| Wednesday, 26th May 2021, 5:37 pm

ആദ്യത്തെ ഡോസ് കൊവിഷീല്‍ഡ്, രണ്ടാമത് കൊവാക്‌സിന്‍; യു.പിയില്‍ ഗ്രാമീണര്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയിയില്‍ ഒരാള്‍ക്ക് തന്നെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡും കൊവാക്‌സിനും നല്‍കിയതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന യു.പിയിലെ സിദ്ധാര്‍ത്ഥ് നഗറിലാണ് സംഭവം.

പ്രദേശത്തെ 20 പേര്‍ക്ക് കൊവിഷീല്‍ഡും കൊവാക്‌സിനും മാറി നല്കിയെന്നാണ് പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു.

വാക്‌സിനെടുത്ത ആര്‍ക്കും തന്നെ യാതൊരു പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ലക്‌നൗവില്‍ നിന്ന് അകലെയുള്ള ഗ്രാമമാണ് സിദ്ധാര്‍ത്ഥ് നഗര്‍. ഇവിടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന വാക്‌സിനേഷനിലാണ് ഈ അപാകത സംഭവിച്ചത്. ഏപ്രില്‍ ആദ്യവാരം കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടാം തവണ കൊവാക്‌സിന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

‘ഇത് ശരിക്കും മേല്‍നോട്ടക്കുറവാണ്. വാക്‌സിന്‍ മിക്‌സ് ചെയ്ത് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്ല. വിഷയത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തും. വാക്‌സിനേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും’, സിദ്ധാര്‍ത്ഥ് നഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി പറഞ്ഞു.

രാജ്യത്ത് വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

അതേസമയം, രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫൈസറും മൊഡേണയും ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത വാക്‌സിനുകള്‍ രാജ്യത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് ഉപയോഗാനുമതി തേടി ഫൈസര്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്‌സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്‌സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.

ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ട് സമീപിക്കുകയും കേന്ദ്ര ഇടപെടണമെന്ന് ഫൈസര്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് കേന്ദ്രം പ്രതിസന്ധിയില്‍ ആയത്. ഇതോടെ ഫൈസറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ ഫൈസറുമായോ മൊഡേണയുമായോ ഇന്ത്യയ്ക്ക് കരാറുകളൊന്നുമില്ല. അതേസമയം, ഇരു കമ്പനികളില്‍ നിന്നും 2023 വരെ വാക്‌സിനുവേണ്ടി ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയുമാണ്. ഇന്ത്യ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല.
ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്‌സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Villagers Get Mixed Shots In UP Government Hospital

We use cookies to give you the best possible experience. Learn more