| Monday, 21st December 2020, 8:32 pm

ഒന്നുകില്‍ കൊറോണ കടിക്കും അല്ലേല്‍ ഷിഗല്ല പിടിക്കും; സൂക്ഷിച്ചാല്‍ പിന്നേം സൂക്ഷിക്കാന്‍ ആള് ബാക്കീണ്ടാവും : ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നു

ഡോ. ഷിംന അസീസ്

വൈറസുകളുടെ ജനിതകഘടന സദാ മാറ്റങ്ങള്‍ക്ക് വിധേയമാണ്. എക്കാലവും ഇവിടെ വൈറസുകളുടെ പല ‘വേര്‍ഷന്‍’ പുറത്തിറങ്ങിയിട്ടുണ്ട്. ‘മ്യൂട്ടേഷന്‍’ എന്ന ഈ പ്രതിഭാസം പുതിയതല്ല, അപ്രതീക്ഷിതമല്ല, അതിലൊരു അദ്ഭുതവുമില്ല.

നമ്മളും നമ്മുടെ മുന്‍തലമുറകളേറെയും കണ്ടിട്ടില്ലാത്ത ഒരൂ ഭൂലോകദുരന്തമെന്ന് തന്നെ വിളിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് SARS Corona Virus 2 ഉണ്ടാക്കുന്ന Corona VIrus Disease 2019. ഇതുണ്ടാക്കുന്ന വൈറസിന്റെ സ്വഭാവം മാറ്റുന്ന പുതിയ മ്യൂട്ടേഷന്‍ കുറച്ച് കരുതലോടെ ഇരിക്കേണ്ട ഒന്ന് തന്നെയാണ്.

2020ല്‍ നമ്മളെ പിടിച്ച് കെട്ടിയിട്ട കോവിഡ് 19 വൈറസിനേക്കാള്‍ 70 ശതമാനം പരക്കാന്‍ ശേഷിയുള്ള പുതിയ വകഭേദത്തെ തല്‍ക്കാലം നമ്മുടെ നാട്ടില്‍ കണ്ടെത്തിയിട്ടില്ല. ബ്രിട്ടന്‍, ഓസ്ട്രേലിയ, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, ഇറ്റലി തുടങ്ങിയയിടങ്ങളിലെല്ലാം ഈ പുതിയ സ്ട്രെയിന്‍ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ലോകത്താകമാനം പതിനേഴിന് ലക്ഷത്തിന് മീതെയും ഇന്ത്യയില്‍ ഒന്നര ലക്ഷത്തിനടുത്തും കോവിഡ് മരണങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. രോഗം വന്ന് പോയവരില്‍ പലരും ഇന്നും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടേയിരിക്കുന്നു.

ഇവിടെ നമുക്ക് ചെയ്യാനാവുന്നത്, ജാഗ്രത തുടരുക എന്നതാണ്. കൊറോണ ഒരു കളിതമാശയല്ല. മനസ്സിലാക്കിയിടത്തോളം, വാക്സിന്‍ ലഭിച്ചാല്‍ ഈ തരത്തിലുള്ള രോഗാണുവിനെയും തുരത്താന്‍
കഴിഞ്ഞേക്കും. ഓര്‍മ്മിപ്പിക്കാനുള്ളത്, വാക്സിന്‍ ലഭിച്ചവരും രോഗം വന്ന് പോയവരും ‘I am safe’ എന്ന് കരുതി കൂളായിരിക്കേണ്ട എന്നതാണ്. കൊറോണ വന്നവര്‍ക്ക് വീണ്ടും വരുന്നുണ്ട്, അങ്ങനെ വന്ന പലരും ഏറെ സങ്കീര്‍ണതകളിലേക്ക് പോകുന്നുമുണ്ട്. അതില്‍ പ്രായലിംഗഭേദങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.

വളരെ ചുരുക്കി പറഞ്ഞാല്‍, കൈ കഴുകുക, മാസ്‌കിടുക, അകലം പാലിക്കുക. കോവിഡിന് എന്നെങ്കിലും ഒരറുതി വരുമ്പോ നമുക്ക് നല്ലോണം അങ്ങോട്ടും ഇങ്ങോട്ടും നോക്കി മാസ്‌കില്ലാതെ ചിരിക്കാം, കൈയില്‍ പിടിക്കുകേം കെട്ടിപ്പിടിക്കുകേം ഒക്കെ ചെയ്യാം.

ഈ എടങ്ങേറ് പിടിച്ച പുതിയ സാധനം എവിടെയൊക്കെ ഉണ്ടെന്നറീല. വിദേശവിമാനങ്ങള്‍ ഇപ്പഴും തലക്ക് മീതേ പറക്കുന്നുണ്ട്. പണി ചിലപ്പോ പാളിയേക്കും. കൊറോണേടെ കൂടെ തോളില്‍ കൈയിട്ട് ഷിഗല്ലയും ഈ റൂട്ടില്‍ സര്‍വ്വീസ് ചെയ്യുന്നത് ഏവരും അറിഞ്ഞ് കാണുമല്ലോ.

ഷിഗല്ല ജീവന് അപകടകരമായേക്കാവുന്ന ഒരിനം വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയയാണ്. ഈ രോഗാണു ശരീരത്തില്‍ എത്തിയാല്‍ മലത്തില്‍ രക്തവും കഫവും കണ്ടേക്കാം. കടുത്ത വയറിളക്കം, വയറുവേദന, പനി തുടങ്ങി അപസ്മാരം മുതല്‍ മരണം വരെയുണ്ടാകാം. കൈകള്‍ സമയമെടുത്ത് സോപ്പിട്ട് പതപ്പിച്ച് കഴുകുക (വീണ്ടാമതും), തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, വീടിന് പുറമേ നിന്നുള്ള സാലഡുകളും തുറന്ന് വെച്ച വിഭവങ്ങളും പാടേ ഒഴിവാക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക എന്ന കാര്യങ്ങളും ശ്രദ്ധിക്കുകയാണ് പ്രതിരോധമാര്‍ഗം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

മൊത്തത്തില്‍ നമ്മുടെ ടൈം ബെസ്റ്റ് ടൈമാണേ… ഒന്നുകില്‍ കൊറോണ കടിക്കും അല്ലേല്‍ ഷിഗല്ല പിടിക്കും എന്നതാണ് സ്ഥിതി. അത് കൊണ്ട് സൂക്ഷിച്ചാല്‍ പിന്നേം സൂക്ഷിക്കാന്‍ ആള് ബാക്കീണ്ടാവും എന്നതോര്‍ക്കുക.

2020 വര്‍ഷമോ കൈയ്യീന്ന് പോയി, 2021നമുക്ക് തിരിച്ച് പിടിക്കാനാകട്ടെ… ആഘോഷങ്ങളും അവധികളും അകലത്ത് നിന്ന് അടുക്കുന്നവയാകട്ടെ…
കരുതലോടെയിരിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights:  Dr. Shimna Aziz writes about Covid19 virus mutation and Shigella virus

ഡോ. ഷിംന അസീസ്

We use cookies to give you the best possible experience. Learn more