വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്ത്; പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍
COVID-19
വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്ത്; പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2020, 5:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടു. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത തൃശ്ശൂര്‍, ആലപ്പുഴ ജില്ലകള്‍ ആണ് ഗ്രീന്‍ സോണില്‍ പുതുതായി ഉള്‍പ്പെട്ടത്.

നേരത്തെ എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ആയിരുന്നു. എന്നാല്‍ വയനാട്ടില്‍ പുതുതായി ഒരാള്‍ കൊവിഡ് രോഗി ആയതോടെ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയായിരുന്നു. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും.സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും.

റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.
ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതര്‍ ചികിത്സയില്‍ ഉള്ളത് കണ്ണൂരാണ് 38 പേര്‍, ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.