തിരുവനന്തപുരം: ലോക വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ രാജ്യത്തെ മറ്റു വ്യവസായങ്ങള്‍ പോലെ സിനിമാ വ്യവസായവും ദുരിതത്തിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്.
സിനിമാ ചിത്രീകരണങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. സിനിമാ മേഖലയെ തന്നെ സാരമായി ബാധിക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തം.
300 കോടിയോളം രൂപയുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയില്‍ മാത്രം ഉണ്ടാവുകയെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ബോക്സോഫീസില്‍ മികച്ച രീതിയില്‍ ഓടി കൊണ്ടിരുന്ന പല ചിത്രങ്ങളും തിയേറ്ററുകള്‍ പുട്ടിയതോടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിയും വന്നു. വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
സിനിമാ മേഖലയില്‍ പ്രത്യേകിച്ച് മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്ന കാലഘട്ടമാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍.
അവധികാലമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സമയമാണിത്. എന്നാല്‍ കൊവിഡ് വ്യാപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് ഇതോടെ നീളും.
ഈ ചിത്രങ്ങള്‍ ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തേണ്ടി വരും. ഈദ് റിലീസായി നിശ്ചയിച്ച പല ചിത്രങ്ങളും ഓണം റിലീസായും ഇടക്കാലത്തും റിലീസ് ചെയ്യണം.
ബിഗ് ബഡജറ്റ് ചിത്രങ്ങളും ബഡജറ്റ് കുറഞ്ഞ ചിത്രങ്ങളും ഒരേ പോലെ ആശങ്കയിലാണ്. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കൂട്ടത്തില്‍ ഏറ്റവും മുടക്കുമുതലുള്ള ചിത്രം. 100 കോടിക്കടുത്താണ് ചിത്രത്തിന്റെ ബഡജറ്റ്.
മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, , ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയവയെല്ലാം ഈ അവധിക്കാലത്ത് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങളായിരുന്നു.
നിലവിലെ കൊവിഡ് ഭീതിയില്‍ ഇനി എന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരും.
ഈ അവസ്ഥയില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായി വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന വിലയില്‍ 5 ശതമാനമായിരുന്നു വിനോദ നികുതി ഏര്‍പ്പെടുത്തിയിരുന്നത്.
DoolNews Video