ലഖ്‌നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്ത് ഒരുവിഭാഗം മുസ്‌ലിം പുരോഹിതര്‍.
ഹൈക്കോടതിയുടെ നിരീക്ഷണം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് മുസ്‌ലിം വ്യക്തിഗത നിയമ ബോര്‍ഡ് അംഗവും പ്രമുഖ സുന്നി പുരോഹിതനുമായ മൗലാന ഖാലിദ് റാഷിദ് ഫിരംഗി മഹാലി ആവശ്യപ്പെട്ടു.
” ഹൈക്കോടതി നിരീക്ഷണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാലങ്ങളായി ഞങ്ങള്‍ ഈ രാജ്യത്ത് സൗഹാര്‍ദ്ദത്തോടും സാഹോദര്യത്തോടും ജീവിക്കുന്നു. മുഗള്‍ ഭരണാധികാരി ബാബര്‍ പോലും തന്റെ പിന്‍ഗാമിയും മകനുമായ ഹുമയൂണിനോട് ഹിന്ദു വികാരങ്ങളെ മാനിക്കണമെന്നും ഗോഹത്യ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു, ഖാലിദ് പറഞ്ഞു.
ഏതെങ്കിലും മൃഗത്തിന് വിശ്വാസവുമായി ബന്ധമുണ്ടെങ്കില്‍ അതിനെ ഉപദ്രവിക്കരുതെന്ന് തങ്ങള്‍ ഇതിനകം ഉറച്ച് വിശ്വാസിക്കുന്നെന്നും മറ്റ് മതങ്ങളുടെ വികാരം വ്രണപ്പെടുത്തുകയാണെങ്കില്‍ ഗോഹത്യ നിരോധിക്കണമെന്നാണ് ഇസ്‌ലാമിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും യഥാര്‍ത്ഥ സന്ദേശമെന്നും ഓള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ യാസൂബ് അബ്ബാസ് പറഞ്ഞു.