| Tuesday, 24th March 2020, 9:59 pm

കഴിഞ്ഞ കൊല്ലം തന്നെ വിത്തു കുത്തി തിന്ന പ്രധാനമന്ത്രി - കാലിയായ പ്രസംഗം

ഫാറൂഖ്

ജോലിക്ക് പോകുന്ന ഒരാളോട് വീട്ടില്‍ പോയിരിക്കെടാ എന്ന് പറയാന്‍ നമുക്കധികാരമുണ്ടോ? നിയമപരമായി ഏതായാലുമില്ല, കൊറോണക്കാലത്താണെങ്കില്‍ പോലും, ധാര്‍മികമായി അതിനധികാരമുണ്ടോ?

എണ്‍പതു ശതമാനത്തിനു മുകളില്‍ ഇന്ത്യക്കാര്‍ ദിവസക്കൂലിക്കാരാണെന്നാണ് കണക്ക്. അതില്‍ മിക്കവര്‍ക്കും എന്തെങ്കിലും സമ്പാദ്യം ഉണ്ടാകാനുള്ള സാധ്യതയില്ല.

ഗ്രാമങ്ങളിലെ പലചരക്കു കടയില്‍ പത്തു മിനിറ്റ് നില്‍ക്കുകയാണെങ്കില്‍ ഇന്ന് ജോലിക്കു പോകാന്‍ കഴിഞ്ഞില്ല, നാളെ ജോലി കഴിഞ്ഞു വരുമ്പോള്‍ കാശു തരാമെന്ന് പറഞ്ഞു അരി കടം വാങ്ങുന്ന അനേകം പേരെ കാണാം. വീട്ടിലിരിക്കെടാ എന്ന് നമ്മള്‍ പറയുന്നത് അത്തരം ഒരാളോടായിരിക്കാന്‍ എണ്‍പതു ശതമാനം സാധ്യതയുണ്ട് ഇന്ത്യയില്‍, കേരളത്തില്‍ ശതമാനം കുറച്ചു കുറവായിരിക്കും.

അവര്‍ക്ക് ഒരു കുടുംബമുണ്ടാകും, വീട്ടില്‍ ചെറിയ കുട്ടികളുണ്ടാകും, പ്രായമായ അച്ഛനമ്മമാരുണ്ടാകും. അവര്‍ക്ക് ഭക്ഷണം കഴിക്കണം. വീട്ടില്‍ പോയിരിക്കെടാ എന്ന് ഒരാളോട് പറയുന്നതിലൂടെ നമ്മള്‍ ആ കുട്ടികളെ പട്ടിണിക്കിടുകയാണ് ചെയ്യുന്നത്.

പിന്നെയെന്താണ് ചെയ്യേണ്ടത് ?
മനുഷ്യത്വം ഉണ്ടെങ്കില്‍ നമ്മള്‍ പറയേണ്ടത് ഇനി കുറച്ചു ദിവസം താങ്കള്‍ ജോലിക്ക് പോവേണ്ട, താങ്കളുടെ കുട്ടികള്‍ പട്ടിണി കിടക്കാതെ ഞാന്‍ നോക്കിക്കോളാം എന്നാണ്. പക്ഷെ അതെത്രത്തോളം പ്രയോഗികമാണ് ?

എണ്‍പതു ശതമാനം ആളുകളുടെ വീട്ടുചിലവ് ബാക്കി ഇരുപത് ശതമാനം പേര്‍ വഹിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. ചാരിറ്റികള്‍ക്കും പരിമിതിയുണ്ട്, കാരണം ആ അനുപാതം തന്നെ. അല്ലെങ്കില്‍ തന്നെ അധ്വാനിക്കാന്‍ ത്രാണിയും സന്നദ്ധതയുമുള്ള ആളുകളെ മറ്റുള്ളവരുടെ കരുണക്ക് വിട്ടു കൊടുക്കന്നത് എത്ര അധാര്‍മികമാണ്.

നമ്മുടെ കാര്യം അവിടെ നില്‍ക്കട്ടെ, മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പൗരന്മാരോട് ജോലിക്കു പോകാതെ വീട്ടിലിരിക്കണമെന്ന് പറയാന്‍ ധാര്‍മികമായോ നിയമപരമായോ അധികാരമുണ്ടോ? ഒരസുഖവും ഇല്ലാത്ത ആളുകളോട് പട്ടിണി കിടന്നു മരിച്ചോളൂ എന്ന് പറയുന്നതിന് സമമല്ലേ അത് ?

പക്ഷെ അങ്ങനെ ചെയ്യാതെ കൊറോണ നിയന്ത്രിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷെ സര്‍ക്കാരുകള്‍ നമ്മള്‍ നേരത്തെ പറഞ്ഞത് പോലെ സംസാരിക്കണം – ഇനി കുറച്ചു ദിവസം താങ്കള്‍ ജോലിക്ക് പോവേണ്ട, നിങ്ങളുടെ കുട്ടികള്‍ പട്ടിണി കിടക്കാതെ സര്‍ക്കാര്‍ നോക്കിക്കോളാം എന്ന്.

പക്ഷെ ഇപ്പറഞ്ഞ മുഴുവന്‍ പേര്‍ക്കും ഭക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ടോ?

കോറോണയല്ല അതിലും വലുത് വന്നാലും തോമസ് ഐസക് കൃത്യമായി ശമ്പളം തരുമെന്ന് വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ ജീവനക്കാരനാണ് നിങ്ങള്‍ എങ്കില്‍, അല്ലെങ്കില്‍ നിര്‍മല സീതാരാമന്‍ ശമ്പളം തരുമെന്ന് വിശ്വസിക്കുന്ന കേന്ദ സര്‍ക്കാര്‍ ജീവനക്കാരനാണ് നിങ്ങള്‍ എങ്കില്‍, ഇത് രണ്ടുമല്ല സര്‍ക്കാര്‍ വിചാരിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് റേഷനും മരുന്നും എന്നേക്കും എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന സാധാരണക്കാരനാണ് നിങ്ങള്‍ എങ്കില്‍, മന്‍മോഹന്‍ സിങ് പണ്ട് പറഞ്ഞ ഒരു വാചകം നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരും – സര്‍ക്കാരിന്റെ കയ്യില്‍ പണം കായ്ക്കുന്ന മരമില്ല.

ഇതിന് മുമ്പ് ഡൂള്‍ന്യൂസിലെ ഇതേ കോളത്തില്‍  (https://www.doolnews.com/economic-crisis-banking-slowdown-farook-opinion889.html ) സൂചിപ്പിച്ചിരുന്നത് പോലെ, ആദ്യമേ തന്നെ സര്‍ക്കാര്‍ ഒരു പ്രാരാബ്ധക്കാരനായിരുന്നു. കുറച്ചു വരുമാനവും അതിലേറെ ചിലവുമുള്ള പ്രാരാബ്ധക്കാരന്‍. നമ്മള്‍ അടക്കുന്ന ടാക്സ്, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തു കിട്ടുന്ന കാശ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വല്ല ലാഭ വിഹിതവും തരുന്നുണ്ടെങ്കില്‍ അത് തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാരിന്റെ വരുമാനങ്ങള്‍. ഏതാണ്ടിതേ പോലെ ആണെങ്കിലും, സംസ്ഥാനങ്ങള്‍ക്ക് കള്ളു കച്ചവടവും ലോട്ടറി കച്ചവടവും കൂടുതലായി ഉണ്ട്.

പോലീസ് അല്ലെങ്കില്‍ പട്ടാളം, ശമ്പള ചിലവ്, തൊഴിലുറപ്പ്, പല പല യോജനകള്‍, പണ്ട് കടം വാങ്ങിയതിന്റെ പലിശ തുടങ്ങിയവയാണ് ചിലവുകള്‍. വരവില്‍ കൂടുതല്‍ ചിലവുണ്ടെങ്കില്‍ അതിനെ ധനക്കമ്മി എന്ന് പറയും. താരതമ്യേന സ്ഥിരതയുള്ള ഒരു സമ്പദ്വ്യവസ്ഥയില്‍ മൂന്നു ശതമാനം വരെ ധനക്കമ്മിയാവാം. ഇന്ത്യയുടെത് കൊറോണ വരുന്നതിനു മുമ്പ് തന്നെ 5.8 ആയിരുന്നു എന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. ധനക്കമ്മി കൂടുമ്പോള്‍ വിലക്കയറ്റം കൂടും, രൂപയുടെ മൂല്യം കുറയും.

ഓരോ മാസവും ശമ്പളം കൊടുക്കാനുള്ള കഷ്ടപ്പാട് അറിയണണമെങ്കില്‍ ഐസക് സാറിനോട് അല്ലെങ്കില്‍ സീതാരാമനോട് ചോദിക്കണം. കടവും കടത്തിന് മേലെ കടവും വാങ്ങിയിട്ടാണ് കേന്ദ്രവും കേരളവും ഒക്കെ നടന്നു പോകുന്നത്.

ഈ കഷ്ടപ്പാടിനിടക്കാണ് കൊറോണ വന്നത്.

ഷോപ്പിംഗ് മാളുകള്‍ മുതല്‍ പെട്ടി കടകള്‍ വരെ അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ട് ജി എസ് ടി യില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. കൊറോണ പ്രശ്‌നം കഴിയുന്നവരെ ജി.എസ.്ടി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ചെന്നയാളെ കോടതി ഓടിച്ചിട്ടുണ്ട്, അത് കൊണ്ട് കാര്യമുണ്ടാകില്ല. സിനിമ തിയേറ്റര്‍ മുതല്‍ തീം പാര്‍ക്കുകള്‍ വരെ അടച്ചത് കാരണം വിനോദ നികുതിയെപ്പറ്റി ചിന്തിക്കണ്ട.

എയര്‍ലൈന്‍ മുതല്‍ ഓട്ടോറിക്ഷ വരെയുള്ള സകല സെക്ടറുകളും നികുതിയിനത്തില്‍ എന്തെങ്കിലും അടക്കുമെന്ന് തോന്നുന്നില്ല. കള്ളുകച്ചവടത്തില്‍ നിന്നുള്ള വരുമാനം എത്രവരെ പോകുമെന്നറിയില്ല. ഒരു വില്ലേജ് ഓഫീസര്‍ പറഞ്ഞത് കെട്ടിട-ഭൂ നികുതി വഴിയില്‍ ഒരു രൂപ പോലും വരുന്നില്ലെന്നാണ്.

ഇങ്ങനത്തെ ഒരവസ്ഥയില്‍ സര്‍ക്കാരുകള്‍ക്ക് എങ്ങനെയാണ് പണം ലഭിക്കുക? ദൈനംദിന ചെലവുകള്‍ക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ ഒരു മാര്‍ഗമേ ഉള്ളൂ, കേന്ദ്രത്തോട് സഹായം ചോദിക്കുക. കേന്ദ്ര സര്‍ക്കാരിനെവിടെ നിന്ന് കിട്ടും പണം?

കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ പല മാര്‍ഗങ്ങളുണ്ട്, ഉദാഹരണം കടപ്പത്രങ്ങള്‍ ഇറക്കാം. വിദേശത്തോ സ്വദേശത്തോ ഉള്ള ആളുകളോ കമ്പനികളോ കടപ്പത്രം വാങ്ങി സര്‍ക്കാരിന് പണം കൊടുക്കണം. പലിശയും ചേര്‍ത്ത് ഭാവിയില്‍ സര്‍ക്കാര്‍ അത് തിരിച്ചു തരും എന്ന ഉറപ്പില്‍. ഈയവസ്ഥയില്‍ അത് നടക്കില്ല.

വില്‍പനക്ക് വച്ചിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടുത്ത കാലത്തൊന്നും ആരും വാങ്ങില്ല. സ്ഥിരമായി സര്‍ക്കാര്‍ പണത്തിന് ആശ്രയിക്കാറുള്ള എല്‍.ഐ.സി, എസ്.ബി.ഐ എന്നിവയെ ഇപ്പോള്‍ തന്നെ ഞെക്കി പിഴിഞ്ഞിട്ടുണ്ട്, ഈയടുത്തു യെസ് ബാങ്കിനെ വരെ രക്ഷിക്കാന്‍ കാശു കൊടുത്തത് അവരാണ്. ഇനി അവരോട് കാശിന് ചോദിച്ചാല്‍ പണ്ട് എ.കെ ആന്റണി പറഞ്ഞ ഡയലോഗ് കേള്‍ക്കാം – അഞ്ചു പൈസയില്ല കയ്യില്‍.

എന്നാലും കേന്ദ്ര സര്‍ക്കാരിന് ഇത്തരം ദുരന്ത സമയങ്ങളില്‍ ധൈര്യമായി ചെന്ന് കാശു ചോദിയ്ക്കാന്‍ കഴിയുന്ന ഒരാളുണ്ടായിരുന്നു, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. റിസര്‍വ് ബാങ്കിന്റെ കയ്യില്‍ അത്യാവശ്യ സമയങ്ങളില്‍ സര്‍ക്കാരിന് കൊടുക്കാനായി കുറെ കാശ് പ്രത്യേകം സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. അത് ചോദിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പക്ഷെ കഥയില്‍ ചെറിയൊരു ട്വിസ്റ്റ് ഉണ്ട് – ആ കാശ് മുഴുവന്‍ കഴിഞ്ഞ കൊല്ലം തന്നെ സര്‍ക്കാര്‍ വാങ്ങി പുട്ടടിച്ചു തീര്‍ത്തു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും കാലം കണ്ടിട്ടില്ലാത്ത ചിലവും ധൂര്‍ത്തുമാണ് ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ നടന്നത്. കക്കൂസ് നിര്‍മാണം മുതല്‍ ഗ്യാസ് ഫ്രീ കൊടുക്കല്‍ വരെ, പ്രതിമ നിര്‍മാണം മുതല്‍ യോഗ ദിനം വരെ, പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ആഴ്ചയിലുള്ള വിദേശ പര്യടനങ്ങള്‍, ഗംഗ ശുചീകരണം എന്ന് പറഞ്ഞു വെള്ളത്തിലൊഴുക്കി കളഞ്ഞ കോടാനുകോടികള്‍, വ്യവസായികളുടെ നികുതിയിളവിനായി 1.2 ലക്ഷം കോടി, ബാങ്കുകളെ പറ്റിച്ചു കടന്നുകളഞ്ഞവരുടെ കടം വീട്ടാന്‍ രണ്ടു ലക്ഷം കോടി, ജന്‍ധന്‍ എന്നും പറഞ്ഞു വോട്ട് കിട്ടാന്‍ ചിലവാക്കിയ ആയിരക്കണക്കിന് കോടികള്‍ അങ്ങനെയങ്ങനെ.

ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ മുപ്പതു രൂപക്ക് മുകളില്‍ ടാക്‌സ്, എണ്ണമറ്റ സെസ്സുകള്‍, തോന്നും പോലെയുള്ള ജി.എസ്.ടി എന്നിവ വഴി നാട്ടുകാരെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ കാശു മുഴുവന്‍ ധൂര്‍ത്തടിച്ചു കളഞ്ഞപ്പോളാണ് റിസര്‍വ് ബാങ്കിന്റെ മുകളില്‍ സര്‍ക്കാര്‍ കൈ വച്ചത്.

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ ചിലവാക്കാന്‍ വേണ്ടി ഏകദേശം രണ്ടു ലക്ഷം കോടിക്കടുത്ത സംഖ്യ റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഏതു മഹാപാപിയാണ് മോദിയോട് പറഞ്ഞത് എന്നറിയില്ല. ആ പണം സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ഊര്‍ജിത് പട്ടേലിനെ പുറത്താക്കി, ഹിസ്റ്ററിയില്‍ ബി.എ കാരനായ ശക്തികാന്ത ദാസ് എന്ന തൊമ്മിയെ ആര്‍.ബി. ഐ ഗവര്‍ണറാക്കി ആ പണം വാങ്ങിച്ചു ചിലവാക്കിയിട്ടേ മോദി സര്‍ക്കാര്‍ പിന്നീട് വിശ്രമിച്ചിട്ടുള്ളൂ.

അതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ വ്യാഴാഴ്ചയും, ഇന്നും പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രഭാഷണത്തില്‍ കണ്ടത്. കൊറോണകാലത്തെ ഭീകരമായ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ എന്ത് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത് എന്നോ, എത്ര രൂപ അതിനായി നീക്കി വച്ചിട്ടുണ്ടെന്നോ, കൂടുതല്‍ ടെസ്റ്റുകള്‍ക്കുള്ള ചെലവോ, ആശുപത്രികള്‍ക്ക് വേണ്ടി ചെലവാകുന്ന പണമോ ആര് വഹിക്കുമെന്നോ ഒരക്ഷരം പ്രധാനമന്ത്രി പറഞ്ഞില്ല.

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കണമെന്ന ഒരു ഉപദേശം ചെറുകിട കച്ചവടക്കാര്‍ക്കും തൊഴിലുടമകള്‍ക്കും കൊടുത്തുവെങ്കിലും അവരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ എത്ര പണം നീക്കി വച്ചിട്ടുണ്ടെന്ന് ചോദിക്കാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല, പത്രസമ്മേളനങ്ങളില്ലല്ലോ.

അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തോട് സംസാരിക്കുമ്പോള്‍ രണ്ടു ട്രില്യണ്‍ ഡോളറിന്റെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് മോഡി രാജ്യത്തെ അധിസംബോധന ചെയ്തത്. സമാന രീതിയില്‍ ബ്രിട്ടനും കാനഡയും ജര്‍മനിയുമൊക്കെ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എണ്‍പത് ശതമാനത്തിനടുത്ത് ജനങ്ങള്‍ അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി അധ്വാനിക്കുന്ന ഇന്ത്യയില്‍ അവര്‍ക്ക് അറിയേണ്ടിയിരുന്ന ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു, തങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വന്നാല്‍ തങ്ങളുടെ മക്കള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യും എന്നതായിരുന്നു അത്. അതിന് പകരം അവര്‍ക്ക് കിട്ടിയത് കുറെ ഉപദേശങ്ങളും കാലി പ്ലേറ്റ് കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാനുള്ള ആഹ്വാനവും.

തൊഴില്‍ ചെയ്യാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയുടെ രീതിയില്‍ സര്‍ക്കാര്‍ വീടുകളിലേക്ക് എത്തിച്ചു കൊടുത്തില്ലെങ്കില്‍ കൊറോണ കൊണ്ട് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണി കൊണ്ട് മരിക്കും ഇന്ത്യയില്‍. വരുന്ന മൂന്നു മാസമെങ്കിലും ഇങ്ങനെ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ റിസേര്‍വ് ബാങ്ക് കരുതല്‍ ശേഖരമായ 1.76 കോടി മതിയാകുമായിരുന്നു, ആ തുക കഴിഞ്ഞ വര്‍ഷം മോഡി സര്‍ക്കാര്‍ ധൂര്‍ത്തടിച്ചില്ലായിരുന്നെങ്കില്‍.

ഇന്ന് പ്രധാനമന്ത്രി 15000 കോടി വിലയിരുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം കോടിയെങ്കിലും വേണ്ടെടുത്താണ് 15000 കോടി!

ഇനിയും സര്‍ക്കാരിന് റിസര്‍വ് ബാങ്കിനോട് പണം ചോദിക്കാം. അവര്‍ പണം കൊടുക്കുകയും ചെയ്യും, പക്ഷെ അതവര്‍ സൂക്ഷിച്ചു വച്ച പണമായിരിക്കില്ല, പുതിയതായി പ്രിന്റ് ചെയ്യുന്ന പണമായിരിക്കും. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥന്‍ കേന്ദ്ര സര്‍ക്കാരായത് കൊണ്ട് കേന്ദ്രം എത്ര ചോദിച്ചാലും റിസര്‍വ് ബാങ്ക് പ്രിന്റ് ചെയ്തു കൊടുക്കും. പക്ഷെ അങ്ങനെ കണക്കില്ലാതെ പ്രിന്റ് ചെയ്തു കൊടുക്കുന്ന പണം രാജ്യത്തു പുതിയൊരു ദുരന്തം കൂടി കൊണ്ട് വരും – പണപ്പെരുപ്പം. അതിന്റെ കൂടെ വരും രൂപയുടെ മൂല്യമിടിവും വിലക്കയറ്റവും.

നമ്മള്‍ ആദ്യം പറഞ്ഞതിലേക്ക് തിരിച്ചു പോയാല്‍, സ്വന്തം മക്കള്‍ പട്ടിണി കിടക്കാതിരിക്കാന്‍ ജോലിക്ക് പോവാനിറങ്ങുന്ന ദിവസക്കൂലിക്കാരനോട് വീട്ടില്‍ പോടാ എന്ന് പറയുന്ന സര്‍ക്കാര്‍ അവരുടെ മക്കള്‍ എങ്ങനെ ഭക്ഷണം കഴിക്കണം എന്ന് കൂടെ പറയണം. അത് പറയാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി ഫലത്തില്‍ ദിവസക്കൂലിക്കാരോട് പട്ടിണി കിടന്ന് മരിച്ചോളൂ എന്നാണ് പറയുന്നത്, കൂട്ടത്തില്‍ കുട്ടികളെ പട്ടിണി കിടന്നു മരിക്കാന്‍ വിട്ടോളൂ എന്നും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more