കോവിഡ് 19 സീവിയര്‍ ആയി പടര്‍ന്ന് പിടിച്ച ചൈന, ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ നമുക്ക് ആശ്വസിക്കാന്‍ പലതുമുണ്ട്. അതേസമയം കാര്യങ്ങള്‍ കൈവിടാനുള്ള പഴുതുകളും ഇവിടെ ഉണ്ട് എന്ന വസ്തുതയും മറക്കരുത്. ഈ ഘട്ടത്തില്‍ പാളിച്ചകള്‍ പരിഹരിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ യോജിച്ചുള്ള പരിശ്രമങ്ങള്‍ വേണം.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ആശാവഹമാണ്. എന്നാല്‍ അതിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിക്കണം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെയുള്ള സ്വകാര്യ ആശുപത്രി ശൃംഖലകള്‍, ലാബുകള്‍, സ്വകാര്യ ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്‍, നഴ്‌സുമാര്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകള്‍, പാലീയേറ്റീവ് പ്രസ്ഥാനം തുടങ്ങിയവയുടെ സേവനങ്ങള്‍ എങ്ങെനെ പ്രയോജനപ്പെടുത്താം എന്നതിന് വ്യക്തമായ ധാരണയും പദ്ധതിയും വേണം.
ഇപ്പോള്‍ സര്‍ക്കാര്‍ ഈ വഴിക്ക് ആലോചിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. പല സ്വകാര്യ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു. റിട്ടയര്‍ ചെയ്തവരും തൊഴില്‍ ചെയ്യാത്തവരുമായ നഴ്‌സുമാര്‍ തങ്ങളുടെ സൗജന്യ സേവനം വഗ്ദാനം ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ലാബ് ടെക്‌നീഷ്യന്മാരുടെ സേവനവും ലഭ്യമാക്കാന്‍ കഴിയും. അതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കി ഏകോപനം ഉണ്ടാക്കേണ്ടതുണ്ട്.
ഡോകറ്റര്‍മാരുടെ ടെലി കണ്‍സള്‍ടിംഗ് സൗകര്യം വ്യാപകമായി ലഭ്യമാക്കണം. ഹൗസ് സര്‍ജന്‍സിന്റെയും മെഡിക്കല്‍
പി.ജി വിദ്യാര്‍ത്ഥികളുടെയും സേവനം ഇതില്‍ ഉപയോഗിക്കാമോ എന്ന് ആലോചിക്കണം. ഓരോ പ്രദേശത്തുമുള്ള ആമ്പുലന്‍സുകളുടെ സേവനങ്ങളും വൈദ്യ സഹായങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയണം. മൊബൈല്‍ ലാബുകളുടെ സാധ്യതയും പരിശോധിക്കണം.
പ്രളയ കാലത്ത് റെസ്‌ക്യു ഘട്ടത്തില്‍ നമുക്ക് ഏറ്റവും സഹായകമായത് സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളുമാണ്. രോഗപ്പകര്‍ച്ചയുടെ ഭീതി നില നില്‍ക്കുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കുന്നതില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. എങ്കിലും സാമൂഹ്യ സമ്പര്‍ക്കം പരമാവധി
ഒഴിവാക്കിയുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഒരു മാര്‍ഗ രേഖ ഉണ്ടാക്കാന്‍ ശ്രമിക്കണം.
ഉദാഹരണത്തിന് ഹോം ക്വാറന്റയിനില്‍ കഴിയുന്നവരെ വിളിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും മാനസിക പിന്തുണയും ആവശ്യമായ മറ്റുസഹായങ്ങളും ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുകയും ചെയ്യാം. അതുപോലെ വീടുകളില്‍ പുറത്ത് പോകാനാവാത്ത സ്ഥിതിയില്‍ പട്ടിണിയാകുന്ന കുടുംബങ്ങള്‍ക്ക് അത്യാവശ്യ ഭക്ഷണവും മരുന്നും എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ ആവശ്യമുണ്ട്.
വീടുകളിലും വൃദ്ധ സദനങ്ങളിലുമുള്ള പ്രായം ചെന്നവരുടെ കാര്യത്തിലും ചില കമ്യൂണിറ്റി ഇനീഷ്യേറ്റീവ്‌സ് വേണം. ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് മാനസികമായ പിന്തുണയും ധൈര്യവും നല്‍കാന്‍ പ്രഫഷനല്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കാനെങ്കിലും സാധിക്കണം.
മറ്റ് രാജ്യങ്ങളില്‍ ആഴ്ചകളായി ജന ജീവിതം സ്തംഭിച്ച് നില്‍ക്കുകയാണ്. വീടുകളില്‍ ഒതുങ്ങേണ്ട, കര്‍ഫ്യൂ സമാനമായ സ്ഥിതി നമ്മളും വരും ദിനങ്ങളില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ അതുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ നമ്മള്‍ മുന്‍കൂട്ടി കാണണം.
ചെറുകിട കച്ചവട മേഖലയെയും കാര്‍ഷിക രംഗത്തെയും നിര്‍മ്മാണ മേഖലയെയുമെല്ലാം അതുലയ്ക്കും. ഈ സന്ദര്‍ഭത്തില്‍ ആവശ്യമായ സാമ്പത്തികമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. വൈദ്യുതി ചാര്‍ജ്ജ്, മാസ വാടക, ടാക്‌സി വാഹനങ്ങളുടെ ടാക്‌സ് തുടങ്ങിയവയില്‍ ഇളവ് നല്‍കാന്‍ പല രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് നമ്മളും ചിന്തിക്കേണ്ടി വരും.
ഒരു ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തന്നെ റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും വന്‍ തിരക്കാണനുഭവപ്പെട്ടത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പലതും ഒറ്റ ദിവസം കൊണ്ട് കാലിയായി. ഇപ്പോള്‍ ആളുകള്‍ വീട്ടില്‍ സ്റ്റോക്ക് ചെയ്ത അവശ്യ വസ്തുക്കള്‍ തീരുമ്പോഴേക്കും പൊതുവിതരണ സംവിധാനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഓണ്‍ലൈന്‍, ഡോര്‍ റ്റു ഡോര്‍ ഡെലിവറി സംവിധാനങ്ങളുടെ സാധ്യത ആരായാന്‍ താമസിച്ചു കൂടാ.
ഇറ്റലിയും സ്‌പെയിനുമെല്ലാം വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മ വിശ്വാസം പകരുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ വൈറസ് സംക്രമണ നിരക്ക് ശതഗുണീ ഭവിച്ചപ്പോള്‍ അവരും പതറിപ്പോകുകയാണ്. വികസിത രാജ്യങ്ങളുടെ സ്ഥിതി അതാണെങ്കില്‍, ഒരു ഘട്ടം പിന്നിട്ടാല്‍ നമ്മുടെ അവസ്ഥ എന്താകുമെന്ന് പ്രവചിക്കാനാകില്ല.
എങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം. സമയം പാഴാക്കാതെ ആസൂത്രങ്ങള്‍ നടത്തുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണ് ഇപ്പോള്‍ ആവശ്യം. വീട്ടിലിരിക്കുന്നതും ഒരു സമരമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങുന്നുണ്ട്. അവരുടെ ആത്മ ധൈര്യം ചോര്‍ന്ന് പോകാതെ നില നിര്‍ത്താന്‍ സര്‍ക്കാറും സാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം ഒന്നിച്ച് നില്‍ക്കുകയാണ് ഇനിയുള്ള ദിനങ്ങളില്‍ ആവശ്യം.