രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗ ശേഷം
COVID-19
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗ ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 3:18 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരേധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര, ദല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

റോഡ്-റെയില്‍-വ്യോമ ഗതാഗതകള്‍ ആരംഭിക്കുന്നതോടെ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ദല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ലോക്ക് ഡൗണ്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ഏപ്രില്‍ മാസം മുഴുവന്‍ ലോക്ക് ഡൗണ്‍ തുടരണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യോഗത്തില്‍ ആവശ്യപ്പെട്ടു. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിലൂടെ മാത്രമേ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തടയാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദ്രുതപരിശോധനാ കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമാക്കണമെന്നും മമത ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ നീട്ടണമെന്നും എന്നാല്‍ വ്യവസായ-കാര്‍ഷിക മേഖലകള്‍ക്ക് ചില ഇളവുകള്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ യോജിപ്പുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പ്രതികരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ പൂര്‍ണമായും സഹകരിക്കുമെന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാരും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം മേഘാലയ ലോക്ക് ഡൗണ്‍ നീട്ടേണ്ട എന്ന നിലപാട് ആയിരുന്നു എടുത്തിരുന്നത്.
DoolNews Video