| Monday, 6th April 2020, 5:04 pm

ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കൊവിഡ് 19 കുഴിവെട്ടിമൂടുക നമ്മുടെ വ്യക്തിവാദത്തെ

രോഹിണി നിലേകാനി

സഹജമായ മൂല്യബോധമുള്ളവരാണ് ഓരോ മനുഷ്യനും എന്ന ചിന്തയാണ് വ്യക്തിവാദം മുന്നോട്ടുവെക്കുന്നത്. നൂറ്റാണ്ടുകളോളം നമ്മുടെ സാമൂഹിക സംഘാടനത്തെയും സാമ്പത്തിക രംഗത്തെയും നീതിബോധത്തെയും സംബന്ധിച്ചുള്ള ചിന്തകള്‍ രൂപം കൊണ്ടുവന്നിട്ടുള്ളത് വ്യക്തിവാദത്തില്‍ നിന്നാണ്. എന്നാല്‍ വ്യക്തികളുടെ നിഷേധിക്കാനാവാത്ത അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും നല്‍കിക്കൊണ്ടിരുന്ന പ്രാധാന്യം അടുത്തിടെയായി വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ജ്ഞാനോദയ കാലത്താണ് പാശ്ചാത്യലോകത്ത് വ്യക്തിവാദം രൂപംകൊള്ളുന്നത്. അത് ഒരു വ്യക്തിയുടെ ധാര്‍മ്മികമൂല്യത്തില്‍ വിശ്വസിച്ചിരുന്നു. ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ക്ക് ഭരണകൂടത്തിനും സാമൂഹിക സംഘങ്ങള്‍ക്കും മുകളില്‍ സ്ഥാനം ഉണ്ടായിരിക്കണമെന്നും അത് വിശ്വസിച്ചിരുന്നു. സ്വതന്ത്രവിപണിയില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവരായി വ്യക്തികളെ കണക്കാക്കുന്ന ലേസെഫേര്‍ അഥവാ വ്യക്തിവാദ മുതലാളിത്തത്തിന് ഇതാണ് ജന്മം നല്‍കുന്നത്.

പാശ്ചാത്യ രീതിയിലുള്ള വ്യക്തികേന്ദ്രീകൃത ചിന്തയ്ക്ക് രണ്ടാം ലോകമഹായുദ്ധം തൊട്ടാണ് കൂടുതല്‍ പ്രചാരം കൈവരുന്നത്. യൂറോപ്പിന്റെ വലിയൊരു ഭാഗവും സോവിയറ്റ് യൂണിയന്റെ സ്വാധീനത്തില്‍ ആയിരുന്നപ്പോള്‍ പോലും, ചൈനയില്‍ വിപണിവികാസം കൈവന്നിട്ടില്ലാത്തപ്പോള്‍ പോലും അമേരിക്കന്‍ അധീശത്വമാണ് വ്യക്തിവാദങ്ങള്‍ക്ക് കുതിച്ചുചാട്ടം നല്‍കിയത്. അഭിമാനികളും കര്‍ക്കശക്കാരുമായ, ഇച്ഛാശക്തിയാല്‍ പുരോഗതിയിലേക്ക് അതിവേഗം നീങ്ങുന്ന വ്യക്തികളായിരുന്നു ആ മാതൃകയുടെ കേന്ദ്രത്തില്‍.

ആ വര്‍ഷങ്ങളില്‍ തന്നെ മറ്റൊരു തരത്തിലുള്ള വ്യക്തികേന്ദ്രീകൃതവാദവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് മഹാത്മാ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും വിശ്വാസ സമ്പ്രദായങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. ആത്മീയതയില്‍ വേരൂന്നിക്കൊണ്ടുള്ളതാണ് അവരുടെ യുക്തിവാദം. പാശ്ചാത്യരീതിയിലുള്ള വ്യക്തിവാദം വെറും ഭൗതികവാദമായി പരിണമിക്കുമെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു.

വ്യക്തിപരമായ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കഴിവുള്ള ഒരാളല്ല ഗാന്ധിയെ സംബന്ധിച്ചുള്ള വ്യക്തി, അത് സ്വയംഭരണാധികാരമുള്ള ധാര്‍മ്മികമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരാളാണ്. ഒരു വ്യക്തിയുടെ അലംഘനീയമായ മനുഷ്യാവകാശങ്ങളെ സാമൂഹിക പൂരോഗതിയുടെ ഒത്തനടുക്കായാണ് ചേര്‍ത്തുവെച്ചിരിക്കുന്നത്. ഏറ്റവും ദുര്‍ബലനായ/ ദുര്‍ബലയായ മനുഷ്യനെക്കൂടിയും ഒരു വ്യക്തിയായി പരിഗണിക്കുന്നതിലേക്കാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ മനുഷ്യന് വേണ്ടി ഭരണകൂടവും സമൂഹവും അവരുട ധര്‍മ്മം പാലിക്കണം.

ആദ്യത്തെ രീതിയിലുള്ള വ്യക്തിവാദം മൂന്ന് നൂറ്റാണ്ടുകളോളം ഉഗ്രമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. സംരംഭകനും കലാകാരനും ബുദ്ധിജീവിയും ആശയങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ആഗോള വിപണി സൃഷ്ടിച്ചു. അതുവരെ ഇല്ലാത്തവിധത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭൗതികമായ പുരോഗതി ഉണ്ടാകുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നത് ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നു.

രണ്ടാമത്തെ ആശയം നിരവധി ദുര്‍ബല സാമൂഹിക വിഭാഗങ്ങളുടെ ക്ഷേമവും രക്ഷാധികാരവും വലിയ ഭരണകൂടവും സാമൂഹിക ഇടപെടലുകളും ഏറ്റെടുക്കുന്നതിലേക്കാണ് എത്തിച്ചത്. മുഴുവനായും യാഥാര്‍ത്ഥ്യവത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതൊരു ബൃഹത്തായ പരീക്ഷണമായിരുന്നു. അത് ഓരോ വ്യക്തിയുടെയും അന്തസ്സും ദുര്‍ഘട സന്ധികളെ നേരിടാനുള്ള കഴിവും സംരക്ഷിച്ചുകൊണ്ട് തന്നെ അവര്‍ക്ക് ചുറ്റും സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നു.

എന്നിരുന്നാലും, കഴിഞ്ഞ ഒരു ദശകത്തിലും അതിലേറെയുമായി, വ്യക്തിവാദം അല്ലെങ്കില്‍ വ്യക്തിയെ കേന്ദ്രമായി കാണുന്ന വാദം ഗൗരവതരമായ ഭീഷണി നേരിടുന്നുണ്ട്.

ഇതിന് മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്. സാമ്പത്തിക തകര്‍ച്ചയുടെ കൂടെ തീവ്രവാദവും ചേര്‍ന്നതാണ് ആദ്യത്തേത്. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന കാര്യങ്ങളെല്ലാം തകിടം മറിക്കപ്പെട്ടു. അത് വ്യക്തിവാദത്തിന് മേലുള്ള ഏറ്റവും വലിയ പ്രഹരമായിരുന്നു. വ്യക്തിവാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തമായ കേന്ദ്രമായ അമേരിക്കയിലെ ജനങ്ങള്‍ക്ക് പല സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും സാമൂഹിക സുരക്ഷയെന്ന വാഗ്ദാനത്തിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. അതിന് ശേഷമാണ് 2008ലെ സാമ്പത്തിക പ്രതിസന്ധി വരുന്നത്. അതോടുകൂടി നമ്മള്‍ ഒരു ആഗോളവത്കരണാനന്തര ലോകത്തേക്ക് കടന്നു. അതിന്റെ കൂടെത്തന്നെയാണ് ഭരണകൂടത്തിന്റെ അധികാരങ്ങളെല്ലാം സംയോജിപ്പിച്ചുകൊണ്ട് സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥകള്‍ ഉണ്ടായതും.

പല രാജ്യങ്ങളിലും കാല്പനിക ദേശീയത കുറേക്കൂടി ദൃഢമായ ദേശീയതക്ക് വഴിമാറി. കാല്പനിക ദേശീയതയില്‍ സത്യസന്ധമായ വിമര്‍ശനത്തിലൂടെ ഒരു വ്യക്തി രാജ്യത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നത് രാജ്യസ്നേഹമായി കണക്കാക്കിയിരുന്നെങ്കില്‍ ദൃഢദേശീയതയില്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും രാജ്യത്തിന്റെ കൂടെ നില്‍ക്കുന്നതാണ് രാജ്യസ്നേഹമായി കണക്കാക്കപ്പെടുന്നത്. വിസമ്മതങ്ങളെ നിരുത്സാഹപ്പെടുത്തുന്നത് സ്വതന്ത്ര വ്യക്തികള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് കാരണമായിത്തീരുന്നു.

രണ്ടാമത്തെ കാരണം, വലിയ തോതിലുള്ള സാമൂഹിക ഇടപെടലുകള്‍ സാധ്യമാക്കുന്ന തരത്തിലുള്ള ഇന്റര്‍നെറ്റ് ഭീമന്മാരുടെ ഉദയമാണ്. ഒരു സ്വതന്ത്ര വ്യക്തിയുടെ പ്രാമുഖ്യത്തെ സംരക്ഷിക്കാനെന്ന മട്ടിലാണ് ആദ്യ ഘട്ടത്തില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. എല്ലാ കാലത്തും, എവിടെയാണെങ്കിലും, എന്ത് കാര്യത്തിലാണെങ്കിലും ഉപഭോക്താവ് രാജാവായിരുന്നു. തൊഴിലാളികള്‍ ഇന്ന് സ്വയം തൊഴില്‍ നേടുന്ന സംരംഭകരായി മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ പൗരന്മാര്‍ ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ലോകകാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന പൗരന്മാര്‍ ആയി മാറിയിരിക്കുന്നു.

നിര്‍ഭാഗ്യവശാല്‍, വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നത് ഒരു മിഥ്യയായിത്തീര്‍ന്നിരിക്കുന്നു, അത് മങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരീചികയായി തീര്‍ന്നിരിക്കുന്നു. സര്‍വെയ്ലന്‍സ് മുതലാളിത്തത്തിന്റെ തുടക്കമാണ് ഇതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. അവിടെ കരാര്‍ തൊഴിലാളികള്‍ കുറഞ്ഞ വേതനത്തില്‍ അമിത ജോലികള്‍ ചെയ്യുന്നവരുമായിരിക്കും. ഉപഭോക്താവ് എന്നത് വിവരങ്ങളുടെ ഒരു കെട്ട് മാത്രമായിരിക്കും.

ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സിലൂടെ അവരുടെ സ്വതന്ത്ര ഇച്ഛയെ എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാനും കഴിയും. ഇതേ സാങ്കേതിക വിദ്യകള്‍ സര്‍വെയ്ലന്‍സ് ഭരണകൂടത്തെ കൂടുതല്‍ ശക്തമാക്കുകയും വ്യക്തികളുടെ അവകാശങ്ങളും സ്വകാര്യതകളും അപകടകരമാംവിധത്തില്‍ ചുരുക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ ഒരു വ്യക്തിയുടെ വോട്ട് പോലും ഇത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുവായി മാറിയിരിക്കുകയാണ്.

മൂന്നാമത്തെ കാരണം, ലോകം ഇതുവരെയില്ലാത്ത വിധത്തില്‍ പരസ്പരാശ്രയത്തിലാണ് ഇന്ന് കഴിയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനും വായു മലിനീകരണത്തിനും അതിര്‍ത്തികള്‍ ഒരു പ്രശ്നമല്ല. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയകളുടെ കഴിവിനും അതിര്‍ത്തികളില്ല. ആഫ്രിക്കയില്‍ നിന്നുള്ള ബാക്ടീരിയകള്‍ക്ക് അമേരിക്കയിലുള്ളവരെ രോഗികളാക്കാന്‍ കഴിയും. ഇന്തോനേഷ്യയിലെ കാടുകള്‍ കത്തിക്കുന്നത് ഏഷ്യയില്‍ വായുമലിനീകരണത്തിന് കാരണമാകാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴത്തെ കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി, നമ്മള്‍ ജാഗകരൂകരല്ലെങ്കില്‍ വ്യക്തിവാദത്തിന് മേലുള്ള അവസാനത്തെ ആണിക്കല്ലായേക്കാം. വ്യക്തിപരമായ സവിശേഷ അധികാരങ്ങള്‍ അടിയറവ് വെച്ച് ഭരണകൂടത്തിന്റെയോ തൊട്ടടുത്തുള്ള ഏതെങ്കിലും സാമൂഹിക സംഘങ്ങളുടെയോ തീരുമാനങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ സ്വയം സമര്‍പ്പിക്കേണ്ടതായി വരുന്നു. വ്യക്തിസ്വാതന്ത്ര്യം പരിധിയില്ലാതായാല്‍ ഉണ്ടാകുന്ന ആപത്തിനെക്കുറിച്ച് നമ്മള്‍ ബോധവന്മാരാണ് എന്നതിനാല്‍ തന്നെ വ്യക്തി സ്വാതന്ത്ര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ നടത്തുന്നത് ശരിയുമാണ്. നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ എത്രത്തോളം ബാധിക്കുമെന്ന് തിരിച്ചറിയുന്നിടത്താണ് വ്യക്തിവാദത്തിന് വേണ്ടി വാദിക്കുന്നവര്‍ എല്ലാവരാലും ചോദ്യം ചെയ്യപ്പെടുന്നത്.

പക്ഷേ, വ്യക്തിവാദത്തിന്റെ ഗുണകരമായ വശങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കണം. നിയമവ്യവസ്ഥയോട് ബാധ്യത കാട്ടാതെ പ്രവര്‍ത്തിക്കുന്ന ശക്തരായ വിഭാഗങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വം വിഴുങ്ങിക്കളയുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കുക എന്നത് ഒരു കാര്യം. എന്നാല്‍ ”മറ്റുള്ളവരെ”ക്കുറിച്ചുള്ള യുക്തിയുടെ പിന്‍ബലമില്ലാത്ത ഭയങ്ങളെ വീണ്ടും കുത്തിപ്പൊക്കുന്നതിന് മുന്നില്‍ മുട്ട് മടക്കുന്നത് മറ്റൊന്നാണ്. നിയമം കൈയ്യിലെടുക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ഉദയം നമുക്ക് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പേടിച്ച ഗ്രാമവാസികള്‍ പുറത്തുനിന്നുള്ളവരെയെല്ലാം വിലക്കിയിരിക്കുന്നു, നഗരത്തിലെ വീടുകളിലേക്ക് മടങ്ങുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ തടയുന്നു, നിയമത്തെ പേടിയില്ലാതെ പോലീസുകാരന്‍ ലാത്തി വീശുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു പകര്‍ച്ചവ്യാധിയോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് അടുത്ത ഭാവിയില്‍ തന്നെ വ്യക്തിവാദത്തിന്റെ ഗുണവശങ്ങളെ ഇല്ലാതാക്കും. വ്യക്തികളുടെ കര്‍തൃത്വവും പൊതുനന്മയും തമ്മിലുള്ള സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരുന്നതിനായി സമൂഹം ഉടനെത്തന്നെ ക്രിയാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യന്മാരാരും തന്നെ ദ്വീപുകളല്ല, പക്ഷേ ഓരോ വ്യക്തിയുടെയും സഹജമായ മൂല്യങ്ങളെ നമുക്ക് ദുര്‍ബലമാക്കാതിരിക്കാം. അതാണ് എല്ലാ നല്ല സമൂഹങ്ങളുടെയും അടിത്തറ.

രോഹിണി നിലേകാനി

We use cookies to give you the best possible experience. Learn more