| Friday, 21st May 2021, 12:23 pm

വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്ന ജെ.പി നദ്ദയുടേയും സ്മൃതി ഇറാനിയുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിനോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടൂള്‍കിറ്റ് വിവാദത്തില്‍ വ്യാജരേഖകള്‍ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടേതുമടക്കമുള്ള നേതാക്കളുടെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കോണ്‍ഗ്രസ്. നേരത്തെ സംഭവത്തില്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, വക്താവ് സംപിത് പത്ര എന്നിവരുടെ അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ട്വിറ്ററിനോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്നും ആളുകളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റമാണെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ വിഭാഗം തലവന്‍ രോഹന്‍ ഗുപ്ത പറഞ്ഞു.

സംഭവത്തില്‍ ട്വിറ്റര്‍ സ്വതന്ത്രവും വിശദവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗവേഷക വിഭാഗത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും രോഹന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. സംപിത് പത്രയുടെ ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം. നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം. ടൂള്‍കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സെന്‍ട്രല്‍ വിസ്തയുടെയും പേരില്‍ മോദിയെ വിമര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്ന് പത്ര ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഗവേഷണ വിഭാഗം പുറത്തിറക്കിയ രേഖകളാണെന്ന് വ്യക്തമാക്കി സംപിത് പത്ര രേഖകള്‍ പുറത്തുവിടുകയായിരുന്നു.

മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ടൂള്‍ കിറ്റെന്നായിരുന്നു വിമര്‍ശനം. മഹാമാരിയുടെ സമയത്ത് അവസരം മുതലെടുത്ത് മോദിയുടെ പ്രതിച്ഛായ തകര്‍ക്കലാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യമെന്നായിരുന്നു ട്വീറ്റ്. കൊവിഡിന്റെ വകഭേദത്തെ മോദിയെന്ന് വിളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും പത്ര ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Covid19 Toolkit case: Congress writes to Twitter seeking suspension of JP Nadda, Smriti Irani’s accounts

We use cookies to give you the best possible experience. Learn more