| Thursday, 30th April 2020, 6:06 pm

പ്രവാസികളും ആശങ്കകളും

ഷഫീഖ് താമരശ്ശേരി

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറിമറിഞ്ഞ ആഗോള സാഹചര്യങ്ങള്‍ തീര്‍ത്ത പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി ബാധിച്ചത് ഇതര രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. ഇതില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികള്‍ നേരിടുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരാണ്.

രോഗപ്പകര്‍ച്ച തീവ്രമായ ഘട്ടത്തില്‍ യു.എ.ഇ സര്‍ക്കാര്‍ പറഞ്ഞത് അവരവരുടെ പൗരന്മാരില്‍ തിരിച്ചുപോകാനാഗ്രഹിക്കുന്നവരെ മാതൃരാജ്യങ്ങള്‍ കൊണ്ടുപോകണമെന്നാണ്. അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായി തൊഴില്‍ബന്ധങ്ങള്‍ പുനപരിശോധിക്കുമെന്ന് വരെ അവര്‍ വ്യക്തമാക്കി. അത്തരമൊരു പ്രസ്താവനയ്ക്ക് നിര്‍ബന്ധിതമായ സാഹചര്യം മനസ്സിലാക്കി പല രാജ്യങ്ങളും നടപടികളുമെടുത്തു. കുറച്ചുരാജ്യങ്ങള്‍ മടങ്ങാനാഗ്രഹിക്കുന്നവരെ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുകയും ചെയ്തു. അപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ അരക്ഷിതാവസ്ഥകളില്‍പ്പെട്ടുകിടക്കുകയാണ് നമ്മുടെ നാട്ടുകാരായ പ്രവാസികള്‍.

കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളും ജനസമ്പര്‍ക്കം വലിയ രീതിയില്‍ വിലക്കിയിരിക്കുകയാണ്. രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ഫ്‌ലാറ്റ് സമുച്ഛയങ്ങളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരിക്കുന്നു. രോഗബാധിതരുടെ കുടുംബങ്ങള്‍ക്ക് ഏകാന്തവാസമൊരുക്കാന്‍ ഹോട്ടലുകളും തയ്യാറാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കയാമെങ്കിലും കൊവിഡ് ഏല്‍പ്പിച്ച അടിയന്തിര സാഹചര്യങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ പരിഹരിക്കാന്‍ പ്രാപ്തമല്ല ഗള്‍ഫ് മേഖലയിലെ ചികിത്സ രംഗം.

ആരോഗ്യ പരിരക്ഷയില്‍ ഏറെ മുന്നിട്ട് നിന്നിരുന്ന വികസിത രാജ്യങ്ങള്‍ പോലും കൊവിഡിന് മുന്നില്‍ പതറി നില്‍ക്കെ ഇവിടങ്ങളില്‍ നില നില്‍ക്കുന്ന ചികിത്സ സംവിധാനം കൊണ്ട് പ്രവാസി സമൂഹത്തിന് സുരക്ഷ ഉറപ്പിനക്കാനാകുമെന്ന് കരുതാന്‍ വയ്യ. 32 ലക്ഷത്തിലധികം മലയാളികള്‍ താമസിക്കുന്ന ഗള്‍ഫ് മേഖലയില്‍ ആരോഗ്യസംഘങ്ങളുടെ സന്ദര്‍ശനം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നത് ഇക്കാരണത്താലൊക്കെയാണ്.

ഒരുപാട് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ എല്ലാ ഗള്‍ഫ് നാടുകളിലും രോഗലക്ഷണങ്ങളോടെ കഴിയുന്നുണ്ട്. ഗൃഹനാഥന്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ കാണിച്ചിട്ടും മാറിത്താമസിക്കാന്‍ പറ്റാതെ പോകുന്ന മലയാളി കുടുംബങ്ങളും ഇതില്‍ പെടുന്നു. പലര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. എട്ടും പത്തും പേര്‍ ഒരേ മുറികളില്‍ താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ഛയങ്ങളാണ് ഗള്‍ഫ് മലയാളികളുടെ സങ്കേതങ്ങളില്‍ ഏറെയും.

ഒറ്റമുറി ഫ്‌ലാറ്റുകള്‍ പങ്കിട്ട് ജീവിക്കുന്ന കുടുംബങ്ങളും ധാരാളം. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളാണ് ലേബര്‍ ക്യാമ്പുകള്‍. ഓരോ കമ്പനിക്കും ഇത്തരത്തില്‍ ഒട്ടേറെ ലേബര്‍ ക്യാമ്പുകളുണ്ട്. വ്യവസായ മേഖലയിലുള്ള ഇത്തരം ക്യാമ്പുകളില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. ഇപ്പോഴാകട്ടെ, പല രാജ്യങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇത്തരം ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ മുറികളിലുമെല്ലാം രോഗലക്ഷണം കാട്ടിയവര്‍ ധാരാളമുണ്ട്. അവരെ ക്വാറന്‍െരൈന്‍ ചെയ്യാനുള്ള സൗകര്യം പോലും പല രാജ്യത്തുമില്ല.

പ്രവാസി മലയാളി വ്യവസായികളും സ്ഥാപനങ്ങളും സന്നദ്ധപ്രവര്‍ത്തകരുമാണ് ഇന്ന് പ്രവാസികള്‍ക്ക് തുണയായി നില്‍ക്കുന്നത്. പക്ഷേ, അതിനും പരിമിതികളുണ്ട്. കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചവരെയെങ്കിലും അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇനിയും ഗള്‍ഫ് നാടുകളിലുണ്ടായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കണം. പുതിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തണം, അവ സജ്ജീകൃതമാക്കണം, അതിനുള്ള ചിലവ് കണ്ടെത്തണം. ഇതെല്ലാമാണ് പ്രവാസികളുടെ ആവശ്യം.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും രോഗമുള്ളവരെന്ന് സംശയിക്കുന്നവരോടൊപ്പം തന്നെ ക്വാറന്‍ൈന്‍ ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളത്തില്‍ നിന്നുള്ള അടിസ്ഥാനവിഭാഗ തൊഴിലാളികളില്‍ വലിയൊരു പങ്കും. മുറിയില്‍ ഒരാള്‍ മുച്ചാല്‍ എല്ലാവരും ഭീതിയിലാകും. പരസ്പരം സംശയത്തോടെ നോക്കിനില്‍ക്കുന്നവര്‍. ചെറിയൊരു പനി, ജലദോഷം, തലവേദന, ആ മുറിയിലെ മുഴുവന്‍ പേരെയും അത് ഭീതിയിലാഴ്ത്തും. ആരോഗ്യമന്ത്രാലയം അവരുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതിനാകട്ടെ ദിവസങ്ങളുടെ കാത്തിരിപ്പും വേണ്ടി വരും.

രോഗഭീതിയും വരുമാനമാര്‍ഗം അടഞ്ഞതുമെല്ലാം ചേര്‍ന്ന് കടുത്ത മനോവിഷമത്തിലകപ്പെട്ട് നൈരാശ്യത്തിന്റെ അങ്ങേത്തലയിലെത്തിയിരിക്കുകയാണ് വളരെയധികം പേര്‍. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുന്ന അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചുള്ള ആധികൂടി കയറി വല്ലാത്ത മാനസ്സികാവസ്ഥകളില്‍പ്പെട്ടിരിക്കുകയാണ്.

കേരള സര്‍ക്കാറിന്റെ പ്രവാസി കേരള വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ നോര്‍ക്ക റൂട്ട്‌സ്, പെട്ടന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന വിദേശമലയാളികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി നാലു ദിവസം പിന്നിട്ടപ്പോഴേക്കും 150 രാജ്യങ്ങളില്‍ നിന്നായി മൂന്നര ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത് എന്നതില്‍ നിന്ന് അതിവേഗം നാട്ടിലെത്താനുള്ള പ്രവാസി മലയാളികളുടെ ആഗ്രഹങ്ങള്‍ വ്യക്തമാണ്.

ഗര്‍ഭിണികള്‍, ഇവിടെ ചികിത്സ ആവശ്യമായവര്‍, പ്രായമായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശകവിസയില്‍ പോയി കുടുങ്ങിയവര്‍, വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍, ജയില്‍ മോചിതര്‍, എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ആദ്യമേ ധാരണയിലെത്തിയതാണ്. ഇവിടെ നോര്‍ക്ക നല്‍കുന്ന രജിസ്‌ട്രേഷന്റെ കണക്കുകളുടെ ചിത്രം പ്രശ്‌നത്തിന്റെ കൂടുതല്‍ സങ്കീര്‍ണതകളെ വ്യക്തമാക്കുന്നതാണ്. നാട്ടിലെത്തിക്കേണ്ട ഗര്‍ഭിണികളുടെ മാത്രം എണ്ണം പതിനായിരത്തിലധികമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ മാത്രം ഒന്നരക്ഷത്തിലധികം പേരുണ്ടെന്നതാണ് ഇതുവരെയുള്ള കണക്ക്.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും യാത്രാസൗകര്യങ്ങളുണ്ടാവുകയും ചെയ്താല്‍ മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയില്‍ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് കേരള സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ പനി, ചുമ, ശ്വാസം മുട്ടല്‍, എന്നീ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി സ്രവപരിശോധന നടത്തി രോഗബാധിതരെങ്കില്‍ ചികിത്സ നല്‍കുക, അവരുടെ ലഗേജുകള്‍ ആ കേന്ദ്രങ്ങളില്‍ തന്നെ വെക്കുക, വിമാനത്താവളങ്ങളില്‍ തന്നെ പ്രാഥമിക പരിശോധന നടത്തി രോഗലക്ഷണം കാണാത്തവരെ സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ പ്രീ-പെയ്ഡ് ടാക്‌സികളില്‍ വീട്ടിലെത്തിച്ച് ക്വാറന്റയിനിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുക.

തിരിച്ചുവരുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനും അവരുടെ ചികിത്സാസംവിധാനത്തിനുമായി രണ്ടുലക്ഷത്തിലധികം കിടക്കകളുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ പ്രവര്‍ത്തനങ്ങളെല്ലാം സംയോജിപ്പിക്കാന്‍ ഏഴ് സെക്രട്ടറിമാരടങ്ങുന്ന ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമായിരിക്കും വീടുകളിലേക്ക് അയയ്ക്കുക. ഇവര്‍ 14 ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ ബന്ധുക്കള്‍ക്ക് എത്താന്‍ കഴിയില്ല. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റൈന്‍ ചെയ്യാം.

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രതിരിക്കുന്നതിന് മുമ്പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിംഗിന്റെ എണ്ണം, കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികള്‍ തുടങ്ങിയവയുമായി ചര്‍ച്ച ചെയ്യണം.

പ്രവാസികളെ വിമാനത്താവളത്തില്‍ വെച്ചു തന്നെ സ്‌ക്രീനിംഗ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോക്കോളും ആരോഗ്യവകുപ്പ് തയ്യാറാക്കണം. പ്രവാസികളില്‍ നിന്ന് വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

1.വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവര്‍
2. വയോജനങ്ങള്‍
3. ഗര്‍ഭിണികള്‍
4. കുട്ടികള്‍
5. രോഗികള്‍
6. വിസ കാലാവധി പൂര്‍ത്തിയായവര്‍
7. കോഴ്‌സുകള്‍ പൂര്‍ത്തിയായ സ്റ്റുഡന്റ് വിസയിലുള്ളവര്‍.
8. ജയില്‍മോചിതരായവര്‍
9. മറ്റുള്ളവര്‍
എന്നിങ്ങനെയുള്ള മുന്‍ഗണനാക്രമത്തിലായിരിക്കും പ്രവാസികള്‍ക്കുള്ള മടക്കയാത്രക്കുള്ള അവസരം നല്‍കുക.

തൊഴില്‍പരമായ ആശങ്കകളും പ്രവാസികള്‍ക്കിടയില്‍ രൂക്ഷമാണ്. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് എല്ലാം കെട്ടടങ്ങുമെന്നും ഇവിടെ തന്നെ പഴയതുപോലെ ജീവിതം തുടരാമെന്നുമാണ് ഇടത്തരക്കാര്‍ പോലും വിചാരിച്ചിരുന്നത്. കൊവിഡ് ഒരു മാഹാമാരിയായി മാറുമെന്ന് ആരും കരുതിയില്ല. അതിത്രവേഗം പടികടന്നെത്തുമെന്നും ജീവിതത്തെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. കടകളിലും ചെറുകിട കമ്പനികളിലും കഫറ്റീരിയകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ജോലിയെടുത്ത് വന്നിരുന്ന ആയിരക്കണക്കിന് പേര്‍ ഇപ്പോള്‍ മുറിക്കുള്ളില്‍ തന്നെയാണ്. രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ തന്നെയാണ് തൊഴില്‍ സുരക്ഷിതത്വത്തിന്റെയും പ്രശ്‌നങ്ങള്‍ കടന്നുവരുന്നത്. പല കമ്പനിയും ശമ്പളമില്ലാത്ത അവധി നല്‍കിയിരിക്കുകയാണ്. ചിലരാകട്ടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നു. ദീര്‍ഘകാല അവധിയെടുത്ത് പോകാനാണ് മറ്റുചില കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗള്‍ഫ് മലയാളികളില്‍ 70 ശതമാനത്തോളം താഴെ കിടയില്‍ ജോലി ചെയ്യുന്നവരാണ്. സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി, ക്ലീനിംഗ് കമ്പനി, ചെറുകിട ടെക്‌നിക്കല്‍ കമ്പനി, ഡെലിവറി, ഡ്രൈവര്‍മാര്‍ തുടങ്ങിയ വലിയ വിഭാഗം തൊഴിലാളികളാണ് ഇപ്പോള്‍ വഴിമുട്ടിനില്‍ക്കുന്നത്. ഓരോ മാസവും ആദ്യ ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് പണമയച്ച് ബാക്കിയുള്ള പണം കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നതാണ് സാധാരണ പ്രവാസികളുടെ പതിവ്. ആ ചങ്ങല പലയിടത്തും ഇപ്പോള്‍ മുറിഞ്ഞിരിക്കുന്നു. പണമിടപാടുകളുടെ എണ്ണവും തുകയും ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നതാണ് മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സൂചനകള്‍.

പ്രവാസികളായ ഇന്ത്യക്കാര്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ നില്‍ക്കട്ടെ എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ലോകമാകെ പകര്‍ച്ചവ്യാധി പടര്‍ന്ന വേളയില്‍ മറ്റുരാജ്യങ്ങളിലെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമേരിക്കയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തുള്ളവരെ തിരിച്ചുകൊണ്ടുപോകാന്‍ വിദേശരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടയിലാണ് പ്രവാസികളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരിക സാധ്യമല്ലെന്ന കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചത്

ആരോഗ്യമേഖല

നാട്ടിലെ ആശുപത്രി സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭീമമായ തുകയാണ് യു.എ.ഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യസംവിധാനങ്ങളില്‍ ആവശ്യമായി വരുന്നത്. ഭീമമായ തുക നല്‍കുമ്പോഴും നാട്ടില്‍ ലഭിക്കുന്നത് പോലെയുള്ള കൃത്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാറുമില്ല. ആറും ഏഴും മാസം ഗര്‍ഭിണികളായ പലരും നാട്ടില്‍ ചെന്ന് പ്രസവവും മറ്റു കാര്യങ്ങളും നോക്കാം എന്നാണ് കരുതിയിരുന്നത്. അത്തരത്തിലുള്ള പല കുടുംബങ്ങളും ഈ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്.

തുച്ഛമായ വരുമാനമുള്ള പല കുടുംബങ്ങളും ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പിന്‍ബലത്തിലായിരിക്കും ഇതുവരെയുള്ള ചെലവുകള്‍ നിര്‍വഹിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ തന്നെ വിസ ലഭിക്കുന്ന ഷാര്‍ജ, ഫുജൈര്‍, റാസല്‍ഖൈമ എന്നീ സ്ഥലങ്ങളില്‍ നിരവധി പ്രവാസികളുണ്ട്. ഇവര്‍ക്കൊക്കെ നാട്ടില്‍ പോകാനാകാതെ അവിടെ കഴിയുമ്പോള്‍ വലിയ തുകയായിരിക്കും സാധാരണ പ്രസവത്തിന് പോലും ചിലവാക്കേണ്ടി വരിക. ഇനി എന്തെങ്കിലും കോപ്ലിക്കേഷന്‍ ഉണ്ടായാല്‍ ഈ തുക താങ്ങാവുന്നതിന്റെ അപ്പുറത്തേക്കായിരിക്കും.

സാമ്പത്തികനില

കഴിഞ്ഞ രണ്ടാഴ്ചക്ക് മുകളിലായി യു.എ.ഇയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ സാധാരണ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ട്. സലൂണ്‍, പ്രിന്റിംഗ് പബ്ലിഷിംഗ്, മൊബൈല്‍ ഷോപ്പുകള്‍, ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, വസ്ത്രവ്യാപാരം, ടൈപ്പ് റൈറ്റിംഗ് തുടങ്ങിയ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഹോട്ടലുകളും പലചരക്ക് കടകളും ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയുള്ള തൊഴിലാളികളെയെല്ലാം ലോക്ക് ഡൗണ്‍ സാരമായി തന്നെയാണ് ബാധിച്ചിട്ടുള്ളത്. ഗള്‍ഫ് പ്രവാസികളെല്ലാം തന്നെ വളരെ ഉയര്‍ന്ന തോതിലുള്ള ദൈനംദിന ചിലവുകള്‍ നേരിട്ടുകൊണ്ടാണ് ഇവിടെ കഴിഞ്ഞുകൂടുന്നത്. വാടക, വെള്ളം, ഇലക്ട്രിസിറ്റി, ഇന്റര്‍നെറ്റ്, ഫോണ്‍ കോള്‍ ചാര്‍ജ്, ഭക്ഷണം, ആശുപത്രി ചിലവുകള്‍ ഇതെല്ലാം പൂര്‍ത്തികരിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവരാണ് ശരാശരിക്ക് താഴെയുള്ള എല്ലാ ഗള്‍ഫ് പ്രവാസികളും.

രോഗം വന്നവരെയോ രോഗലക്ഷണങ്ങളുള്ളവരെയോ രോഗം വന്ന മാറിയവരെയോ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നല്ല പ്രവാസി സംഘടനകളൈാന്നും തന്നെ ആവശ്യപ്പെടുന്നത്. ലോക്ക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായവരെയും ജോലി നഷ്ടപ്പെട്ടവരെയും നാട്ടിലേക്ക് തിരികെയെത്തിക്കണമെന്ന് മാത്രമാണ്.

ഇവിടുത്തെ സര്‍ക്കാരുകള്‍ പലതും സ്ഥാപനങ്ങള്‍ക്ക് ശമ്പളം വെട്ടികുറക്കാനും പിരിച്ചുവിടാനുമൊക്കെ അനുവാദം നല്‍കുന്ന തരത്തിലുള്ള നടപടികളാണ് ലോക്ക് ഡൗണിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ പ്രവാസികളില്‍ പലരും ഇപ്പോള്‍ തന്നെ വരുമാനമില്ലാത്തവരായി മാറിക്കഴിഞ്ഞു.

തൊഴില്‍ ഉടമകളെയും പഴിചാരനാകില്ല. കാരണം കോടീശ്വരന്മാരല്ല, യു.എ.ഇയിലെ ബഹുഭൂരിപക്ഷം സ്ഥാപന ഉടമകളും. മാത്രമല്ല സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളായ തൊഴില്‍ ഉടമകള്‍ കൂടിയുള്ള നാടാണ് മിക്കവാറും ഗള്‍ഫ് രാജ്യങ്ങളെല്ലാം. അതിനാല്‍ തന്നെ അവര്‍ക്ക് ശമ്പളം വെട്ടിച്ചുരുക്കലും ജോലിക്കാരെ പിരിച്ചുവിടാനുമൊക്കെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വന്നിട്ടുണ്ട്.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ വരുമാനമില്ലാത്ത വലിയ ശതമാനം പ്രവാസികളാണ് ഇപ്പോള്‍ പല ഗള്‍ഫ് രാജ്യങ്ങളിലുമുള്ളത്. ഇനിയും ഇവരെ നാട്ടിലെത്തിച്ചില്ലെങ്കില്‍ ഇവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി പോലും കടമെടുക്കേണ്ടി വരുകയും അത് തിരിച്ചടക്കാനാകാതെ നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്‌തേക്കാം.

മാനസിക സംഘര്‍ഷം

ഈ സാമ്പത്തിക പ്രതിസന്ധിയും രോഗവ്യാപനവുമെല്ലാം സൃഷ്ടിക്കുന്ന മാനസികസംഘര്‍ഷം കൂടി നാട്ടില്‍ നിന്നും അകന്നുനില്‍ക്കുന്ന പ്രവാസികള്‍ നേരിടേണ്ടി വരുന്നുണ്ട്. ജീവിതത്തെ കുറിച്ചുള്ള ആശങ്കളും രോഗമുണ്ടോ എന്ന സംശയവും ഒരുപക്ഷെ ഇനിയും വൈകിയാല്‍ പലരെയും ആത്മഹത്യയിലേക്ക് കൂടി നയിച്ചേക്കുമെന്ന് പ്രവാസികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. എല്ലാ പ്രവാസികളുടെയും സ്ഥിതി പരിതാപകരമായിരിക്കണമെന്നില്ല. പക്ഷെ അത്തരത്തില്‍ കടന്നുപോകുന്നവരെ ഈ വിഷമ കാലഘട്ടത്തില്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്കും സമാധാനത്തിലേക്കും എത്തിക്കേണ്ടത് അനിവാര്യമാണ്.

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍

യു.എ.ഇയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ നിര്‍മ്മാണ മേഖലയെ ഇപ്പോഴും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരകണക്കിന് പേരാണ് ഇവിടെ നിര്‍ബന്ധിതരായി ജോലി ചെയ്യേണ്ടി വരുന്നത്. സ്വന്തം സുരക്ഷിതത്വം പോലും വകവെക്കാതെ പ്രവാസികള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക് ജോലിക്കായി എത്തുന്നത്, ദൈനംദിന ചെലവുകള്‍ നടത്താനും മിച്ചം വരുന്ന സംഖ്യ മുടങ്ങാതെ നാട്ടിലേക്ക് അയക്കാനും വേണ്ടിയാണ്.

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികളെയും ഈ വിഷയത്തില്‍ കുറ്റപ്പെടുത്താനാകില്ല. ആഗ്രഹിച്ചാല്‍ പോലും ഏതെങ്കിലും ഒരു കമ്പനിക്ക് ഒറ്റക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാവില്ല, കാരണം മറ്റു കമ്പനികളെല്ലാം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിര്‍ത്തിവെക്കല്‍ നടപടികള്‍ ഈ കമ്പനിയെ സാമ്പത്തികമായി തകര്‍ക്കും. കൂടാതെ സൈറ്റ് ഉടമകള്‍ ജോലികള്‍ മറ്റേതെങ്കിലും കമ്പനിയെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്.

അതായത് ബിസിനസ്സിന്റെ സുരക്ഷിതത്വത്തിനായി കമ്പനികള്‍ക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുകയും വരുമാനത്തിനായി തൊഴിലാളികള്‍ക്ക് സൈറ്റിലെത്തിയേ തീരു എന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ തൊഴിലാളികള്‍ക്കിടയില്‍ തന്നെ ഇപ്പോള്‍ ജോലിയില്‍ നിന്നുവിട്ടുനില്‍ക്കാനും നാട്ടിലെത്താനും ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.

ഇപ്പോള്‍ ഈ തൊഴിലാളികളെല്ലാം വലിയ ലേബര്‍ ക്യാംപുകളിലാണ് താമസിക്കുന്നത്. നിരന്തരമായ ആവശ്യപ്പെടലുകള്‍ക്ക് ശേഷം യു.എ.ഇ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രോഗികളെയും രോഗലക്ഷണമുള്ളവരെയും മാറ്റി താമസിപ്പിക്കുന്നതിനുള്ള ഐസോലേഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും ഇക്കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എങ്കിലും ഇവിടെ നിലനിന്ന് പോകാനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്ത പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങണമെന്ന് തന്നെയാണ് ആവശ്യപ്പെടുന്നത്. അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേ തീരൂ എന്നാണ് പ്രവാസികള്‍ക്കിടയില്‍നിന്നും ഉയരുന്ന മുറവിളികള്‍.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more