| Thursday, 23rd April 2020, 7:53 pm

കൊറോണയും ഇന്ത്യയുടെ തൊഴില്‍മേഖലയും

ഡോ. എസ്.മുഹമ്മദ് ഇർഷാദ്

ലോകം അവരവരുടെ ഇടങ്ങളിലേക്ക് ചുരുക്കപ്പെടേണ്ടിവന്നത് ലോകമൊന്നാകെ തുറന്നു വയ്ക്കപ്പെടുന്ന ആഗോളീകരണ കാലത്തെ ഏറ്റവും വലിയ സമസ്യകളില്‍ ഒന്നാണ്. തുറന്ന വിപണി എന്നത് ലോകമെമ്പാടും അംഗീകരിച്ച ഒരു സാമ്പത്തിക നയമായി മാറിയ കാലത്തിലാണ് ലോകം അതിവേഗം വ്യക്തികളിലേക്ക് ചുരുക്കപ്പെട്ടത്. ഇതുവരെ ദേശരാഷ്ട്ര അതിര്‍ വരമ്പുകള്‍ ഇല്ലാതെ വിപണി നിയന്ത്രിക്കുന്ന ഒരു ലോകക്രമത്തിന് വേണ്ടിയാണ് ലോകം ശ്രമിച്ചുകൊണ്ടിരുന്നത്.

ഇത്തരം ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ നിയന്ത്രണം ഉണ്ടാകുന്നത്. ഈ മഹാമാരി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധികളെകുറിച്ച് നിരവധി പഠനങ്ങളും വിലയിരുത്തലുകളും വന്നുകഴിഞ്ഞു. വളരെ വേഗം മറികടക്കാന്‍ കഴിയുന്നതല്ല മഹാമാരി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്ന് വ്യക്തമാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് പലമാനങ്ങള്‍ ഉണ്ട്. സര്‍ക്കാരിന്റെ ധന കമ്മി മുതല്‍ തൊഴില്‍ നഷ്ട്ടം വരെ ഇതില്‍ ഉള്‍പ്പെടും. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച രണ്ടു തരം പ്രതിസന്ധികളും ഒരുപോലെയുണ്ടാകും. സര്‍ക്കാര്‍ നികുതി വരുമാനത്തില്‍ ഉണ്ടാക്കുന്ന കുറവ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും സര്‍ക്കാര്‍ വകുപ്പുകളുടെ ദൈനംദിന ചിലവും ഒക്കെ ഇതിലുള്‍പ്പെടും. തൊഴില്‍ നഷ്ടമാണ് സാമ്പത്തിക പ്രതിസന്ധികളിലെ ഏറ്റവും പ്രധാനപെട്ടതും മാനുഷിക-വികസന കേന്ദ്രീകൃതമായതും.

ആഗോള സാമ്പത്തിക രംഗത്തും ദേശീയമായും വലിയ തോതിലുള്ള മാറ്റങ്ങള്‍ മഹാമാരി മൂലം സംഭവിക്കും. അതില്‍ പ്രധാനം തൊഴിലവസരങ്ങളുടെ നഷ്ട്ടം തന്നെയായിരിക്കും. നിലവില്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന നിയമങ്ങള്‍ ഒന്നും തന്നെ ലോകത്തൊരിടത്തും നിലനില്‍ക്കുന്നില്ല. അത് കൊണ്ട് തന്നെ കൂടുതല്‍ തൊഴിലവരസങ്ങള്‍ നല്‍കിക്കൊണ്ട് മഹാമാരി ഭൂരിപക്ഷം വരുന്ന മനുഷ്യര്‍ക്കുണ്ടാക്കിയ ദുരിതം മറികടക്കുമെന്ന് ഒരു സര്‍ക്കാരും അവകാശപെടില്ല. ഒരു സര്‍ക്കാറിനും അതാത് രാജ്യത്തെ/ പ്രദേശത്തെ വ്യവസായികളോട് ആവശ്യപ്പെടാന്‍ കഴിയില്ല.

ഏറ്റവും അടുത്ത കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ 10 ശതമാനത്തോട് അടുക്കുന്നു, നഗരങ്ങളിലെ തൊഴില്‍ മേഖലകളില്‍ നിന്നും തൊഴിലാളികളുടെ വലിയതോതിലുള്ള മടക്കവും ഗ്രാമങ്ങളില്‍ അതുണ്ടാക്കുന്ന തൊഴില്‍ രഹിതരുടെ ആധിക്യവും ഇന്ത്യ മഹാരാജ്യത്തെ വലിയ തോതിലുള്ള സാമൂഹിക അസമത്വത്തിലേക്ക് നയിക്കും.

ലോകബാങ്കും, ഐ.എം.എഫും, ഐ.എല്‍.ഓയും അടക്കമുള്ള സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ തന്നെ മഹാമാരി മൂലം ലോകമൊട്ടാകെ 195 മില്യണ്‍ തൊഴില്‍ നഷ്ട്ടമുണ്ടാകും. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 48.7 മില്യണ്‍ തൊഴില്‍ നഷ്ടമാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന കണക്കാക്കുന്നത്. ഇന്ത്യയില്‍ തൊഴില്‍ നഷ്ടത്തിന്റെ ആഘാതം കൂടുതലാകും. കാരണം കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ഇന്ത്യ മഹാരാജ്യത്ത് 90 ലക്ഷം മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടപെട്ടു കഴിഞ്ഞു. അങ്ങനെ കണക്കാക്കിയാല്‍ ഇന്ത്യയില്‍ മഹാമാരി ഉണ്ടാക്കുന്ന തൊഴില്‍ നഷ്ട്ടം ഇപ്പോള്‍ കണക്ക് കൂട്ടുന്നതിനേക്കാള്‍ കൂടുതലായിരിക്കും, നിലവില്‍ ഉള്ള 90 ലക്ഷത്തിലേക്ക് പുതിയ മനുഷ്യര്‍ കൂട്ടിചേര്‍ക്കപ്പെടുന്നത്തോടെ തൊഴില്‍ നഷ്ട്ടം വലിയ സാമൂഹിക വിപത്താവും.

തൊഴില്‍ നഷ്ടവും രാഷ്ട്രീയ ഇടപെടലുകളും

ദരിദ്രരായ മനുഷ്യരുടെ തൊഴില്‍ നഷ്ട്ടം ഒരു തരത്തില്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിസന്ധിയില്‍ ആക്കേണ്ടതാണ്, എന്നാല്‍ തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അധികാര രാഷ്ട്രീയത്തെ ബാധിക്കുന്ന ഒന്നല്ല. അത് കൊണ്ട് തന്നെ തൊഴില്‍ സംരക്ഷണം രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗവുമല്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതികൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഈ രാജ്യത്തെ തൊഴിലില്ലായ്മ. കോവിഡ്-19 മൂലം ഉണ്ടാകുന്ന ഉല്പാദന കുറവും മാന്ദ്യവും പരിഹരിക്കാന്‍ പോകുന്നത് വന്‍തോതില്‍ തൊഴില്‍ വര്‍ധിപ്പിച്ചു കൊണ്ടായിരിക്കില്ല പകരം കുറഞ്ഞ വേതനവും, വര്‍ധിച്ച ജോലിസമയവും കുറഞ്ഞ സാമൂഹിക സുരക്ഷാ പദ്ധതികളും ഒക്കെ കൊണ്ടായിരിക്കും.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒക്കെ തന്നെ ആ വഴിക്കാണ്. മൂലധന ശക്തികള്‍ക്ക് ഇതിനുള്ള എല്ലാവിധ സഹായവും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കേണ്ടിവരും. നഷ്ടപ്പെട്ട തൊഴിലുകള്‍ പുനസംരക്ഷിച്ചുകൊണ്ടായിരിക്കില്ല മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നയവും ഇത് തന്നെയായിരിക്കും.

ഈ മഹാമാരി ഉണ്ടാക്കിയ ഏറ്റവും വലിയ മാറ്റം എന്ന് പറയാവുന്നത് സര്‍ക്കാരുകള്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തി ആയി മാറി എന്നതാണ്. കേരളവും ഇതിനപവാദമല്ല. മഹാമാരി ഉണ്ടാക്കിയ അധികാര കേന്ദ്രീകരണവും വര്‍ഷങ്ങളായി രൂപപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെ അപ്രസ്‌കതമാക്കികൊണ്ട് ഭരണാധികാരികള്‍ക്ക് കിട്ടുന്ന വ്യക്തിപരമായ അംഗീകാരവും വര്‍ത്തമാനകാല മുതലാളിത്ത സൃഷ്ടിയാണ് എന്നുള്ളിടത്താണ് ഈ മഹാമാരി പൗരന് വലിയ തോതിലുള്ള ഭീഷണി ആയി മാറുന്നത്.

ഇത്തരത്തില്‍ ജനാധിപത്യത്തെ വ്യക്തി കേന്ദ്രീകൃതമാക്കുന്നതോടെ ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന് സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷിതത്വം പോലും സര്‍ക്കാറിന്റെ അധികാരത്തെ നിര്‍ണയിക്കുന്നതായി മാറും. അത് കൊണ്ട് കൂടിയാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ നല്‍കുന്ന അരിയും, രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളും വലിയ ആഘോഷമാക്കുന്നതും സര്‍ക്കാറിനെ ദൈവതുല്യമായ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി അവതരിപ്പിക്കുന്നതും.

എന്നാല്‍ സര്‍ക്കാറുകള്‍ക്ക് മേല്‍ സമാന്തര അധികാരം ചെലുത്താന്‍ കഴിയുന്ന കോര്‍പറേറ്റ് ശക്തികളുടെ സമ്മര്‍ദ്ദം മറികടക്കാനോ ഒഴിവാക്കാനോ കഴിയുന്നതല്ല. നമ്മുടെ പാര്‍ലമെന്ററി സംവിധാനം അത് കൊണ്ട് തന്നെ മഹാമാരിക്ക് ശേഷമുള്ള
സാമ്പത്തിക ക്രമത്തില്‍ പൗരനായിരിക്കില്ല പ്രാധാന്യം. പകരം മൂലധനത്തിനും അതിന്റെ
വളര്‍ച്ചക്കും ആയിരിക്കും. പലപ്പോഴും ഇത്തരം ഗൗരവമായ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ് പതിവ്.

1930 കളില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുക എന്ന ആശയത്തിന് വലിയ പ്രസക്തി ഉള്ള കാലം കൂടിയാണിത്. എന്നാല്‍ അത്തരത്തില്‍ തൊഴിലാളി കേന്ദ്രീകൃതമായ ഒരു സാമ്പത്തിക നയം നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ അതിന് വേണ്ട സാമ്പത്തിക നയരൂപീകരണത്തിനുള്ള ഒരു വ്യവസ്ഥിതിയോ ഇന്ന് നിലവിലില്ല, അത് കൊണ്ട് തന്നെ ഈ മഹാമാരി ഉണ്ടാക്കുന്ന തൊഴില്‍ നഷ്ടവും സാമ്പത്തിക അസമത്വങ്ങളും ഉടന്‍ പരിഹരിക്കപ്പെടില്ല.

വലിയ വിഭാഗം ജനങ്ങള്‍ മഹാമാരി ഉണ്ടാകുന്ന ആഘാതത്തെ അതിജീവിക്കാന്‍ നീണ്ടകാലം കാത്തിരിക്കേണ്ടി വരും. സൗജന്യ റേഷനും ആയിരം രൂപ ധനസഹായത്തിനും താത്കാലികമായ സംരക്ഷണം നല്‍കാനേ കഴിയൂ എന്നും മനസിലാക്കുന്നിടത്താണ് വികസന ജനാധിപത്യം സംരക്ഷിക്കപെടുന്നത്.

ഡോ. എസ്.മുഹമ്മദ് ഇർഷാദ്

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ അധ്യാപകനാണ്

We use cookies to give you the best possible experience. Learn more