില്‍ തമ്മില്‍ അകറ്റുകയാണ്. മതവും രാഷ്ട്രീയവും ഒന്നാകുമ്പോള്‍ ഭീകരവാദത്തിന് വഴിയൊരുക്കും. മതാധികാരം മാറാന്‍ തയ്യാറല്ലാത്തതിനാണ് അയിത്താചരണം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ കഴുതയെ ദേശീയമൃഗമായി പ്രഖ്യാപിക്കും. കഴുത ഏതെങ്കിലും പ്രത്യേക ജാതിയില്‍ ഉള്‍പ്പെടുന്നില്ല. എന്നുമാത്രമല്ല വിശുദ്ധിയുമില്ല. ഏറ്റവും ക്ഷമയോടെ ജോലി ചെയ്യുന്ന മൃഗവുമാണ് കഴുതയെന്നും അദ്ദേഹം പറയുന്നു.