| Wednesday, 28th April 2021, 1:16 pm

INTERVIEW | ഇനി വരുന്ന രണ്ടാഴ്ച അതീവ നിര്‍ണായകം; അതിനിടയില്‍ നാം ചെയ്യേണ്ടത്

കവിത രേണുക

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിലും രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. ഒരു ദിവസം 30,000ലധികം കേസുകള്‍ വരെ സ്ഥിരീകരിക്കുന്ന സാഹചര്യവും സംസ്ഥാനത്തുണ്ടായി. കേരളത്തിലെ 13 ജില്ലകളിലും ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും വന്നിരിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വലയുമ്പോഴും പ്രതിരോധ സംവിധാനങ്ങളുടെ മികവുകൊണ്ട് കേരളം ഈ പ്രതിസന്ധിയെയും നിലവില്‍ മറികടക്കുന്നുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കും. ദിനംപ്രതി 50,0000 രോഗികള്‍ വരെ ഉണ്ടായേക്കാവുന്ന സ്ഥിതി വരുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡെപ്യൂട്ടി സൂപ്രണ്ടും എമര്‍ജന്‍സി വിഭാഗം പ്രൊഫസറുമായ ഡോ. എസ്.എസ് സന്തോഷ് കുമാര്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് അടക്കം കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന് വിമര്‍ശനങ്ങളുയരുമ്പോഴും ജനതിക മാറ്റം വന്ന കൊവിഡ് വൈറസിനെക്കുറിച്ചും നമ്മള്‍ ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് ഡോ. എസ്.എസ് സന്തോഷ് കുമാര്‍.

ഇനിയൊരു സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. കടുത്ത നിയന്ത്രങ്ങള്‍ കൊണ്ടു മാത്രം നിലവിലെ സാഹചര്യത്തില്‍ നമുക്ക് കൊവിഡിനെ പ്രതിരോധിക്കാനാവുമോ?

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലധികമാണ് ഇപ്പോഴുള്ളത്. ദിനം പ്രതി 20,000 ത്തിലേറെ പേര്‍ പോസിറ്റീവാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ലോക്ക്ഡൗണ്‍ വരുന്നത് ഫലപ്രദമായിരിക്കും എന്നാണ് മെഡിക്കല്‍ കമ്മിറ്റികളുടെ കണക്കുകൂട്ടല്‍. രോഗ്യവ്യാപന സാധ്യത ഇത്രയും കൂടുതലുള്ള ഒരു സാഹചര്യത്തില്‍ രണ്ടാഴ്ചത്തേങ്കിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് രോഗ്യവ്യാപന തോത് കുറയ്ക്കാന്‍ സാഹായിക്കും എന്നാണ് കരുതുന്നത്.

കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത്. എന്തുതന്നെയായാലും ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാതെ ഇടപെടേണ്ടിവരുന്ന അവസ്ഥകള്‍ ഒഴിവാക്കണമെന്നതാണ് പ്രധാന വിഷയം. കല്യാണം, ഉത്സവം, രാഷ്ട്രീയ പരിപാടികള്‍, മത ചടങ്ങുകള്‍ തുടങ്ങി ആളുകള്‍ കൂടിച്ചേരുന്ന ഏത് സന്ദര്‍ഭവും വന്നു ചേരാം. എന്നാല്‍ വരുന്ന രണ്ടോ മൂന്നോ ആഴ്ചയില്‍ ഇവയെല്ലാം പരിപൂര്‍ണായും ഒഴിവാക്കണം. പുറത്തിറങ്ങാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക. മാസ്‌ക്, സാനിറ്റൈസര്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നൊക്കെ നമ്മള്‍ നേരത്തെ പറഞ്ഞതുപോലെയുള്ള കാര്യങ്ങളും തുടരണം. രാത്രികാല കര്‍ഫ്യൂ പൂര്‍ണമായും ഒരു പ്രതിരോധമാര്‍ഗമാകുമോ എന്നത് സംശയമാണ്. രാത്രിമാത്രം വീട്ടിലിരിക്കുക, അല്ലാത്ത സാഹചര്യങ്ങളില്‍ പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ വ്യാപനം കുറയുമോ എന്നത് സംശയമാണ്.

മെഡിക്കല്‍ കോളേജുകളിലൊക്കെ ഇപ്പോള്‍ തന്നെ രോഗികളാല്‍ നിറയുന്ന സ്ഥിതിയുണ്ട്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാകുന്ന സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് ഇതിനെ മറികടക്കാനാവുക?

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് കൊവിഡ് മൂര്‍ധന്യാവസ്ഥയിലാവുന്നത് മെയ് ആദ്യ ആഴ്ചകളിലായിരിക്കും. അതായത് 50,000ത്തോളം കേസുകള്‍ ഒരു ദിവസം എന്ന നിരക്കിലൊക്കെ ആ ഘട്ടത്തില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ആക്ടീവ് കേസുകള്‍ തന്നെ ഏകദേശം നാല് ലക്ഷത്തിനിടയില്‍ വരാന്‍ സാധ്യതയുണ്ട്. നാല് ലക്ഷം ആക്ടീവ് രോഗികള്‍ കേരളത്തില്‍ ഉണ്ടായാല്‍ അതിന്റെ ഒരു ശതമാനമാണ് ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യം വേണ്ടി വരുന്നത്. മൂന്ന് ശതമാനത്തോളം ഓക്സിജന്‍ സൗകര്യങ്ങളും വേണ്ടിവരുമായിരിക്കും.

അതായത് 4000ത്തോളം ഐ.സി.യു ബെഡുകളും അത്രത്തോളം തന്നെ വെന്റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യമായി വരും. ഇത് രണ്ടും മെഡിക്കല്‍ കോളേജിലെ നിലവിലെ സാഹചര്യങ്ങള്‍ വെച്ച് പര്യാപ്തമല്ല എന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്. സ്വഭാവികമായും ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടി വന്നേക്കാം. ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതായിട്ടുണ്ട്. എത്രനാളത്തേക്ക് ഈ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കേണ്ടി വരും എന്നതിലാണ് പ്രശ്നം. മരണ നിരക്ക് പൊതുവിലും കുറവാകുമെങ്കിലും ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് പ്രശ്നമാകും. അതായത് ഇതേ ആളുകള്‍ മൂന്നോ നാലോ മാസം കൊണ്ട് എത്തുമ്പോള്‍ നമുക്ക് താങ്ങാന്‍ സാധിക്കും. പക്ഷെ അത് ഒന്നും രണ്ടും ദിവസങ്ങള്‍ കൊണ്ടാകുമ്പോള്‍ സ്വാഭാവികമായും ബുദ്ധിമുട്ട് നേരിടും.

തെരഞ്ഞെടുപ്പ് കഴിഞ്ഞത് കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഇതിലെ സത്യാവസ്ഥയെന്താണ്?

തെരഞ്ഞെടുപ്പ് നടന്നതുകൊണ്ടാണ് കൊവിഡ് ഇത്രയധികം വ്യാപിച്ചത് എന്ന് പറയുന്നത് ശരിയല്ല, തെരഞ്ഞെടുപ്പിലും കൊവിഡ് വ്യാപനം ഉണ്ടായിരിക്കാം. എന്നാല്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത് ജനതികമാറ്റം വന്ന വൈറസ് ആണെന്ന കാര്യം ഉറപ്പാണ്. പുറത്ത് വരുന്ന പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതും ഇതാണ്.

വളരെയധികം മാറ്റം വന്ന ഒരു വൈറസ് ആണ് ഇത്. അതുകൊണ്ടു വളരെ വേഗത്തിലാണ് രോഗവ്യാപനം സംഭവിക്കുന്നത്. അതായത് ഒരേസമയം കുറേ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇതിലെ കാര്യം. നമ്മുടെ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതിനപ്പുറത്തേക്ക് എണ്ണം കൂടിപ്പോകും.

മാര്‍ച്ച് മാസം മുതലാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിക്കുന്നത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ കേസുകള്‍ പെട്ടന്ന് വര്‍ധിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ഏപ്രിലില്‍ വോട്ടെടുപ്പ് നടക്കുകയും ചെയ്തു. മാര്‍ച്ചില്‍ തന്നെ രണ്ടാം തരംഗം തുടങ്ങിയിട്ടുണ്ടെങ്കില്‍ പ്രചാരണങ്ങളും മറ്റുമായി കൂടുതല്‍ പേരിലേക്ക് ജനിതകമാറ്റം വന്ന വൈറസ് എത്തിയിട്ടുണ്ടാകാന്‍ ഇടയുണ്ടോ?

തെരഞ്ഞെടുപ്പ് കാരണം അത്രയധികം വ്യാപനം നടന്നിട്ടുണ്ടാവില്ല എന്ന് പറയുന്നതിന് കൃത്യമായി രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ട്. കേരളത്തില്‍ ആദ്യത്തെ കൊവിഡ് തരംഗം 2020 ഫെബ്രുവരിയില്‍ തുടങ്ങി ഒക്ടോബറിലാണ് അത് പീക്കില്‍ എത്തുന്നത്. അതിന് ശേഷം പതുക്കെ കൊവിഡ് കേസുകള്‍ കുറയുകയായിരുന്നു. അന്ന് ആറുമാസം കൊണ്ട് ഉണ്ടായ വര്‍ധനവ് രണ്ടാം തരംഗത്തില്‍ വെറും രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഉണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ധനവിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പറയാന്‍ സാധിക്കില്ല. ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങി തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിലും ഇതേ രീതിയില്‍ കൊവിഡ് കൂടിയിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പായിരുന്നു കാരണം എങ്കില്‍ ഈ സമയമാകുമ്പോഴേക്കും കൊവിഡ് കുറയേണ്ടിയിരുന്നു. കാരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയോളം ആയി. എന്നാല്‍ ഇവിടെ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല.

ജനിതകമാറ്റം വന്ന വൈറസ് എന്നുപറഞ്ഞല്ലോ, വൈറസില്‍ വന്ന എന്ത് മാറ്റമാണ് ഇതിനെ ഉഗ്രവ്യാപന ശേഷിയുള്ളതായി മാറ്റുന്നത്?

ജനിതകമാറ്റം എന്നാല്‍ വൈറസിന്റെ ജീനോമുകളില്‍ വന്ന മാറ്റമാണ് ഒന്ന്. വൈറസിന്റെ മറ്റു ഘടകങ്ങളായ സ്‌പൈക്ക് പ്രോട്ടീനുകള്‍ അതിന്റെ എന്‍വലപ്പ് (ഏറ്റവും പുറമേയുള്ള പാളി) ഡി.എന്‍.എയുടെയോ ആര്‍.എന്‍.എയുടെയോ ഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും ജനിതക വ്യതിയാനത്തിന് കാരണമാകുന്നുണ്ട്.

കടപ്പാട്: ഷട്ടര്‍‌സ്റ്റോക്ക്.കോം

വൈറസുകളില്‍ സാധാരണയുണ്ടാവുന്നത് അവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത് പ്രൊമോട്ട് ചെയ്യുകയും അനുകൂലമല്ലാത്ത മാറ്റങ്ങള്‍ നശിച്ചു പോവുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റം പ്രധാനമായും അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉണ്ടായതാണ്. സ്‌പൈക്ക് പ്രോട്ടീനുകള്‍ എന്നു പറഞ്ഞാല്‍ അത് ശരീരത്തിലെത്തി ശരീരത്തിനകത്തേക്ക് കയറുന്നതിന് സഹായിക്കുന്ന ഭാഗമാണ്. മറ്റു പല ഭാഗങ്ങളിലും മാറ്റം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങളുണ്ടായതിന്റെ ഭാഗമായാണ് വൈറസിന് ആളുകളില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുന്നത്. കൊവിഡിന്റെ യു.കെ സ്‌ട്രെയിനും സൗത്ത് ആഫ്രിക്കന്‍ സ്ര്‌ട്രെയിനുമുണ്ട്. കൂടാതെ ഇത് രണ്ടും ചേര്‍ന്നുകൊണ്ടുള്ള മ്യൂട്ടന്റ് വെറൈറ്റിയും നിലവിലുണ്ട്.

ജനിതക മാറ്റം വന്ന ഈ വൈറസുകളെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് ഫലപ്രദമായി സാധിക്കുമോ?

വാക്‌സിനേഷന്‍ നടപടികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയ രാജ്യങ്ങളെ പരിശോധിച്ചാല്‍ മനസിലാകും വാക്‌സിനേഷന്‍ നടപടികള്‍ എത്രത്തോളം ഫലപ്രദമായിരിക്കും എന്ന്. വാക്‌സിനേഷന്‍ നടപടികള്‍ പെട്ടെന്ന് ചെയ്തുതീര്‍ത്ത രാജ്യങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിച്ചതിനാല്‍ തന്നെ അവിടങ്ങളില്‍ വ്യാപനം കുറവാണ്. അതായത് വാക്‌സിന്‍ എത്രയും പെട്ടെന്ന് എടുക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ സ്ഥിതിയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യം.

അതേസമയം ഇപ്പോള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന അളവ് വെച്ച് മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തെ വാക്‌സിന്‍ എടുപ്പിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. വാക്‌സിന്റെ ലഭ്യതയില്‍ കുറവില്ലാത്ത സാഹചര്യമുണ്ടായാല്‍ മാത്രമാണ് വലിയ തോതില്‍ വാക്‌സിന്‍ എടുക്കുന്ന നടപടികളിലേക്ക് കടക്കാന്‍ പറ്റുക. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലടക്കം വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഈ നടപടികള്‍ പെട്ടെന്ന് സാധ്യമാകും. നമുക്ക് ഇതിലെല്ലാം അപര്യാപ്തത ഉള്ളതുകൊണ്ടാണ് വാസ്തവത്തില്‍ ഇതിന് പ്രായപരിധി നിശ്ചയിക്കേണ്ടി വരുന്നത്.

വലിയ രീതിയിലുള്ള വ്യാപനം നടക്കുന്നതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ എപ്പോഴായിരിക്കും കേസുകള്‍ സ്വാഭാവികമായി കുറയുമെന്ന് പ്രതീക്ഷിക്കാനാവുക?

വൈറസുകള്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യങ്ങളില്‍ രോഗബാധയില്‍ കുറവ് സംഭവിക്കുന്നതും വേഗത്തില്‍ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ഒക്കെ ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ കുറവുവരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഈ പീക്ക് കഴിഞ്ഞ സംസ്ഥാനങ്ങളിലും അത്തരമൊരു ട്രെന്‍ഡ് ആണ് കാണാന്‍ സാധിക്കുന്നത്. മഹാരാഷ്ട്രയില്‍ പീക്ക് കഴിഞ്ഞ് താഴോട്ട് പോവുകയാണ്. കേരളത്തില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ പെട്ടെന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വരുന്ന രണ്ടാഴ്ച വളരെ ഗുരുതരമായ ഒരു സാഹചര്യമാണ് കേരളത്തില്‍ ഉണ്ടാവുക. അതില്‍ ജാഗ്രത കാണിച്ചേ മതിയാകൂ.

2665 ബെഡുകളാണ് സര്‍ക്കാര്‍ മേഖലയിലെ ഐ.സി.യുകളിലുള്ളത്. അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഐ.സി.യു ബെഡുകള്‍ കൂടുതല്‍ വേണ്ടി വരുമെന്ന് ഉറപ്പാണ്. 4000 ബെഡുകളെങ്കിലും ക്രമീകരിക്കേണ്ടി വരും. എല്ലാ സ്ഥലത്തും ഒരു പോലെയല്ല വേണ്ടി വരിക. ചില ജില്ലകളില്‍ കൂടുതല്‍ വേണ്ടി വരും. കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. അപ്പോള്‍ ഇവിടങ്ങളില്‍ കൂടുതല്‍ ബെഡുകള്‍ വേണ്ടി വരും. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി സംസാരിച്ച് ഒരു ധരണയുണ്ടാക്കുന്നത് എളുപ്പമായിരിക്കും. എന്തായാലും ഈ മുന്നൊരുക്കങ്ങളൊക്കെ ഇപ്പോള്‍ നടത്തേണ്ടതാണ്. ഇത് പെട്ടന്ന് കയറി പെട്ടന്ന് തന്നെ താഴും. പക്ഷെ ആ ഉയര്‍ച്ചക്കിടയിലുള്ള സമയത്തെ വിവേക പൂര്‍വം കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് പ്രതികൂലമായി ബാധിക്കും.

കൊവിഡ് മൂന്നാം തരംഗവും അപ്രതീക്ഷിതമായ ഒന്നല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍. ഈ സ്ഥിതിയില്‍ നമുക്ക് സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് അടുത്ത കാലത്ത് സാധ്യമായിരിക്കുമോ?

അത്തരമൊരു മാറ്റം സാധ്യമാകാതെയില്ല. വാക്‌സിനേഷന്‍ എടുക്കുക എന്നതാണ് അതില്‍ നടത്തേണ്ട പ്രധാനമായ കാര്യം. വാക്‌സിനേഷന്‍ കാര്യമായി നടന്ന സ്ഥലങ്ങളിലെല്ലാം അതിനനുസരിച്ച് മാറ്റവുമുണ്ടായിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. വാക്‌സിന്‍ ഫലപ്രദമായി എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്നസാഹചര്യമുണ്ടായാല്‍ ഇവിടെ മൂന്നാം തരംഗമൊന്നും നമ്മളെ കാര്യമായി ബാധിക്കില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Health Expert Dr. S S Santhosh Kumar about new variant covid 19 virus and taken measures

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more