| Monday, 13th April 2020, 3:02 pm

മുന്ന് വര്‍ഷം മുന്‍പ് കൊറോണയെക്കുറിച്ച്ആലിംഗന തൊഴിലാളിക്ക് ലഭിച്ച ഉള്‍വിളി വെളിപ്പെടുത്താതിരുന്നത് കുറ്റകരമാണോ?

ജെ. രഘു

കൊറോണ ഭീതിമൂലം ലോക പ്രശസ്ത ആലിംഗന തൊഴിലാളി തന്റെ ആലിംഗനഫാക്ടറി ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. സമാന രംഗങ്ങളിലെ തൊഴിലാളികളില്‍ നിന്ന് ഇവരെ ശ്രേഷ്ഠയാക്കുന്നത് തന്റെ തൊഴിലിന് ഇവര്‍ നേരിട്ട് പ്രതിഫലം വാങ്ങുന്നില്ല എന്നതാണ്. വലിയ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമാണ് ഇവരുടെ കസ്റ്റമേഴ്‌സ് എന്നതും ഈ തൊഴിലാളിയെ വ്യത്യസ്തയാക്കുന്നു. പക്ഷേ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും എത്തുന്ന കസ്റ്റമേഴ്‌സിനെ നിരാശരാക്കാന്‍ പാടില്ലല്ലോ. തനിക്ക് സമീപ ഭൂതകാലത്തുണ്ടായ ചില വെളിപാടുകളാണ് ഇപ്പോള്‍ ആലിംഗന തൊഴിലാളി കസ്റ്റമേഴ്‌സിനു നല്‍കുന്നത്.

ഈയടുത്തൊരു ദിവസം മൂന്ന് കൊല്ലം മുമ്പ് തനിക്കുണ്ടായ ഒരു ഉള്‍വിളിയെക്കുറിച്ച് ആലിംഗനമയി വെളിപ്പെടുത്തിയിരിക്കുന്നു. 2020ല്‍ വലിയ കഷ്ടത ഉണ്ടാകുമെന്നായിരുന്നു ആലിംഗനതൊഴിലാളിക്കുണ്ടായ വെളിപാട്. മുക്കാല്‍ ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനും ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടായയതുമായ കൊറോണ മഹാമാരിയെക്കുറിച്ചാണ് ആ വെളിപാട് സൂചിപ്പിക്കുന്നത്.

ഇത്രയും മാരകമായ ഒരു വിപത്തിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തന്റെ അകക്കണ്ണുകള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതെന്തുകൊണ്ട് ഗവണ്‍മെന്റിനെ അറിയിച്ചില്ല എന്ന ചോദ്യം പ്രസക്തമാകുന്നു. സ്വന്തം അനുയായികളും ഭക്തരും ഭരിക്കുന്ന ദല്‍ഹിയിലെ ഭരണകൂടത്തെയെങ്കിലും ആലിംഗനതൊഴിലാളിയ്ക്ക് തനിക്കുണ്ടായ വെളിപാട് അറിയിക്കാമായിരുന്നില്ലേ?

അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചൈനയില്‍ വെച്ചു തന്നെ കൊറോണയെ പിടിച്ചു കെട്ടാമായിരുന്നു. ചൈനയേയും മനുഷ്യരാശിയെ തന്നെയും കൊറോണയെന്ന മഹിഷാസുരന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്ന ക്രെഡിറ്റ് തന്റെ വിശ്വസ്ത ഭക്തനായ നരേന്ദ്ര മോദിയ്ക്ക് ലഭിക്കുമായിരുന്നില്ലേ?

രാവണനെ തോല്‍പ്പിക്കുകയും ശൂദ്രസന്യാസിയായ ശംബൂകാന്റെ തലയരിയുകയും ചെയ്ത രാമനെയും, അര്‍ജുനന്റെ തേരാളിയായതിലൂടെ കൗരവപടയെ ഒന്നടങ്കം യമപുരിക്ക് അയ്ക്കുകയും ഒടുവില്‍ ഭഗവദ്ഗീത പാടുകയും ചെയ്ത കൃഷ്ണനെയും പോലെ മറ്റൊരു അവതാര പുരുഷനാകാനുമുള്ള ചാന്‍സല്ലേ ആലിംഗനതൊഴിലാളി അവര്‍ക്ക് നിഷേധിച്ചത്. കൊറോണയെക്കുറിച്ച് മൂന്ന് വര്‍ഷം മുന്‍പുണ്ടായ ഉള്‍വിളി മറച്ചുവെച്ചതിന്റെ ഏറ്റവും വലിയ നഷ്ടം, അവരെ പാലൂട്ടി വളര്‍ത്തി ഇത്രത്തോളമാക്കിയ സംഘപരിവാറിനും ബി.ജെ.പി സര്‍ക്കാരിനും തന്നെയാണ്. അതിന്റെ നീരസം അവര്‍ക്ക് ഉണ്ടാകാതിരിക്കുമോ?

ഭൂമികുലുക്കം, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദരുന്തങ്ങളെക്കുറിച്ച് ചില മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മുന്‍കൂട്ടി സൂചന ലഭിക്കാറുണ്ട്. അന്തരീക്ഷ താപനില, അന്തരീക്ഷ മര്‍ദ്ദം, വൈദ്യുത-കാന്തതരംഗം, ഗുരുത്വാകര്‍ഷണ മണ്ഡലം എന്നിവയില്‍ ഉണ്ടാകുന്ന അതി സൂക്ഷ്മ തരംഗവ്യതിയാനങ്ങളെ പിടിച്ചെടുക്കാനുള്ള ശേഷി ഈ ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും പരിണാമപരമായി സിദ്ധിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്ത പ്രവചനങ്ങള്‍ക്ക് പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ ഈ മൃഗങ്ങളുടെ പെരുമാറ്റ-ചേഷ്ട വ്യതിയാനങ്ങളെ ഇപ്പോള്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഈ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പരിണാമപരമായി ലഭ്യമായ ഇത്തരം അത്ഭുത സിദ്ധികള്‍ ഒരുപക്ഷേ നമ്മുടെ ആലിംഗന തൊഴിലാളി ധ്യാന-ഭജനകളിലൂടെ ആര്‍ജിച്ചിട്ടുണ്ടാവും. ഇലക്ടോണ്‍ മൈക്രോസ്‌കോപിനു പോലും അത്ര വേഗം കടന്നു ചെല്ലാനാവാത്ത സൂക്ഷ്മാണുവിന്റെ ജനിതകഘടന, ആലിംഗന തൊഴിലാളിയുടെ ദിവ്യ ചക്ഷസ്സുകള്‍ക്ക് മുന്‍പില്‍ വന്ന് ക്യൂനില്‍ക്കും. അതാണവരുടെ ആലിംഗനസിദ്ധി.

എന്നാല്‍ മറ്റൊരു ചോദ്യം അവശേഷിക്കുന്നു.
ഇത്രത്തോളം മാരകമായ ഒരു മഹാദുരന്തത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ അതും മൂന്ന് കൊല്ലം മുന്‍പ് ലഭിച്ചിട്ടും അത് അധികൃതരെ അറിയിക്കാതിരുന്നത് കുറ്റകൃത്യമാണോ? സാധാരണഗതിയില്‍ കുറ്റകൃത്യത്തെയോ കുറ്റവാളികളെയോ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസീല്‍ അറിയിക്കാതിരിക്കുകയോ മറച്ചു വെക്കുകയോ ചെയ്യുന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായി കണക്കാക്കി കേസെടുക്കാമെന്നാണ് ഇന്ത്യയിലെ ശിക്ഷാനിയമം നിഷ്‌കര്‍ഷിക്കുന്നത്.

സംഭവിക്കാനിടയുള്ള കൊറോണയെക്കുറിച്ച് മൂന്ന് വര്‍ഷം മുന്‍പ് തന്നെ വെളിപാട് ഉണ്ടായിട്ടും അത് ഇത്രനാള്‍ മറച്ചു വെച്ചത് കുറ്റകൃത്യമല്ലേ? നിലനില്‍ക്കുന്ന പീനല്‍ കോഡിന്റെ പരിധിയില്‍ വരാന്‍ സാധ്യതയില്ലെങ്കിലും, മാനവികമായ മാനദണ്ഡങ്ങളിലൂടെ നോക്കിയാല്‍ ആലിംഗനതൊഴിലാളി ചെയ്തത് മാനവരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണ്.

എന്നാല്‍ ഈ കൃത്യത്തില്‍ നിന്ന് ആലിംഗനതൊഴിലാളിക്ക് പ്രത്യേക ഇളവ് അനുവദിക്കാവുന്ന ഒരു സാഹചര്യം കൂടിയുണ്ട്. ആലിംഗന തൊഴിലാളിയ്ക്ക് ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളില്‍ ഏതെങ്കിലുമൊന്നിലായിരിക്കും മൂന്ന് വര്‍ഷം മുന്‍പ് കൊറോണയെക്കുറിച്ചുള്ള ഉള്‍വിളികള്‍ ഉണ്ടായത്. സൂക്ഷ്മാവസ്ഥയിലെ ഉള്‍വിളികള്‍ ജാഗ്രവസ്ഥയില്‍ ഓര്‍ത്തെടുക്കാനാവില്ല. സ്വപ്നാവസ്ഥിയിലേതിന് ഒട്ടും വ്യക്തതയുണ്ടാവില്ല. അപ്പോള്‍ ആലിംഗനതൊഴിലാളിക്കുണ്ടായ വെളിപാട് ജാഗ്രാവസ്ഥയിലാണെന്ന് വ്യക്തം. അതുകൊണ്ടാണ് ഇത്ര വ്യക്തതയോടെ അവര്‍ മൂന്ന് കൊല്ലത്തിനു ശേഷവും ഇത് ആവര്‍ത്തിക്കുന്നത്. ഇത്രയും കാലം ഈ വിലപ്പെട്ട വെളിപാടുകള്‍ വെളിപ്പെടുത്താതിരുന്നത് നിലവിലുള്ള നിയമ വ്യവസ്ഥയനുസരിച്ച് കുറ്റകരമല്ലായിരിക്കാം.

പക്ഷേ ഈ ആലിംഗനതൊഴിലാളിയുടെ മൂന്ന് വര്‍ഷം മുന്‍പത്തെ വെളിപെടുകാള്‍ ശാസ്ത്ര ലോകത്തിന് വലിയൊരു മുതല്‍കൂട്ടായ് മാറിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ കഴിവുള്ള മൃഗങ്ങളെ ലോകത്തിലെ പലരാജ്യങ്ങളിലും വളര്‍ത്തുകയും പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ അവയുടെ പെരുമാറ്റ- ചേഷ്ടാ വ്യതിയാനങ്ങള്‍ പഠിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ അത്ഭുതസിദ്ധികളും, പ്രകൃതിദുരന്ത പകര്‍ച്ച വ്യാധികള്‍ പ്രവചിക്കാനും കഴിവുള്ള ഈ ആലിംഗനതൊഴിലാളിയെ ശാസ്ത്രലോകം അടിയന്തിരമായി ഏറ്റെടുക്കണം. ന്യൂയോര്‍ക്ക് മാതൃകയില്‍ ഇവര്‍ക്കായി മാത്രം തിരുവനന്തപുരത്തോ ദല്‍ഹിയിലോ വലിയൊരു നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം ആരംഭിക്കുകയും ആലിംഗനതൊഴിലാളിയെ അവിടെ പുനരധിവസിപ്പിക്കുകയും വേണം. ഈ ആലിംഗന തൊഴിലാളിയുടെ വെളിപാടുകള്‍ ഐപ്പിഡോമോളജിയുടെ ഒരു ഉപവിജ്ഞാന ശാഖയായി വരുന്ന കാലം വിദൂരമല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ. രഘു

എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍

We use cookies to give you the best possible experience. Learn more