| Friday, 24th April 2020, 3:48 pm

പി.പി.ഇ കിറ്റും ഭക്ഷണവും നല്‍കുന്നില്ലെന്ന് വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത് തമിഴ്‌നാട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി ഭക്ഷണവും വ്യക്തി സുരക്ഷാ (പി.പി.ഇ) കിറ്റും എത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത് പൊലീസ്.

സിംപ്ലിസിറ്റി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ആന്‍ഡ്ര്യൂ സാം രാജ പാണ്ഡ്യനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഭക്ഷണമില്ലാതെ ജോലിചെയ്യേണ്ടിവരുന്നുവെന്നും പി.പി.ഇ കിറ്റുകള്‍ നല്‍കുന്നില്ലെന്നുമാണ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതേതുടര്‍ന്ന് ആശുപത്രിയിലെ ഡീനിനെ സ്ഥലം മാറ്റുകയും ചെയ്തു.

എന്നാല്‍ ഡീനിനെ സ്ഥലം മാറ്റിയതിന് പിന്നാലെ പോര്‍ട്ടലില്‍ നിന്നും വാര്‍ത്ത പിന്‍വലിച്ചു.

തമിഴ്‌നാട്ടിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യപ്പെടേണ്ട ഉത്പന്നങ്ങള്‍ കടയിലെ ജീവനക്കാര്‍ മറിച്ചു വില്‍ക്കുന്നു എന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റേഷന്‍ ഉടമ വാങ്ങിക്കാത്ത ഉത്പന്നങ്ങള്‍ വാങ്ങിയതായി കാണിക്കുന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടുകളും തെളിവായി പോര്‍ട്ടല്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ഈ വാര്‍ത്ത പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോയമ്പത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എം. സുന്ദരരാജന്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ് ഫയല്‍ ചെയ്തു.

നല്‍കിയ വാര്‍ത്ത വ്യാജവും പ്രകോപനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 188 എപിഡമിക് ഡീസസ് ആക്ടിനു കീഴിലെ 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more