റാന്നി: രോഗലക്ഷണങ്ങളില്ലതിരുന്നതിനാലാണ് ആശുപത്രിയില്‍ പോവാതിരുന്നതെന്ന് കോവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശി. ഇറ്റലിയില്‍ നിന്നു വരുന്ന വിവരം വിമാനത്താവളത്തില്‍ അറിയിച്ചിരുന്നെന്നും രോഗി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രോഗിയുടെ പ്രതികരണം.
കോവിഡ് സ്ഥിരീകരിച്ച കുടുംബം ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന വിവരം മറച്ചുവെച്ചെന്ന ആരോപണം ഉയരുന്നതിനിടെയാണ് രോഗിയുടെ പ്രതികരണം. തനിക്ക് പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വിവാഹചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് രോഗിയുടെ വിശദീകരണം.
‘എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസില്‍ ചെന്നപ്പോഴേ പറഞ്ഞു ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന്. ഞങ്ങള്‍ കയറുന്ന സമയത്ത് ഇത് അത്രതന്നെ അവിടെ പടര്‍ന്നിട്ടില്ല. (ഫെബ്രുവരി)29നാണ് അവിടുന്ന് പോരുന്നത്. ഞങ്ങള്‍ മൂന്നുപേരുടെയും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. ബന്ധുവിന്റെ ഭര്‍ത്താവിന് പനിവന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് സഹോദരനും കുടുംബവും ഇറ്റലിയില്‍ നിന്ന് വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നത്. അപ്പോള്‍ തന്നെ ആരോഗ്യവകുപ്പില്‍ നിന്ന് ഞങ്ങളെ വിളിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു,’ രോഗി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ വാദത്തെയും രോഗി തള്ളി.
‘അത് തെറ്റായ വാര്‍ത്തയാണ്. ഇറ്റലിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവര്‍ വീട്ടില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. ഭയപ്പെടാനൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു. ഏതെങ്കിലും ചടങ്ങില്‍ പങ്കെടുത്തോ എന്നും ആരോഗ്യവകുപ്പില്‍ നിന്നും ചോദിച്ചിരുന്നു. പള്ളിയിലോ കല്ല്യാണത്തിനോ സിനിമയ്‌ക്കോ പോയിട്ടില്ല.” രോഗി പറഞ്ഞു.
അതേ സമയം ബന്ധുവീടുകളില്‍ പോയിരുന്നെന്നും ഷോപ്പിംഗ് മാളുകളില്‍ പോയിരുന്നുവെന്നും രോഗി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുടുംബത്തിലെ ഏഴുപേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇറ്റലി യാത്ര മറച്ചുവെച്ചാണ് കോവിഡ് ബാധിതര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടറും രണ്ടു നഴ്‌സുമാരും നിലവില്‍ നിരീക്ഷണത്തിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രോഗബാധിതര്‍ കോട്ടയത്തും മറ്റും കറങ്ങിയിരുന്നെന്നും രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.