കോവിഡ് കാലത്തെ യു.എ.ഇ, ആശങ്കകളും ആശ്വാസങ്ങളും
COVID-19
കോവിഡ് കാലത്തെ യു.എ.ഇ, ആശങ്കകളും ആശ്വാസങ്ങളും
മുഹമ്മദ് റാഷിദ് എം.എസ്
Wednesday, 8th April 2020, 6:51 pm

എല്ലാ ഗള്‍ഫ് നാടുകളെയും പോലെ യു.എ.ഇ യിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹം വളരെ ആശങ്കയോടെയാണ് ഈ പ്രതിസന്ധിയെ നോക്കി കാണുന്നത്. സര്‍ക്കാര്‍ തലത്തില്‍ വളരെ കാര്യക്ഷമമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ മറ്റേത് ഭാഗത്തെയും പോലെ ഫലപ്രാപ്തിയിലെത്താന്‍ സമയമെടുക്കുന്നുണ്ട്. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ നല്‍കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം (https://www.doh.gov.ae/covid-19)ഇന്ന് വരെ 11 മരണങ്ങള്‍ യു.എ.ഇ യില്‍ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു.

ദുബായ് പോലുള്ള വാണിജ്യ തലസ്ഥാനങ്ങളില്‍ 24 മണിക്കൂര്‍ അടച്ചിട്ടുള്ള Sterilaization പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് ആരംഭിച്ച് കഴിഞ്ഞു. കര്‍ശന ഉപാധികളോടെ മാത്രം പുറത്തിറങ്ങുവാന്‍ മാത്രമാണ് നിലവില്‍ അനുവാദം ഉള്ളത്. അതും ഭക്ഷണവും മരുന്നും എന്നിവക്കായി ഒരു താമസസ്ഥലത്ത് നിന്ന് ഒരാള്‍ക്ക് മാത്രം.

ഇത്രത്തോളം സാഹചര്യങ്ങള്‍ കടുപ്പിച്ച് കൊണ്ട് ഈ പ്രധിസന്ധി മറികടക്കാനാവും എന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തിയ രണ്ടാമത്തെ രാജ്യമാണ് UAE. ഈ കണക്കില്‍ നിന്നും വ്യക്തമാണ് എത്രത്തോളം ഗൗരവമായി രാജ്യം അതിജീവനത്തിനായി തയ്യാറെടുക്കുന്നുവെന്ന്.

പ്രവാസികളും തൊഴില്‍ രംഗത്തെ ആശങ്കകളും

ഈ പ്രതിസന്ധി തീരുന്നതോടെ മിഡില്‍ ഈസ്റ്റില്‍ 17 ലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായേക്കും എന്നാണ് യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ അവരുടെ നയരേഖയില്‍ പറയുന്നത്. (https://www.unescwa.org/news/least-17-million-jobs-will-be-lost-arab-region-due-coronavirus-pandemic ) അത്യന്തം ആശങ്കയോടെയാണ് മിഡില്‍ ഈസ്റ്റിലെ പ്രവാസി സമൂഹം ഈ വാര്‍ത്തയെ കാണുന്നത്. നിര്‍മാണ വിതരണ രംഗങ്ങളില്‍ ഉണ്ടായിട്ടുള്ള ഇടിവില്‍ ആനുപാതികമായ തകര്‍ച്ച തൊഴില്‍ മേഖലകളിലും ഉണ്ടാക്കാം. ഇത്തരത്തില്‍ ഒരു തകര്‍ച്ച വന്നാല്‍ അതിന്റെ ആദ്യത്തെ പ്രകമ്പനം കേരളത്തിലായിരിക്കും എന്നുറപ്പാണ്.

അതിനിടയിലാണ് തൊഴിലുടമക്ക് കൂടുതല്‍ അധികാരങ്ങള്‍(ശമ്പളം, വിസ കാന്‍സലേഷന്‍) തുടങ്ങിയവയിലെല്ലാം നല്‍കുന്ന പരിഷ്‌കാരം സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഈ ഞെരുക്കക്കാലത്ത് പ്രവാസികളുടെ ആശങ്കയേറ്റുന്ന ഒരു പരിഷ്‌കാരമാണ് ഇത്. ശമ്പള കാര്യത്തിലെല്ലാം പൂര്‍ണമായ വിവേചനാധികാരം തൊഴിലുടമക്ക് നല്‍കുന്ന പരിഷ്‌കാരം സാമാന്യ തൊഴിലാളികളുടെ യുക്തിക്ക് നിരക്കാത്തതാണ്. അതേസമയം തന്നെ ശമ്പളം നല്‍കുന്നതിന് വേണ്ടി ബാങ്കുകള്‍ വായ്പ നല്‍കണം എന്ന നിര്‍ദേശവും സര്‍ക്കാറില്‍ നിന്നും വന്നിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും വേഗം തൊഴിലന്വേഷകര്‍ക്ക് വിസ ലഭിക്കുന്ന അവസരങ്ങളുടെ പറുദീസയാണ് യു.എ.ഇ. കോവിഡ് കാലാനന്തരം ഈ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും എന്ന് കാത്തിരുന്ന് കാണാം. നിലവില്‍ യു.എ.ഇ യില്‍ ഉള്ള തൊഴിലന്വേഷകര്‍ക്കും മറ്റ് വിസ തീര്‍ന്നവര്‍ക്കും രാജ്യത്തിനകത്ത് നിന്നു തന്നെ പുതുക്കുവാനുള്ള സൗകര്യം ലഭ്യമാണ്. റെസിഡന്റ് വിസയില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ ഗവര്‍മെന്റ് ഒരുക്കിയ Tawajudi Service (https://www.mofaic.gov.ae/en/services/twajudi-resident) സംവിധാനത്തിന്‍ റെജിസ്റ്റര്‍ ചെയ്യാനും ഇത്തരക്കാര്‍ക്ക് കാലാവധി നീട്ടികൊടുക്കാനമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ആയതിനാല്‍ തന്നെ ഈ മേഖലയില്‍ ആശങ്കക് വകയില്ല. ഈ വര്‍ഷം അവസാനം വരെ വിസ സംബന്ധമായ ഇത്തരം കാര്യങ്ങള്‍ക്ക് പിഴ ഉണ്ടാകില്ല എന്ന പ്രഖ്യാപനം ആശ്വാസകരമാണ്

വാണിജ്യ മേഖല നിശ്ചലമാകുന്നു

ഫെബ്രുവരിയോടെ തന്നെ കോവിഡ് പ്രതിസന്ധി വാണിജ്യ മേഖലയെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. അന്താരാഷ്ട്ര ഇറക്കുമതികളില്‍ ഉണ്ടായ പ്രതിസന്ധി ചെറിയ രീതിയിലെങ്കിലും ഫെബ്രുവരി മുതല്‍ പ്രകടമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ആശങ്കകള്‍ അവിടെ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഭക്ഷ്യ വ്യവസായത്തിലെ സുപ്രീം ക്വാളിറ്റി ഐറ്റംസ് എക്കാലവും ഇറ്റലിയുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും കുത്തകയാണ്. അതേ മേധാവിത്തം നിര്‍മാണ മേഖലയിന്‍ ചൈനക്കും ഉണ്ട്. ഇവിടങ്ങളിലെ പ്രതിസന്ധി കാര്യമായി തന്നെ ആഭ്യന്തര ഉത്പാദന വിതരണത്തില്‍ മന്ദിപ്പിന് കാരണമായിട്ടുണ്ട്. ഈ ആഴ്ച മുതല്‍ യൂറോപ്പിലേക്കും മറ്റു ചില തെരെഞ്ഞെടുത്ത ഇടങ്ങളിലേക്കും Emirates വിമാനങ്ങള്‍ പറക്കുന്നുണ്ട്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരികെ വരുന്ന വിമാനങ്ങള്‍ കാര്‍ഗോ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗപെടുത്തുന്നത്. ഈ നീക്കം ഇറക്കുമതി ചരക്കുകളുടെ ലഭ്യതയില്‍ സ്വാധീനം ചെലുത്തുമോ എന്നതനുസരിച്ച് ആഭ്യന്തര ഉത്പാദന വിതരണ രംഗത്ത് ചെറിയ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്. UNESCWA(United nations Economic and Social Commission for Western Asia)യുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് 420 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതകള്‍ കാണുന്നു. ഇത് മേഖലയിലെ മെത്തം നിക്ഷേപങ്ങളുടെ കണക്കെടുത്താന്‍ 8% വരും എന്നിടത്താണ് പ്രതിസന്ധിയുടെ രൂക്ഷത മനസിലാകുന്നത്.

എക്‌സ്‌പോ മാറ്റിവെക്കപെടുന്നു

കഴിഞ്ഞ ദശകത്തിലെയും വിശിഷ്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തെയും യു.എ.ഇയിലെ ചെറുതും വലുതുമായ നിക്ഷേപങ്ങളുടെ ആത്യന്തികമായ ലക്ഷ്യം എക്‌സ്‌പോ 2020 ആയിരുന്നു. എന്നാല്‍ നിലവിലെ ആഗോള പ്രതിസന്ധിയില്‍ അകപെട്ട് ഇത് ഒരു വര്‍ഷം കൂടി നീട്ടിവെച്ചിരിക്കുകയാണ്.
എക്‌സ്‌പോ വരവേല്‍ക്കാന്‍ ഒരു രാജ്യം മുഴുവന്‍ എല്ലാ നിലയിലും തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത പ്രധിസന്ധി കടന്നു വരുന്നത്. എക്‌സ്‌പോ ലക്ഷ്യം വെച്ചുള്ള നിക്ഷേപങ്ങള്‍ ഇനിയും ഒരു വര്‍ഷം കൂടി പൂര്‍ണമായ റിട്ടേണ്‍ നല്‍കാനാവാനെ കിടക്കും എന്ന് വേണം കണക്കാക്കാന്‍.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ലോകമാകെ എന്ന പോലെ തന്നെ പൊതു ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാക്കിയും ജനങ്ങളെ ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച് തളച്ചിട്ടും തന്നെയാണ് എമിറേറ്റുകള്‍ പ്രതിരോധ നടപടികള്‍ നടത്തുന്നത്. അങ്ങേയറ്റത്തെ സഹകരണമാണ് തദ്ധേശിയരും വിദേശികളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. ശക്തമായ പിഴ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതിനുമപ്പുറം ഈ രാജ്യം വളര്‍ത്തി കൊണ്ടുവന്ന ഒരു സംസ്‌കാരമാണ് ഇത്തരത്തിലുള്ള സഹകരണത്തിന്റെ കാരണം.

അതോടൊപ്പം ഗവണ്‍മെന്റ് എല്ലാവരെയും വിശ്വസത്തിലെടുക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന ബോധ്യം എല്ലാ മേഖലകളിലും പ്രകടമാണ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പെടുത്താന്‍ യു.എ.ഇ ഏര്‍പെടുത്താന്‍ തയ്യാറാണെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭ്യമായില്ല എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. യു.എ.ഇക്ക് പുറമെ കുവൈറ്റും ഈ സജീകരണത്തിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. വിദേശികളെ കയറ്റി വിടാന്‍ ഇന്ത്യ ഗവണ്‍മെന്റ് കാണിക്കുന്ന ഉത്സാഹം സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാനും കാണിക്കാവുന്നതാണ്.

ലോകമാകെ പടര്‍ന്നു കയറുന്ന ഈ മഹാവ്യാധി കൃത്യമായും ലോക സാമ്പത്തിക സാമൂഹിക സാംസ്‌കാരിക അരോഗ്യ മേഖലകളെ പുനര്‍നിര്‍ണയിക്കും. കൊവിഡ് ബാധക്ക് മുമ്പും ശേഷവും എന്ന് ആഗോള അതിര്‍ത്തികളും ആസൂത്രണങ്ങളും പുനര്‍നിര്‍ണയിക്കപെടും. ഇനിയൊരു കാലത്ത് ഈ മഹാവ്യാധി അതിജീവിച്ചവര്‍ എന്ന പേരില്‍ നമ്മുടെ തലമുറയെ പഠനവിധേയമാക്കിയേക്കാം.. സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് നില്‍ക്കുക. അതിജീവനം അകലെയല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ