2022 ലും ജീവിതം സാധാരണനിലയിലെത്തില്ല; വാക്സിന്‍ കണ്ടെത്തിയാലും കൊവിഡ് കൂടെയുണ്ടാകും: ലണ്ടന്‍ റോയല്‍ സൊസൈറ്റി റിപ്പോര്‍ട്ട്
Covid19
2022 ലും ജീവിതം സാധാരണനിലയിലെത്തില്ല; വാക്സിന്‍ കണ്ടെത്തിയാലും കൊവിഡ് കൂടെയുണ്ടാകും: ലണ്ടന്‍ റോയല്‍ സൊസൈറ്റി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 7:50 am

ലണ്ടന്‍: കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ സാധാരണനിലയിലേക്ക് ലോകത്തെ എത്തിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത മാര്‍ച്ചില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വാക്‌സിന്‍ എല്ലാവരിലേക്കുമെത്താന്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ എടുക്കാം. അതിനര്‍ഥം 2022 ലും ലോകം സാധാരണ ജീവിതത്തിലേക്ക് എത്തില്ലെന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ഗുരുതരമായി വെല്ലുവിളികളുണ്ട്. നിര്‍മ്മാണത്തിലും, സംഭരണത്തിനുമുള്ള തടസ്സങ്ങള്‍, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന വെല്ലുവിളി.

കൊറോണയെ നിയന്ത്രിക്കാന്‍ വാക്‌സിന്‍ കൊണ്ടു മാത്രം കഴിയില്ലെന്നും ജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കുറച്ചുനാള്‍ കൂടി തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ലോകത്ത് പ്രവര്‍ത്തിക്കുകയാണ്. ഈ വര്‍ഷം ഫലപ്രദമായ വാക്‌സിന്‍ നിര്‍മ്മാണം കണ്ടെത്തിയാല്‍ വാകിസിനേഷന്‍ അടുത്തവര്‍ഷമാദ്യം മാത്രമേ ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെയുളള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി നാല്‍പ്പത്തിനാലുലക്ഷം കടന്നു.

ഇതുവരെ 34,464,456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,027,042 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,647,795 ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു. ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേര്‍ മരിച്ചു. 4,212,772 പേര്‍ രോഗമുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Covid19 Spread Continue Till 2022 London Royal Society Report