സംസ്ഥാനത്ത് പുതുതായി 5 പേര്‍ക്ക് കൊവിഡ്; കേരളം കൊവിഡ് പ്രതിരോധത്തിന്റെ പുതിയഘട്ടത്തിലെന്നും മുഖ്യമന്ത്രി
COVID-19
സംസ്ഥാനത്ത് പുതുതായി 5 പേര്‍ക്ക് കൊവിഡ്; കേരളം കൊവിഡ് പ്രതിരോധത്തിന്റെ പുതിയഘട്ടത്തിലെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2020, 5:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം 3, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗബാധിച്ചവരുടെ എണ്ണം. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.

കഴിഞ്ഞ ദിവസം 7 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

 

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തടയാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി സഹോദങ്ങള്‍ തിരിച്ചെത്തുന്നു. ഈയാഴ്ച മുതല്‍ കൂടുതല്‍ പേരെത്തും. രോഗബാധിത മേഖലയില്‍ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 32 രോഗബാധിതരുണ്ട്. 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നാണ് . ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേര്‍, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരും രോഗികള്‍.

സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പത് പേരില്‍ ആറ് പേര്‍ വയനാട്ടിലാണ്.ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കത്തിലെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു.

വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കല്‍പ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.കണ്ണൂരില്‍ ഒരാളില്‍ നിന്നും ഒന്‍പത് പേരിലേക്കും. വയനാട്ടില്‍ ഒരാളില്‍ നിന്നും ആറ് പേരിലേക്കും രോഗം പകര്‍ന്നു.കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവര്‍ത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോള്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് വരുന്നു. അവര്‍ക്ക് സുരക്ഷയൊരുക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നു. 33116 പേര്‍ റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകള്‍ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിന്‍ സര്‍വീസും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക