| Tuesday, 28th April 2020, 11:13 am

പകര്‍ച്ചവ്യാധികളുടെ ആഗോളീകരണം; മുതലാളിത്ത ജീര്‍ണതയുടെ ബാഹ്യ ലക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയിലെ വുഹാനില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ പുതിയ കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകത്തെ ഏറ്റവും ശക്തരെന്നു കരുതുന്ന സാമാജ്യത്ത- മുതലാളിത്ത രാജ്യങ്ങളിലും പതിനായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ആധുനികരെന്നും ഏറ്റവും വികസിതരെന്നും കരുതിയിരുന്നവര്‍ പോലും കേവലം 0.1 മൈക്രോണ്‍ മാത്രം വലുപ്പമുള്ള വൈറസിനെ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുന്നു.

ഏറ്റവും ആധുനികമെന്നു കരുതിയ ഒരു സാങ്കേതിക വിദ്യയ്ക്കും ഈ വൈറസിനെ ചെറുക്കാനാകുന്നില്ല. ഏറ്റവും ആധുനികമായ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും വൈറസിനെ നേരിടാനായി ഒന്നും ചെയ്യാനാകുന്നില്ല. ലോകത്ത് കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ രണ്ട് ലക്ഷത്തോടടുക്കുന്നു. അതിനിയും വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണുള്ളത്.

രാജ്യാതിര്‍ത്തികളെയെല്ലാം മറികടന്ന് ഇരുനൂറിലേറെ രാജ്യങ്ങളിലായി രണ്ടര ലക്ഷത്തില്‍പരം രോഗികളുമായി കോവിഡ് 19 ഒരു ആഗോള മഹാമാരിയായി തുടരുന്നു. കോവിഡാനന്തരലോകം കോവിഡ് പൂര്‍വ ലോകത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് , പ്രത്യേകിച്ചും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരു ആരോഗ്യമേഖലയ്ക്ക് ഇത്തരം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിലും ചികില്‍സയിലും കൃത്യമായ പങ്കു വഹിക്കാനില്ല എന്നത് ഈ സാഹചര്യം തെളിയിക്കുന്നുണ്ട്.

അതോടൊപ്പം രാഷ്ട്രീയസാമൂഹ്യ സാമ്പത്തികരംഗങ്ങളെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ ഈ മഹാമാരി ഉയര്‍ത്തുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടിക്കൊണ്ട് കൂടുതല്‍ മനുഷ്യത്വാധിഷ്ഠിതമായ ഒരു കോവിഡാനന്തര ലോകം സൃഷ്ടിച്ചെടുക്കാനും നാം ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് ദ്രോഹമല്ലാതെ മറ്റൊന്നും നല്‍കാന്‍ ശേഷിയില്ലാത്ത നവ ഉദാരവല്‍ക്കരണനയങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കോവിഡ് – 19 പോലൊരു പകര്‍ച്ചവ്യാധി ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്നത് എന്ന കാര്യം നിസ്സാരമല്ല.

ഇവയില്‍ പല രാജ്യങ്ങളിലും രോഗം മുന്‍കൂട്ടി തടയുന്നതിനും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള സംവിധാനങ്ങള്‍ ഏറിയകൂറും മുമ്പേ തന്നെ ഇല്ലാതാക്കപ്പെട്ടിരുന്നു. കാരണം രോഗങ്ങള്‍ വന്നാല്‍ മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയൂ. ഈ സ്വകാര്യ ആശുപത്രികള്‍ക്ക് പകര്‍ച്ചവ്യാധികളില്‍ നിന്നുണ്ടാവുന്ന ലാഭം തുലോം കുറവുമാണ്.

അത്തരം സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെക്കൊണ്ട് സമൂഹത്തിനുള്ള പ്രയോജനങ്ങളും ഏറെ കുറയും. സ്‌പെയിന്‍ തല്‍ക്കാലത്തേക്കെങ്കിലും ആ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ ദേശസാല്‍ക്കരിക്കുന്നതിലേക്ക് എത്തിപ്പെട്ട സാഹചര്യവും അതാണ്. അതായത് രാഷ്ട്രീയയുക്തിയിലൂടെ പഠിക്കാത്ത കാര്യം കഠിനമായ യാഥാര്‍ഥ്യത്തിലൂടെ പഠിക്കേണ്ടിവരുന്നു.

രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ലോകം ചൈനയെ പഴിക്കുകയായിരുന്നു. ചൈന നടത്തിക്കൊണ്ടിരിക്കുന്നതെന്നു കരുതപ്പെടുന്ന ജൈവായുധ പരീക്ഷണശാലയില്‍ നിന്നും അറിയാതെ പുറത്തുചാടിയതെന്നോ ബോധപൂര്‍വ്വം പുറത്തുവിട്ടതെന്നോ ഒക്കെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. അതല്ല അമേരിക്കയിലെ പരീക്ഷണശാലയില്‍ നിന്നും ചൈനയെ തകര്‍ക്കാനായി കൊടുത്തുവിട്ടതാണെന്നും ബദല്‍ വാദങ്ങളുണ്ടായി.

അതിനുമിപ്പുറം, ലോകജനസംഖ്യ ഇന്നത്തേതിന്റെ പകുതിയാക്കുക എന്ന ലക്ഷ്യത്തോടെ, വിരലിലെണ്ണാവുന്ന ചില സമ്പന്നരുടെ മുന്‍കയ്യില്‍ നടക്കുന്ന ഗൂഢാലോചനയാണ് ആഗോളതലത്തില്‍ കൊറോണ പടര്‍ത്തിയത് എന്നും കഥകളിറങ്ങി. ഇതിനു പിന്നില്‍ റോക്‌ഫെല്ലര്‍ (Roc kefeIIer), റോത്ത്‌ചൈല്‍ഡ്‌സ് (Rothchilds) മോര്‍ഗന്‍ (Morgen) തുടങ്ങിയ വന്‍കിട ബിസിനസ് ഗ്രൂപ്പുകളാണെന്നും ലോകത്ത് ‘വെറുതെയിരുന്ന് തിന്നുന്ന’ ‘ഉപയോഗശൂന്യരായ മനുഷ്യ’രെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പറയപ്പെട്ടു.

അതുമല്ല ‘Agenda ID 2020’ എന്ന പേരില്‍ ലോകത്ത് മുഴുവന്‍ വാക്‌സിനേഷന്‍ നടപ്പിലാക്കിക്കൊണ്ട്, അതിന്റെ മറവില്‍, മുഴുവനാളുകളുടെയും ഡിജിറ്റല്‍ ഡാറ്റ സമാഹരിക്കാനുള്ള ബില്‍ ഗേറ്റ് പദ്ധതിയുടെ ആദ്യപടിയായാണ് ആഗോള മഹാമാരിയായ കൊറോണ പടര്‍ത്തിയതെന്നും വാദമുണ്ടായി. മുതലാളിത്തമെന്നത് ചില മുതലാളിമാരിലൊതുങ്ങുന്ന എന്തോ ഒന്നാണെന്നു തോന്നിക്കുന്ന ഇത്തരം കഥകള്‍ വിശ്വസിക്കാതിരിക്കാനുള്ള വിശകലന ബുദ്ധി സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാറില്ല.

അതു കൊണ്ടു തന്നെ, ഇന്ത്യയില്‍ കൊറോണ പടര്‍ത്തിയതിന് പിന്നില്‍ ഇസ്‌ലാമിക ഗൂഢാലോചനയാണെന്നും ഇത് ‘കൊറോണ ടെററിസം’ അഥവാ ‘കൊറോണ ജിഹാദാ’ണെന്നും സംഘപരിവാരങ്ങള്‍ പ്രചരണം നടത്തുമ്പോള്‍ അതും സാധാരണ ജനങ്ങള്‍ വിശ്വസിച്ചു പോകുന്നു. കൊറോണ മഹാമാരിയെ പോലും മുസ്ലിങ്ങളെ പൊതു ശത്രുവാക്കാനുള്ള ഒരു ഉപാധിയായി RSS ഹീനമായുപയോഗിക്കുകയാണെന്ന് തിരിച്ചറിയാന്‍ സാമാന്യജനങ്ങള്‍ക്കാകുന്നില്ല.

ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഊഹാപോഹങ്ങള്‍ക്കപ്പുറത്തുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളിലാണ് കൊറോണയടക്കമുള്ള മാരകങ്ങളായ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഉറവിടം തേടേണ്ടത്.

കൊറോണയുടെ കാര്യത്തിലെന്നപോലെ വൈറസുകളെയും ബാക്ടീരിയകളെയും കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം ഏതെങ്കിലും വവ്വാലിനെയോ ചില പന്നികളെയോ അതുമല്ലെങ്കില്‍ കോഴിയേയോ താറാവിനെയോ പശുവിനെയോ പോത്തിനെയോ ഒക്കെ പ്രതിക്കൂട്ടിലാക്കുന്നതില്‍ അവസാനിക്കുന്നു. ഒരു പക്ഷെ ചില പ്രാദേശിക ഇറച്ചി വിപണിയാണ് ഇതിന്റെയെല്ലാം പ്രഭവസ്ഥാനമെന്നും അന്വേഷണങ്ങള്‍ കണ്ടെത്തിയേക്കും.

കൊറോണയുടെ കാര്യത്തില്‍ വുഹാനിലെ ഇറച്ചി മാര്‍ക്കറ്റായിരുന്നു പ്രതി. എന്നാല്‍ ഇത്തരം ജീവികളില്‍ നിന്നും വൈറസും ബാക്ടീരിയകളും മനുഷ്യരില്‍ എത്തിച്ചേരുന്നതിന്റെ കാരണങ്ങളെന്തെന്ന് അന്വേഷിക്കുമ്പോളാണ് ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ലെന്നു മനസ്സിലാവുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങളും ഉള്‍ച്ചേര്‍ന്ന ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ നടത്തുന്ന ഏകപക്ഷീയമായ ഇടപെടലുകളാണ് അന്യ ജീവികളില്‍ കുടിപാര്‍ക്കുന്ന ഇവയെ മനുഷ്യസമൂഹത്തിലെത്തിക്കുന്നത്.

ഇത് മനുഷ്യര്‍ അറിയാതെ ചെയ്യുന്നതല്ല. മറിച്ച് മുതലാളിത്ത മൂലധനത്തിന്റെ ലാഭേച്ഛയാണ് ഇത് ചെയ്യിക്കുന്നത് എന്നതാണ് സത്യം . നാളിതുവരെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി മരണം വിതച്ചിട്ടുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം മറ്റു ജീവികളില്‍ നിന്നും മനുഷ്യര്‍ക്കിടയില്‍ എത്തിയവയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കൊറോണ വൈറസും അങ്ങനെത്തന്നെ.

വിവിധ ജീവികള്‍ പലതരം വൈറസുകളുടെയും ബാക്ടീരിയകളുടെയും വാഹകരാണ്. അവയുടെ ശരീരം തീര്‍ക്കുന്ന പ്രതിരോധത്തിനുള്ളില്‍ നിലനിന്നുപോകുന്നു ഇവയെല്ലാം. ഈ ജീവികളുടെ ആവാസ മേഖലയില്‍ മറ്റാര്‍ക്കും പൊതുവില്‍ ശല്യമില്ലാതെ ജീവിക്കുകയാണവ. എന്നാല്‍ വന്‍തോതിലുള്ള വനനശീകരണവും വന്‍കിട ഇറച്ചി വ്യവസായത്തിന്റെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ മൃഗങ്ങളെയും മറ്റ് ജീവികളെയും വളര്‍ത്തുന്ന ഫാമുകളും മറ്റും വ്യാപകമായതോടെ നാളതുവരെ കാണാതിരുന്ന പല ബാക്ടീരിയകളും വൈറസുകളും മനുഷ്യര്‍ക്കിടയിലെത്തി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലുണ്ടായ സ്പാനിഷ് ഫ്‌ലൂ മുതല്‍ ഇന്നത്തെ കൊറോണ വരെയും മനുഷ്യരെ കൊന്നൊടുക്കുന്ന തരത്തില്‍ വ്യാപകമായത് ഈ രീതിയിലാണ്.

മുതലാളിത്ത കൃഷിയും അഗ്രോ ബിസിനസ്സും

സ്വാഭാവികമായ പഴയ കൃഷിരീതിയില്‍ നിന്ന് മാറി മുതലാളിത്ത കൃഷിരീതി വികസിച്ചതോടെ വന്‍കിട കൃഷിയും തോട്ടവിളകൃഷിയുമെല്ലാം വ്യാപകമായി. ലാഭേച്ഛയിലധിഷ്ഠിതമായ മുതലാളിത്ത മൂലധനത്തിന്റെ കടന്നുകയറ്റം വന്‍തോതിലുള്ള വനനശീകരണത്തെയും ഭൂമി കയ്യേറ്റത്തെയും പ്രോത്സാഹിപ്പിച്ചു.

വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ തകര്‍ന്നതോടെ പല ജീവികളും അവയോടൊപ്പം പരാദങ്ങളായ ബാക്ടീരിയകളും വൈറസുകളും ജനവാസ മേഖലയിലെത്തുന്നതിന് ഇത് കാരണമായി. മനുഷ്യരില്‍ കടക്കുന്നതോടെ വൈറസിനും മറ്റും ഉല്‍പരിവര്‍ത്തനം സംഭവിക്കുകയും മാരകങ്ങളായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

വവ്വാലുകള്‍, എലികള്‍, കൊതുകുകള്‍ ഇവയില്‍ നിന്നും പകര്‍ച്ചവ്യാധികളുണ്ടാക്കുന്ന അണുക്കളെ മനുഷ്യ സമൂഹത്തിലെത്തിച്ചതില്‍ മുതലാളിത്ത മൂലധനത്തിന്റെ പങ്ക് വളരെ വ്യക്തമാണ്. മുതലാളിത്ത വികാസത്തിന്റെ ഭാഗമായ അശാസ്ത്രീയ നഗരവല്‍ക്കരണം ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ക്കാകെ രോഗഭീഷണി മുഴക്കുന്നു.

പ്രത്യേകിച്ചും മൂന്നാം ലോകരാജ്യങ്ങളിലെ മെഗാസിറ്റികളൊക്കെയും എലികളും കൊതുകുകളും പെരുകാത്ത നഗരങ്ങളുണ്ടാവില്ല. ഇവയിലൂടെ പകരുന്ന പലതരം വൈറല്‍ പനികള്‍ ലോകത്ത് എത്രയോ ലക്ഷം ആളുകളുടെ ജീവനാണ് വര്‍ഷം തോറും എടുത്തു കൊണ്ടിരിക്കുന്നത്.
ലോകത്തുണ്ടായ പലതരം പകര്‍ച്ചവ്യാധികളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകന്ന ഒരു കാര്യം വ്യാവസായിക വിപ്ലവത്തിനു മുമ്പ് ബാക്ടീരിയകളായിരുന്നു മുഖ്യരോഗകാരണമെങ്കില്‍ വ്യാവസായിക വിപ്ലവത്തിനു ശേഷം വൈറസുകളാണ് വ്യാപകമായി രോഗം പരത്തിയിട്ടുള്ളത് എന്നതാണ്.

ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തലോടെ നിയന്ത്രണ വിധേയമായി. എന്നാല്‍ ആന്റിബയോട്ടിക് കമ്പനികളുടെ ലാഭാര്‍ത്തി അശാസ്ത്രീയമായ ആന്റിബയോട്ടിക് പ്രയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ക്രമേണ ബാക്ടീരിയകള്‍ തന്നെ മരുന്നുകളെ ചെറുക്കാനുള്ള ശേഷി നേടുകയും ചെയ്തു. ആന്റിബയോട്ടിക്കുകള്‍ കൊണ്ട് തുരത്താനാകാത്ത സൂപ്പര്‍ബഗ് (Super Bug) കളായി അവ ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു.

ഇരുപതാം നൂറ്റാണ്ടിനെ വേണമെങ്കില്‍ വൈറസുകളുടെ നൂറ്റാണ്ട് എന്ന് നമുക്ക് വിളിക്കാം. വിവിധ തരത്തിലുള്ള വൈറസ് രോഗങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ കാലമാണത്. 1918 ലെ സ്പാനിഷ് ഫ്‌ലൂ മുതല്‍ 2019ലെ കൊറോണ വരെയുള്ള ഒരു നൂറു വര്‍ഷത്തെ പരിഗണിച്ചാലും വൈറസ് മഹാമാരികളാണ് കൊലയാളി.

സ്പാനിഷ് ഫ്‌ലൂ, ഏഷ്യന്‍ ഫ്‌ലൂ, ഹോങ്കോങ്ങ് ഫ്‌ലൂ, എയ്ഡ്‌സ്, നിപാ, എച്ച്1 എന്‍1 സ്വയ്ന്‍ ഫ്‌ലൂ, എബോള, സികാ, സാര്‍സ്, മെര്‍സ്, കൊറോണ തുടങ്ങിയവയെല്ലാം ഈ കാലഘട്ടത്തിലുണ്ടായ വൈറസ് രോഗങ്ങളാണ്. ഇതെല്ലാം തന്നെ പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നവയാണ്.

ശാസ്ത്ര സാങ്കേതികവിദ്യ ഏറ്റവും വികസിച്ച വര്‍ത്തമാനകാലത്തും ലക്ഷക്കണക്കിനാളുകളെ ആഗോളതലത്തില്‍ കൊന്നുകളയാനാകും വിധം ഇത്തരം മഹാമാരികള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരവും ആഗോള മുതലാളിത്ത ഉല്പാദന പ്രക്രിയയില്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1972-73 വരെയുള്ള കാലം മുതലാളിത്തത്തിന്റെ സുവര്‍ണ്ണകാലമായിരുന്നുവെന്ന് നമുക്കറിയാം. അനിയന്ത്രിതമായ ഉല്പാദനത്തോടൊപ്പം ലാഭോല്പാദനത്തിനുള്ള പുതിയ മേഖലകളെയും അത് തുറന്നു. അതിലൊന്നായിരുന്നു 60കളോടെ ആരംഭിച്ച അഗ്രി ബിസിനസ്സ്. കൃഷിയെ കച്ചവടവുമായി കൂട്ടിയിണക്കുന്ന അഗ്രിബിസിനസിന്റെ ഭാഗമായി യന്ത്രവല്‍കൃത- രാസവള- അത്യുല്പാദക വിത്ത് കൃഷിയും അതിനോടൊപ്പം രാസവള – അത്യുല്‍പാദക വിത്തു കച്ചവടവും വ്യാപകമായി.

മൊണ്‍സാന്റോ, ഡ്യൂ പോണ്ട് തുടങ്ങിയ വിത്തു ഭീമന്മാര്‍ ലോകത്തെ കൃഷിയെ തന്നെ നിയന്ത്രിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയും ചെയ്തു. അമിതമായ രാസവള – കീടനാശിനി പ്രയോഗം അനിവാര്യമാക്കിത്തീര്‍ത്ത ഈ കൃഷിരീതി കാര്‍ഷിക മേഖലയ്ക്കും അതുള്‍പ്പെടുന്ന ആവാസവ്യവസ്ഥയ്ക്കും ദൂരവ്യാപകമായ കുഴപ്പങ്ങളാണ് വരുത്തി വെച്ചത്.

അതോടൊപ്പം ആഗോള കുത്തകള്‍ക്കാവശ്യമുള്ള നാണ്യവിളകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും സാധ്യമായിടങ്ങളിലെല്ലാം അതിനനുസൃതമായ ഏകവിളകള്‍ വ്യാപിപ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലകളില്‍ കണ്ടിട്ടില്ലാത്ത തരം കീടങ്ങളും അണുക്കളും പെരുകുന്നതിനാണ് ഇത് അവസരമൊരുക്കിയത്. പാരിസ്ഥിതികമായി വെല്ലുവിളിയുയര്‍ത്തുന്ന ആധുനിക കൃഷി , ഒരു വശത്ത് കര്‍ഷകരെ കേവലം കൃഷിയുടെ നടത്തിപ്പുകാരാക്കി ഒതുക്കിയപ്പോള്‍ മറുവശത്ത് ആഗോള കാര്‍ഷിക കുത്തക കമ്പനികള്‍ കൊള്ളലാഭം കൊണ്ടു് തടിച്ചുകൊഴുക്കുകയായിരുന്നു.

അഗ്രിബിസിനസിനോടൊപ്പം വളര്‍ന്നുവന്ന മറ്റൊരു മേഖല ഇറച്ചി വ്യവസായത്തിന്റേതാണ്. വര്‍ദ്ധിതമായ ഇറച്ചി ഉപഭോഗത്തെ സേവിക്കാനായി വളര്‍ന്നു വികസിച്ച ഇറച്ചി വ്യവസായം ആടുമാടുകള്‍, പന്നി, കോഴി മറ്റ് സവിശേഷ ജീവികള്‍ തുടങ്ങിയവയുടെ ഫാമുകള്‍ വ്യാപകമാക്കി. ഇറച്ചിയെ മുഖ്യ ഘടകമാക്കുന്ന ഫാസ്റ്റ്ഫുഡ് വ്യവസായം കൂടി പെരുകിയതോടെ ഇറച്ചി വ്യവസായം വന്‍കിട മൂലധനശക്തികളുടെ നിയന്ത്രണത്തിലായി.

മൃഗ ഫാമുകളില്‍ കുറഞ്ഞ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഇറച്ചി ഉല്പാദിപ്പിക്കുക എന്നതാണ് മൂലധനത്തിന്റെ ലാഭയുക്തി. അതിനു വേണ്ടിയുള്ള ഹോര്‍മോണ്‍ ചികിത്സയും മറ്റ് മരുന്നു പ്രയോഗങ്ങളും ഇത്തരം ജീവികളില്‍ കുടിയിരിക്കുന്ന വൈറസുകള്‍ക്കും മറ്റു പരാദങ്ങള്‍ക്കും കൂടുതല്‍ ശേഷിയുണ്ടാക്കുന്നുണ്ട്. ഇത്തരം ഇറച്ചിയുടെ ഉല്പാദനവും ഉപഭോഗവും പുതിയ വൈറസ് രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ആഗോളവല്ക്കരണവും രോഗങ്ങളുടെ വ്യാപനവും

1980കളോടെ പ്രബലമായിത്തീര്‍ന്ന നവലിബറല്‍ നയങ്ങള്‍ മൂലധനത്തിന്റെ ആഗോളവല്‍ക്കരണം സാധ്യമാക്കുകയും ലാഭകരമായ ഉല്പാദനം നടത്താവുന്നിടത്തെല്ലാം മൂലധനം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. ചൈന ലോകത്തിന്റെ ഫാക്ടറിയായിത്തീര്‍ന്നത് ഈ ഘട്ടത്തിലാണ്. വ്യാവസായിക – ഉപഭോഗ ഉല്പന്നങ്ങള്‍ക്കൊപ്പം ലോകത്തെ ഇറച്ചി ഉല്പാദനത്തിന്റെയും പ്രധാന കേന്ദ്രമായി ചൈന മാറി. ലോകത്തെ വന്‍കിട ഇറച്ചി കമ്പനികള്‍ ചൈനയില്‍ മൂലധനമിറക്കിയതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള വന്‍കിട പന്നി- കോഴി- താറാവ് – കന്നുകാലി ഫാമുകള്‍ ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പന്നി ഇറച്ചി വ്യവസായം നടത്തുന്ന ‘സമിത്ഫീല്‍ഡ് ഫുഡ്’ എന്ന അമേരിക്കന്‍ കമ്പനി ശരാശരി 28 മില്യന്‍ പന്നികളെയാണ് വിവിധ യൂണിറ്റുകളിലായി ഒരു വര്‍ഷം കശാപ്പു ചെയ്യുന്നത്. ചൈനയിലും ഇവര്‍ വ്യവസായ മാരംഭിച്ചിരുന്നു. പന്നി ഇറച്ചി ഉല്പാദനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുള്ള ഡാനിഷ് കമ്പനിയായ ‘ഡാനിഷ് ക്രൗണ്‍’, ഏഴാം സ്ഥാനത്തുള്ള ജര്‍മ്മന്‍ കമ്പനിയായ ‘ടോണി’ ഇവര്‍ക്കെല്ലാം ചൈനയില്‍ വന്‍ ഫാമുകളും ഫാക്ടറികളുമുണ്ട്.

ലോകത്തുടനീളം ഇവര്‍ ഇറച്ചി കയറ്റി അയയ്ക്കുന്നു. മക്‌ഡൊണാള്‍ഡ്, കെ.എഫ്.സി. തുടങ്ങിയ ഫാസ്റ്റ്ഫുഡ് ഭീമന്മാര്‍ ഇവരുടെ ഇടപാടുകാരാണ്. ഏതാണ്ട്. 300 മില്യന്‍ ഡോളര്‍ ചെലവാക്കി 10 ഓളം കോഴിഫാമുകളാണ് ഗോര്‍ഡ്മാന്‍ സാക്‌സ് എന്ന അമേരിക്കന്‍ കമ്പനി ചൈനയില്‍ വിലക്കെടുത്തത്. കൂടാതെ ഏതാണ്ട് 200 മില്യന്‍ ഡോളര്‍ പന്നി ഇറച്ചി വ്യവസായത്തിലും അവര്‍ നിക്ഷേപിച്ചു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ ‘ഒ.എസ്.ഐ.’ ക്ക് കോഴി ഇറച്ചി ഉല്പാദിപ്പിക്കുന്ന 10 ഓളം വന്‍ ഫാക്ടറികള്‍ ചൈനയിലുണ്ട്.

ലാഭാര്‍ത്തിമൂലം എല്ലാത്തരം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെയും കയ്യൊഴിഞ്ഞു കൊണ്ടാണ് ഇവരുടെ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏതാണ്ട് 1000 കോടി ഡോളറോളം വരുന്ന ലോക ഇറച്ചി വ്യവസായത്തില്‍ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കുത്തകനിലനിര്‍ത്തുമ്പോഴും അവരുടെ ഇറച്ചി ഉല്പാദനനത്തിന്റെ പ്രധാന കേന്ദ്രം ചൈനയാണ്.

ഇത്തരം വന്‍കിട ഫാക്ടറികളില്‍ 12 മുതല്‍ 14 മണിക്കുര്‍ വരെ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പക്ഷിമൃഗാദികളില്‍ നിന്ന് വൈറസ് ബാധയുണ്ടാവുക സ്വാഭാവികമാണ്. മനുഷ്യ ശരീരത്തില്‍ വച്ച് ഉല്‍പരിവര്‍ത്തനം സംഭവിക്കുന്ന വൈറസുകള്‍ക്ക് കൂടുതല്‍ പ്രഹര ശേഷിയുണ്ടാവുന്നു. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഇറച്ചി ലോകത്തേക്ക് കയറ്റി അയയ്ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മാരകങ്ങളായ വൈറസുകളെയാണ് അവര്‍ കയറ്റി അയക്കുന്നത്.

ലേകത്തുണ്ടാകുന്ന വൈറസ് രോഗങ്ങളുടെ പിന്നാമ്പുറത്തേക്ക് സൂക്ഷ്മമായ അന്വേഷണം നടത്തിയ ജീവശാസ്ത്രകാരനും സാംക്രമിക രോഗ ഗവേഷകനുമായ റോബ് വാലസ് , രാഷ്ട്രീയ സൈദ്ധാന്തികനായ മൈക്ക് ഡേവിഡ്, അന്തരിച്ച ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലെവിന്‍സ് തുടങ്ങിയവരുടെ വിവിധങ്ങളായ ലേഖനങ്ങള്‍ പറയുന്നതാണ് ഈ കാര്യങ്ങള്‍.

റോബ് വാലസിന്റെ ‘ബിഗ് ഫാം ബിഗ് ഫ്‌ലൂ’ എന്ന പ്രശസ്തമായ പുസ്തകം മുതലാളിത്തം എങ്ങിനെയാണ് മാരകങ്ങളായ വൈറസുകളെ ഉല്പാദിപ്പിക്കുന്നതെന്നു് വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു, ‘വൈറസുകള്‍ എന്തുകൊണ്ടു് കൂടുതല്‍ അപകടകാരികളാകുന്നുവെന്ന് അറിയാന്‍ ശ്രമിക്കുന്നവര്‍ വ്യവസായിക രൂപത്തിലുള്ള കൃഷിയെ പ്രത്യേകിച്ച് പക്ഷി-മൃഗാദികളുടെ ഉല്പാദനത്തെയാണു് പരിശോധിക്കേണ്ടത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുതലാളിത്തത്തെ പഠിക്കണം.’

നവലിബറലിസവും ആരോഗ്യ പ്രതിസന്ധിയും കാരണം 2011നും 2018 നും ഇടയില്‍ 172 രാജ്യങ്ങളിലായി മൊത്തത്തില്‍ 1483 പകര്‍ച്ചവ്യാധികളുണ്ടായതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ പ്രിപയര്‍ഡ്‌നസ് മോണിറ്ററിംഗ് ബോര്‍ഡ് (Global Preparedness Monitoring Board – GPMB) വരാന്‍ പോകുന്ന മഹാമാരിയെപ്പറ്റി 2019 സെപ്തംബറില്‍ തന്നെ കൃത്യമായ മുന്നറിയിപ്പു നല്‍കിയിരുന്നു. ‘എ വേള്‍ഡ് അറ്റ് റിസ്‌ക് ‘ (A World at Risk) എന്ന പേരില്‍ അവരിറക്കിയ റിപ്പോര്‍ട്ടിനെ ലോകരാജ്യങ്ങള്‍ അവഗണിക്കുകയായിരുന്നു.

കാരണം, അത്തരമൊരു പ്രതിരോധത്തിന് പണം മുടക്കാനാകാത്ത വിധത്തില്‍ രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയായിരുന്ന മുതലാളിത്തം. 2008 മുതല്‍ തുടങ്ങിയ ഘടനാപരമായ പ്രതിസന്ധിയെ മറികടക്കാന്‍ അതിനിനിയും കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വന്‍ ചെലവ് വരാവുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ പണം മുടക്കും?!

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങളാണ് 20-ാം നൂറ്റാണ്ടിലുണ്ടാക്കിയിട്ടുള്ളത്. അതിന്റെ ഫലമായി മാരകങ്ങളായ പല രോഗങ്ങളെയും ഒരു പരിധി വരെ തുടച്ചു നീക്കാന്‍ കഴിഞ്ഞു. വസൂരിയും കുഷ്ഠവും പോളിയോയുമൊക്കെ ആ കൂട്ടത്തില്‍പെടും. അമേരിക്കയിലും യൂറോപ്പിലുമെല്ലാം കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കൊണ്ടു പകര്‍ച്ചവ്യാധികള്‍ കുറഞ്ഞു വരുന്നതിനെ ആസ്പദമാക്കി ലോകത്തെല്ലാം പകര്‍ച്ചവ്യാധികളില്ലാതാവുന്നുവെന്ന ഒരു പൊതു ചിത്രമാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നോട്ട് വെച്ചിരുന്നത്.

70 കളോടെ സാംക്രമിക രോഗങ്ങളെയെല്ലാം തുടച്ചു നീക്കിയെന്ന് ഇവര്‍ വീമ്പ് പറഞ്ഞു. എന്നാല്‍ ഉഛാടനം ചെയ്തതെന്ന് കരുതിയ പല രോഗങ്ങളും തിരികെയെത്തി – മലേറിയ, കോളറ, ക്ഷയം, ഡെങ്കു…തടങ്ങിയവ.

റിച്ചാര്‍ഡ് ലെവിന്‍സ് പറയുന്നു, ‘പകര്‍ച്ചവ്യാധികളെപ്പറ്റിയുള്ള നമ്മുടെ അനുമാനങ്ങള്‍ എന്തുകൊണ്ട് തെറ്റായി? മരുന്നിനെപ്പറ്റിയും അതിന്റെ ശാസ്ത്രത്തെപ്പറ്റിയും നമുക്കുള്ള ചരിത്രപരമായ മനോഭാവം അപകടകരമാം വിധം പരിമിതമാണ് എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ മനുഷ്യചരിത്രത്തെ മൊത്തത്തില്‍ കാണാതെ താല്‍ക്കാലികമായും ഭൂമിശാസ്ത്രപരമായും മാത്രമാണ് കാണുന്നത്. മറിച്ച് വിശാലമായ വീക്ഷണമുണ്ടായിരുന്നെങ്കില്‍ സാമൂഹ്യബന്ധങ്ങളിലും ജനസംഖ്യയിലും കഴിക്കുന്ന ഭക്ഷണത്തിലും ഭൂവിനിയോഗത്തിലുമൊക്കെ മാറ്റം വരുമ്പോള്‍ രോഗങ്ങള്‍ വരികയും പോവുകയുമൊക്കെ ചെയ്യുമെന്ന് അവര്‍ക്ക് കാണാമായിരുന്നു.’

സാംക്രമിക രോഗ പരിവര്‍ത്തനത്തെ സംബന്ധിച്ച നിലവിലുള്ള കാഴ്ചപ്പാട് – രാജ്യം വികസിക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാവുന്നുവെന്നതാണ്. ഇതൊരസംബന്ധമാണെന്നാണ് ലെവിന്‍സ് പറയുന്നത് . ‘പരമ്പരാഗത പൊതുജനാരോഗ്യം ലോക ചരിത്രത്തെ കാണുന്നില്ല. മറ്റ് ജീവികളെ കാണുന്നില്ല. പരിണാമത്തെയോ പരിസ്ഥിതിയെയോ കാണുന്നില്ല. സാമൂഹ്യ ശാസ്ത്രത്തെ കാണുന്നില്ല.’ ഇതിനു പകരം പാരിസ്ഥിതികമായ ഒരു കാഴ്ചപ്പാട് – ജനങ്ങളുടെ ജീവിത രീതിയിലുള്ള മാറ്റത്തിനൊപ്പം (ജനസാന്ദ്രത, ആവാസ രീതികള്‍, ഉല്പാദനരീതികള്‍) രോഗാണുക്കളോടുള്ള ബന്ധത്തിലും മാറ്റങ്ങളുണ്ടാവുന്നുവെന്ന കാഴ്ചപ്പാടാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

നവലിബറല്‍ നയങ്ങള്‍ പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ കേവലം ശാസ്ത്ര-സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാവുന്ന ഒന്നായാണ് കാണുന്നത്. അത് ആരോഗ്യ മേഖലയെ വന്‍മൂലധന നിക്ഷേപത്തിന്റെ ഇടമാക്കി മാറ്റി. പൊതുജനാരോഗ്യത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഭരണ വര്‍ഗ്ഗങ്ങള്‍ പിന്‍വാങ്ങുകയും സ്വകാര്യ മൂലധനത്തിന്റെ വിളനിലമായി അത് മാറുകയും ചെയ്തു. ആരോഗ്യമെന്നത് വ്യക്തിയുടെ ഉത്തരവാദിത്തമായി മാറി.

പണമുള്ളര്‍ക്ക് ആരോഗ്യവും അല്ലാത്തവര്‍ക്ക് മരണവുമാണ് അത് വിധിച്ചത്. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും ആരോഗ്യരംഗം ഇന്ന് വന്‍കിട സ്വകാര്യ മൂലധനത്തിന്റെ കൈകളിലാണ്. കോറോണയുടെ വ്യാപനത്തെ തടയാന്‍ അവര്‍ക്കാകാതിരുന്നതിന്റെ പ്രധാന കാരണം ആരോഗ്യ മേഖലയുടെ ഈ സ്വകാര്യ സ്വഭാവമാണ് എന്നത് ഏവര്‍ക്കും ബോധ്യം വന്ന കാര്യമാണ്.

മുതലാളിത്ത ഉല്ലാദന വ്യവസ്ഥ പൊതുവെ രോഗാതുരത വര്‍ദ്ധിപ്പിച്ചതായിട്ടാണ് ജനകീയ ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വനനശീകരണവും രാസവള – കീടനാശിനി കൃഷിയും, പുതുനഗര നിര്‍മ്മിതിയും, ആവാസവ്യവസ്ഥയിലുണ്ടാകുന്ന സമ്മര്‍ദ്ദവുമെല്ലാം ജല – വായു മലിനീകരണത്തിനും വിഷമയമായ ഭക്ഷണത്തിനും പാരിസ്ഥിതികമായ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. ജനങ്ങളുടെ മാത്രമല്ല ജീവജാലങ്ങളുടെയെല്ലാം ജീവിതത്തെ അത് രോഗാതുരമാക്കുന്നുണ്ടു്.

ലാഭം മാത്രം ലക്ഷ്യമിടുന്ന നവ ലിബറല്‍ നയങ്ങള്‍ മനുഷ്യരുടെ ഭക്ഷ്യസംസ്‌കാരത്തെത്തന്നെ അട്ടിമറിക്കുകയാണ്. മാംസാഹാരത്തിന്റെ വര്‍ദ്ധനവ് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ജനങ്ങളെ രോഗാതുരരാക്കുന്ന ഫാസ്റ്റ്ഫുഡ്/ജങ്ക് ഫുഡ് സംസ്‌കാരവും അതിനെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്ന കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്, ഡൊമിനോസ് തുടങ്ങിയ വന്‍കിട കോര്‍പറേറ്റ് ബ്രാന്റുകളും പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്.

അഗ്രിബിസിനസ്സും ഫാക്ടറി ഫാമിംഗും ഇറച്ചി വ്യവസായവും അതിന്റെ ഭാഗമായ ഹൈബ്രിഡ് കോഴി- പന്നി- കന്നുകാലി ഫാമുകളുമെല്ലാം ചേര്‍ന്ന ഒരു വന്‍ നവലിബറല്‍ ശൃംഖലയാണ് ഇന്ന് ലോകത്തെ രോഗാതുരമാക്കുന്നത്. അതു കൊണ്ടാണ് അഗ്രിബിസിനസ്സ് ഒരു ആഗോള വ്യവസായ സമുച്ചയമായി മാറിയിരിക്കുന്നുവെന്ന് റോബ് വാലസ് പറയുന്നത്.

അവിടെ രോഗാണുക്കളുടെ കൃഷിയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം മാര്‍ക്കറ്റിന്റെ ആരോഗ്യ സംരക്ഷണത്തിനാണ് അത് എപ്പോഴും ശ്രമിക്കുന്നത്.

കൊറോണയുടെ പാഠങ്ങള്‍

പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചുകൊണ്ടു് ലാഭോല്പാദനം നടത്തുന്ന മുതലാളിത്ത വ്യവസ്ഥ പാരിസ്ഥിതികമായി നിലനില്ക്കാവുന്നതല്ലെന്ന് ഇരുപതാം നൂറ്റാണ്ട് തെളിയിച്ചു കഴിഞ്ഞു. ജീവജാലങ്ങളുടെ സ്വാഭാവിക നിലനില്പിനെത്തന്നെ അട്ടിമറിക്കുന്ന ഈ വ്യവസ്ഥ ജീവശാസ്ത്രപരമായും നിലനില്ക്കാവുന്നതല്ലെന്നാണ് വര്‍ദ്ധിതമാവുന്ന വൈറല്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നമുക്ക് പറയാനാവുക.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന പൊതുസംവിധാനം അല്പമെങ്കിലും അവശേഷിക്കുന്ന രാജ്യങ്ങള്‍ക്കു മാത്രമാണ് കൊറോണ വ്യാപനത്തെ മെച്ചപ്പെട്ട രീതിയില്‍ തടയാനായുള്ളു. ഭൗതികവാദപരമായും ശാസ്ത്രീയമായും മാത്രമെ ഭൗതിക ജീവിത പ്രശ്‌നങ്ങളെ പരിഹരിക്കാനാകുവെന്ന് ഈ മഹാമാരി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്.

സമ്പത്തും ആത്മീയതയും ദൈവ വിശ്വാസങ്ങളും മത-ജാതി വിശ്വാസങ്ങളും മനുഷ്യര്‍ക്കിടയിലുണ്ടാക്കിയ എല്ലാത്തരം വേര്‍തിരിവുകള്‍ക്കും യാതൊരടിസ്ഥാനവുമില്ലെന്ന് അത് തെളിയിച്ചു. ആള്‍ദൈവങ്ങളുടെ സ്ഥാനം സാധാരണ മനുഷ്യരെക്കാള്‍ താഴെയാണെന്ന് അത് കാണിച്ചു തന്നു. മാനവികതയിലൂന്നിയ മനുഷ്യവംശത്തിന് മാത്രമെ ഇത്തരം വിപത്തുകളെ നേരിടാനാവൂ എന്നും അത് തെളിയിച്ചു. എല്ലാത്തിനുമുപരി നവലിബറല്‍ മുതലാളിത്ത വ്യവസ്ഥ പാരിസ്ഥിതികമായും ജീവ ശാസ്ത്രപരമായും നിലനില്ക്കാവുന്നതല്ലെന്നും അത് തെളിയിച്ചു.

മുതലാളിത്ത സമ്പദ് വ്യവസ്ഥ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എത്ര പെട്ടന്നാണ് തൊഴിലില്ലായ്മയെയും പട്ടിണിയെയും ദാരിദ്ര്യത്തെയും അത് ആഗോളതലത്തില്‍ തന്നെ രൂക്ഷമാക്കിയത്. കൊറോണ പോലെയുള്ള ആഗോള മഹാമാരിയെ നേരിടാന്‍ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയും അതിന്റെ പ്ലാനിംഗും അനിവാര്യമാണെന്ന് തെളിയുകയാണ്.

ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെയും പാരിസ്ഥിതിക നീതിയെയും ആരോഗ്യത്തിന്റെ സാമൂഹ്യ നിര്‍ണ്ണയത്തെയും എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കാനാകുന്ന ബദല്‍ മരുന്നുകളുടെയുമെല്ലാം സമന്വയത്തിനു മാത്രമെ ജനകീയ ആരോഗ്യം ഉറപ്പുവരുത്താനാകൂ.
ദുരന്തകാലത്തെയും മുതലെടുത്ത് ലാഭമുണ്ടാക്കാനായി മൂലധനശക്തികള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്.

‘ദുരന്തകാല മുതലാളിത്ത ‘(Disaster Capitalism)മെന്ന് നാമതിനെ വിളിക്കും. അതേപോലെ തന്നെ ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ആലോചനയില്‍ വരുന്ന ‘പൊതു ഉടമസ്ഥത ‘, ‘പൊതുസംവിധാനം ‘ തുടങ്ങിയവയെ ‘ദുരന്തകാലസോഷ്യലിസ’മെന്നേ വിളിക്കാനാവൂ. അതല്ല നമുക്കു വേണ്ടത്.

സാമൂഹ്യ വ്യവസ്ഥയെ സോഷ്യലിസ്റ്റ് രീതിയില്‍ പുന:സംഘടിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ നമുക്കു മുന്നിലില്ല. കേവലം പൊതു ഉടമസ്ഥതയുടെ മാത്രം പ്രശ്‌നമല്ല ഇത്. മുതലാളിത്ത വ്യവസ്ഥയില്‍ അസാധ്യമാണ് ഇക്കാര്യങ്ങള്‍. സാമൂഹ്യ വ്യവസ്ഥയെ അടിമുടി അഴിച്ചുപണിയുന്ന സോഷ്യലിസ്റ്റ് ബദലല്ലാതെ മറ്റൊന്നും പരിഹാരമാവില്ല.

1990 മുതലാണ് ലോകമാസകലം നവ ഉദാരവല്‍ക്കരണനയങ്ങള്‍ വളരെ ശക്തമായി നടപ്പിലാക്കിത്തുടങ്ങിയത്. അതുവരെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയായി നിലനിന്നിരുന്ന സോവിയറ്റ് യൂണിയന്റെ പതനത്തെ ത്തുടര്‍ന്നാണ് ഈ നയങ്ങള്‍ നടപ്പിലാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സംജാതമാകുന്നത്.

‘മാര്‍ക്കറ്റ് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചോളും’ എന്ന അടിസ്ഥാന തത്ത്വമാണ് നവഉദാരവല്‍ക്കരണനയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കോവിഡ് 19 പോലൊരു മഹാമാരി തെളിയിക്കുന്നത് അത്തരത്തില്‍ മാര്‍ക്കറ്റ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല എന്ന് മാത്രമല്ല, പലപ്പോഴുമത് ഒരു ബാധ്യതയായി നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ്. ദേശസാല്‍കൃതമായ ഒരു ആരോഗ്യ പരിപാലന
സംവിധാനമുള്ള രാജ്യങ്ങള്‍ മാര്‍ക്കറ്റിനെ ആശ്രയിക്കുന്ന രാജ്യങ്ങളെക്കാള്‍ നന്നായി ഇതുസംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് നാം കണ്ടത്.

ശരിയായ പാതയിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഇന്നില്ലെങ്കില്‍പ്പോലും വലത്തോട്ടു ചാഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പോലും തങ്ങളുടേതായ ദേശസാല്‍കൃതമായ ഒരു ആരോഗ്യ സംവിധാനം വഴി ഏറെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതും നാം കണ്ടു. അതുപോലെത്തന്നെ മുതലാളിത്തത്തിന്റെ ഒരു സഹജപ്രവണതയാണ് നിരന്തരവും വന്‍തോതിലുള്ളതുമായ നഗരവല്‍ക്കരണം. കൂടുതല്‍ക്കൂടുതല്‍ ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും തൊഴില്‍ തേടി നഗരങ്ങളിലേക്ക് എത്തിച്ചേരുന്നു.

സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഒന്നിച്ചു വമ്പന്‍ ചേരികളില്‍ കുടില്‍ കെട്ടേണ്ടിവരുന്നു. മുംബൈയിലെ ധാരാവി ചേരി ഔദ്യോഗിക കണക്ക് പ്രകാരം 15 ലക്ഷം ആള്‍ക്കാരെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ അനൗദ്യോഗിക കണക്കനുസരിച്ച് ആ ചേരിയില്‍ 30 ലക്ഷത്തോളം ആള്‍ക്കാര്‍ അധിവസിക്കുന്നുണ്ട്. ആളുകള്‍ തമ്മില്‍ രണ്ടടി അകലം പാലിക്കുക പോലും അത്തരം ചേരിപ്രദേശങ്ങളില്‍ ബുദ്ധിമുട്ടാണ്.

എന്നാല്‍ കോവിഡ് 19 ബാധ അവിടെയും നിരവധിയാളുകളില്‍ എത്തിയിരിക്കുകയാണ്. സുരക്ഷാപരമായ അകലം പാലിക്കുക എന്നത് അസാധ്യമാണ് എന്നതുകൊണ്ടുതന്നെ സാധാരണ ജനങ്ങളില്‍ വളരെ വലിയ ഉത്കണ്ഠയാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം പണി കിട്ടിയില്ലെങ്കില്‍ ആളുകളൊക്കെ തന്നെ പട്ടിണിയില്‍ ആകുന്ന സാമ്പത്തിക അവസ്ഥയാണ് അവിടങ്ങളില്‍ ഉള്ളത്.

ജനങ്ങളുടെ പട്ടിണിയോടുള്ള പ്രതിഷേധം ഒരു പരിധി കഴിഞ്ഞാല്‍ പോലീസിനും പട്ടാളത്തിനും തടയാന്‍ പറ്റാതെ വരും എന്നത് വരാന്‍പോകുന്ന യാഥാര്‍ഥ്യമാണ്. അത്തരത്തില്‍ മുതലാളിത്തത്തിന്റെ അനിവാര്യ സൃഷ്ടികളായ ചേരികള്‍ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

മാര്‍ക്കറ്റിന് ഈ പ്രശ്‌നത്തെ പരിഹരിക്കാനാവില്ല; മറിച്ച് ഈ ചേരികള്‍ മാര്‍ക്കറ്റിന്റെ ഉപോല്‍പ്പന്നമാണ്. മാര്‍ക്കറ്റിന്റെ അധിപന്‍മാരായ മുതലാളിമാര്‍ ചേരിയിലെ ജനങ്ങളെ അവഗണിച്ചു എന്നു കരുതി വൈറസുകള്‍ ആ മുതലാളിമാരെ അവഗണിക്കില്ല. അത് സമൂഹം മുഴുവന്‍ പകരും. അതായത് മുതലാളിത്തത്തിന്റെ സംവിധാനം ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്‌നത്തില്‍നിന്ന് മുതലാളിമാര്‍ക്ക് പോലും രക്ഷയില്ല എന്ന് ചുരുക്കം.

ആഗോളവല്‍ക്കരണം രാജ്യാന്തര യാത്രകള്‍ പതിന്മടങ്ങ് കൂട്ടി. അതുകൊണ്ടുതന്നെ 1990 നുശേഷം വിമാനങ്ങളില്‍ കൂടി രോഗം വളരെ പെട്ടെന്ന് വിവിധ രാജ്യങ്ങളില്‍ ഒന്നിച്ചുതന്നെ പടരുന്നതിനുള്ള സാധ്യതയും കൂടി. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പകര്‍ച്ചവ്യാധികള്‍ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരുന്നത് വര്‍ഷങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇന്ന് കേവലം ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ അവ ലോകം മുഴുവന്‍ പകരുന്ന ഒരു അവസ്ഥ വന്നിരിക്കുന്നു.

അപ്പോള്‍ ചുരുക്കത്തില്‍ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും രോഗം വ്യാപിക്കുന്നതിന്റെ നിരക്ക് കൂട്ടി. എന്നാല്‍ ആ നയങ്ങള്‍ ഭരണകൂടങ്ങളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ത്തും ഇല്ലാതാക്കി. ആ ഉത്തരവാദിത്തങ്ങള്‍ സ്വകാര്യ മൂലധനത്തിന് വിട്ടുകൊടുക്കുകവഴി ആര്‍ക്കും പ്രത്യേകിച്ച് ഒരു പരിരക്ഷയും ലഭിക്കില്ല എന്ന് ഉറപ്പാക്കി. കാര്യങ്ങള്‍ ഇത്തരത്തില്‍ യുക്തിമാര്‍ഗ്ഗത്തിലൂടെ മനസ്സിലാകാത്തവര്‍ക്ക് കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ അതു മനസ്സിലാക്കേണ്ടിവരും എന്ന് പകര്‍ച്ചവ്യാധികള്‍ തെളിയിക്കുന്നു.

1918 മുതല്‍ 1920 വരെ ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ ബാധിക്കുകയും ഏതാണ്ട് അഞ്ചു കോടി ആള്‍ക്കാരെ കൊന്നൊടുക്കുകയും ചെയ്ത മഹാമാരി ആണ് സ്പാനിഷ് ഫ്‌ലൂ. ആധുനിക പഠനങ്ങള്‍ കാണിക്കുന്നത് അന്നത്തെ മരണസംഖ്യയില്‍ ഏതാണ്ട് 40 ശതമാനം വരെ ആളുകളുടെ മരണകാരണം പോഷകാഹാരക്കുറവും രോഗപ്രതിരോധശേഷിയില്‍ അതുണ്ടാക്കുന്ന കുറവും ആണെന്നാണ്. കേവലം നീണ്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് മഹാമാരിയെ ചെറുക്കാനാകും എന്ന് കരുതുന്ന ഗവണ്‍മെന്റുകളെ സ്പാനിഷ് ഫ്‌ലൂ വില്‍നിന്നുള്ള അനുഭവങ്ങള്‍ ചില കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതാണ്.

ഇന്ത്യയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ നിരവധി രോഗബാധിതരുള്ള മുംബൈയിലെ ധാരാവി ചേരിയില്‍ നൂറുകണക്കിനാളുകള്‍ ആഹാരത്തിനുവേണ്ടി മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ടി വന്നു എന്ന വാര്‍ത്ത പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലും ആഹാരവും താമസ സൗകര്യവും ഇല്ലാത്ത അന്തസ്സംസ്ഥാന തൊഴിലാളികള്‍ 1500 ഉം 2000 ഉം കിലോമീറ്ററുകള്‍ നടന്നുകൊണ്ട് ബീഹാറിലേയും ഉത്തര്‍പ്രദേശിലേയും ആസാമിലേയും ഒക്കെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്രയാകുന്നതും അതുണ്ടാക്കിയ പ്രതിസന്ധിയും നമ്മള്‍ കണ്ടതാണ്.

ദരിദ്ര ജനവിഭാഗങ്ങളോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സമീപനം പൊതുവേ മനുഷ്യത്വമില്ലാത്തതും അത്തരം ആള്‍ക്കാര്‍ പോയി തുലയട്ടെ എന്ന സങ്കല്പത്തില്‍ നിന്നുള്ളതുമാണ്. എന്നാല്‍ അവര്‍ക്ക് വൈറസ് ബാധ ഉണ്ടായാല്‍ അത് ധനികരെക്കൂടി ബാധിക്കുമെന്ന വസ്തുത മാത്രമാണ് ഗവണ്‍മെന്റ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് നിര്‍ബന്ധിതമാകുന്ന ഏക കാരണം. ഈ സമീപനം ഗവണ്‍മെന്റിന്റെ പൊതു നിലപാടുകളില്‍ നിന്ന് വളരെ വ്യക്തമാണ്.

ഏതാനും ആഴ്ചകള്‍ ലോക് ഡൗണ്‍ ചെയ്ത് ചുമ്മാതിരുന്നു കിണ്ണം കൊട്ടിയും മെഴുകുതിരി കൊളുത്തിയും ഇല്ലാതാക്കാവുന്നതല്ല കൊറോണാ ബാധ എന്ന് നാമറിയണം. അതിന് കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയപരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. എന്നാല്‍ സ്പാനിഷ് ഫ്‌ലൂവിന്റെ അനുഭവം പഠിപ്പിക്കുന്നത് അന്ന് മൂന്ന് തരംഗ പരമ്പരകളിലൂടെയാണ് ആ മഹാമാരി പടര്‍ന്നത് എന്നാണ്.

ഏതാണ്ട് ദുര്‍ബലമായ ആദ്യത്തെ തരംഗത്തില്‍ മരണസംഖ്യ തീരെ കുറവായിരുന്നു. മിക്കവാറും ആളുകളെ സംബന്ധിച്ചിടത്തോളം സാധാരണ പനി പോലെ വന്ന് അത് മാറി. എന്നാല്‍ ഏതാനും മാസം കഴിഞ്ഞ് രണ്ടാമത്തെ തരംഗം വരികയുണ്ടായി. ആദ്യത്തേതിനെ അപേക്ഷിച്ച് അത് കൂടുതല്‍ ഭീകരമായിരുന്നു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് മൂന്നാമത്തെ തരംഗം പ്രത്യക്ഷപ്പെട്ടു. അത് രണ്ടാമത്തേതിന്റെ അത്രതന്നെ ഭീകരമായിരുന്നു.

ഏറ്റവും ഭാഗ്യവാന്മാര്‍ ആദ്യത്തെ തരംഗത്തില്‍ അസുഖം വന്നവരായിരുന്നു. കാരണം രണ്ടാമത്തെ തരംഗത്തില്‍ അവര്‍ക്ക് അസുഖം വീണ്ടും വന്നില്ല. എന്നാല്‍ ആദ്യത്തെ പ്രാവശ്യം അസുഖം വരാതിരുന്നവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രണ്ടാമത്തെ തരംഗത്തില്‍ ബാധ ഉണ്ടായി. അതില്‍ വലിയൊരു ശതമാനം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

കൊവിഡ് 19 ബാധയുടെ പാതയിലും ഇത്തരമൊരു സാഹചര്യം ഉണ്ടായിക്കൂടെന്നില്ല. ഇതിനകം തന്നെ ലോകമാസകലം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന നോവല്‍ കൊറോണ വൈറസിന് മൂന്ന് സ്‌ട്രെയിനുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉല്‍പരിവര്‍ത്തനത്തിലൂടെ കൂടുതല്‍ സ്‌ട്രെയിനുകള്‍ വളരെ പെട്ടെന്ന് തന്നെ ഉണ്ടായി വരാവുന്നതുമാണ്.

ഇത്തരത്തില്‍ ഉണ്ടായി വരുന്ന സ്‌ട്രെയിനുകള്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമാകാം. വീണ്ടും വീണ്ടും ഒരാള്‍ക്ക് തന്നെ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകാം. ആദ്യം കൊടുക്കുന്ന മരുന്നുകള്‍ രണ്ടാമത്തെ സ്‌ട്രെയിനിന് ഏല്‍ക്കാതെ വരാം. ഇതൊക്കെതന്നെ സാധ്യതകളാണ്.

ഈ സാധ്യതകളെ വലിയൊരളവുവരെ തടയാന്‍ ആകുന്നത്, ലോക് ഡൌണിന്റെ സാഹചര്യത്തിനെ ഗവണ്‍മെന്റ് വന്‍തോതില്‍ ടെസ്റ്റുകള്‍ ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുകയും, അത്തരത്തില്‍ ഇന്‍ഫെക്ഷന്‍ ഉള്ള ആളുകളെ മുഴുവന്‍ ഐസൊലേറ്റ് ചെയ്തു ചികിത്സ ഏര്‍പ്പെടുത്തുകയും തുടര്‍ച്ചയായ ടെസ്റ്റുകള്‍വഴി വൈറസുകള്‍ക്ക് ഉല്‍പരിവര്‍ത്തനം സംഭവിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് അതില്‍ കാര്യമായ താല്പര്യം എടുക്കുന്നതായി തോന്നുന്നില്ല.

ലോകത്ത്, ഓരോ പത്ത് ലക്ഷം പേരിലും ഏറ്റവും കുറച്ച് ടെസ്റ്റ് ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉണ്ട്. സാമ്പത്തിക ബാധ്യതയുള്ള കാര്യങ്ങള്‍ പ്രത്യേകിച്ചും കേന്ദ്രഗവണ്‍മെന്റ് വിട്ടുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന്റെ പരിണതഫലം ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഗുരുതരമായേക്കാം.

അതുപോലെത്തന്നെ സുപ്രധാനമായ മറ്റൊരു കാര്യമാണ് ചേരികളില്‍ താമസിക്കുന്ന ആളുകള്‍, കൂലിപ്പണിക്കാര്‍, ഓട്ടോഡ്രൈവര്‍മാര്‍, തുടങ്ങി ഏതാനും ദിവസങ്ങള്‍ പണിയില്ലെങ്കില്‍ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെവരുന്ന മുഴുവന്‍പേര്‍ക്കും മതിയായ ഗുണനിലവാരമുള്ള ആഹാരം ലഭ്യമാക്കുക, അവര്‍ക്ക് മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ പണം ലഭ്യമാക്കുക എന്നിവ കാരണം മതിയായ പോഷകാഹാരത്തിന്റെ അഭാവത്തില്‍ സാധാരണ ആളുകളുടെ മരണകാരണം ആകുന്നത് വൈറസ് ഇന്‍ഫെക്ഷന്‍ ആയിരിക്കില്ല.

മറിച്ച് ഈ സാഹചര്യം ഉണ്ടാക്കുന്ന പോഷകാഹാരക്കുറവും അതുവഴിയുണ്ടാകുന്ന രോഗപ്രതിരോധശേഷിയുടെ കുറവും ആകും. ഇതിനിടയില്‍ കോവിഡ് 19 ന് ഭാഗികമായി ഫലപ്രദമായ മലേറിയയ്ക്ക് കൊടുക്കുന്ന പ്രധാനമന്ത്രി മോഡിയെ ഭീഷണിപ്പെടുത്തുന്ന രസകരമായ സംഭവവുമുണ്ടായി. തങ്ങളുടെ നേതാവ് ഒരു പരിഹാസപാത്രമായില്ല എന്ന് സ്ഥാപിക്കുന്നതിനുവേണ്ടി ഈ വിഷയത്തില്‍ സംഘ പരിവാര്‍ സുഹൃത്തുക്കള്‍ ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്.

ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് സാധ്യമായിടത്തോളം മരുന്നുകള്‍ കൊടുക്കണം എന്നത് തന്നെയാണ് ശരി. പക്ഷേ ഇത്തരത്തില്‍ മറ്റൊരു രാജ്യത്തിനെ ഭീഷണിപ്പെടുത്തേണ്ടിവരുമ്പോള്‍ ലോകത്തെ ഒന്നാമത്തെ വന്‍ശക്തിയായ അമേരിക്കയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ പരിമിതികള്‍ പച്ചയായി പുറത്തുവരികയാണ്. മരുന്ന് നിര്‍മ്മാണ മേഖല പൂര്‍ണമായും സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.

അതിനുമപ്പുറത്തേക്ക് മാറി ആ ഭീഷണിയുടെ രാഷ്ട്രീയം പരീക്ഷിക്കുമ്പോള്‍ ട്രംപിനെ ആശ്രയിച്ചു കഴിയുന്നവരോടാണ് ട്രംപ് കല്‍പിക്കാറുള്ളത്. നവംബറില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ മറ്റു രാജ്യങ്ങളുടെമേല്‍ കല്‍പ്പന നടത്തുന്ന ഒരാളായി ട്രംപിനെ അതുവരെ ചിത്രീകരിക്കേണ്ടത് അവരുടെ രാഷ്ട്രീയ ആവശ്യവും കൂടിയാണ്. മറ്റുള്ളവരെ ഏറ്റവും വിരട്ടുന്നതിന് പറ്റിയ ആളായുള്ള ട്രംപിന്റെ ചിത്രം മങ്ങിപ്പോയാല്‍ ഇലക്ഷനില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടാണ്. അതവിടെ നില്‍ക്കട്ടെ.

എന്തുകൊണ്ടാണ് ശ്രീമാന്‍ നരേന്ദ്രമോഡി അത്തരമൊരു ഭീഷണിക്ക് വഴങ്ങിക്കൊടുത്തത്? അതിന്റെ കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആണ് അന്വേഷിക്കേണ്ടത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോദി പ്രധാനമന്ത്രി ആയതിനുശേഷം അതിന്റെ വളര്‍ച്ചാനിരക്ക് കുത്തനെ താഴോട്ടാണ്. ഇത് യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളവും സ്റ്റോക്ക് മാര്‍ക്കറ്റിനെ സംബന്ധിച്ചിടത്തോളവും ഒരുപോലെയാണ്.

അമേരിക്കന്‍ ഫൈനാന്‍ഷ്യല്‍ സെക്ടര്‍ ഇന്നും വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ ഫണ്ടുകള്‍ ഇന്ത്യയില്‍നിന്ന് ഒരളവുവരെയെങ്കിലും പിന്‍മാറിയാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുത്തനെ താഴോട്ടു പോകും. മാത്രമല്ല ഇതിന്റെ ഫലമായി രൂപയുടെ വിലയും ഇടിയും. കടുത്ത വിലക്കയറ്റത്തിനും പലിശനിരക്ക് കൂടുന്നതിനും ഒക്കെ അത് കാരണമാകും. മറ്റാര്‍ക്കും അറിയില്ലെങ്കിലും തന്റെ സാമ്പത്തിക നയങ്ങള്‍ കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ തകര്‍ച്ച മോഡിക്ക് നന്നായറിയാം. ഇതാണ് ട്രമ്പിന്റെ ഭീഷണിക്കു മുമ്പില്‍ മോദിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വരുന്നതിനുള്ള കാരണം.

ഇതേ വസ്തുത മറ്റൊരു വശത്തുനിന്ന് പരിശോധിക്കുമ്പോള്‍ മരുന്ന് നിര്‍മ്മാണ മേഖലയിലോ ചികിത്സാ മേഖലയിലോ അമേരിക്ക ഒരുവന്‍ ശക്തിയാണ് എന്നതില്‍ സംശയം ഉടലെടുക്കുന്നു. കേവലം ഒരു കൂലിപ്പട്ടാളത്തെ നിലനിര്‍ത്തുന്നതില്‍ മാത്രമാണ് അമേരിക്കയുടെ വന്‍ശക്തി സ്ഥാനം എന്നതാണ് വെളിവാകുന്ന അവസ്ഥ. ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യേകിച്ചും അത് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അവര്‍ അഭിമുഖീകരിക്കുന്ന ദാരിദ്ര്യത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കും ഉത്തരം തേടുന്നത് മതപരമായ ഒരുതരം ആശ്വാസത്തിലാണ്.

അത് കഴിഞ്ഞ കുറെ കാലങ്ങളായി ഒരു ഭക്തി വ്യവസായമായിത്തന്നെ രൂപപ്പെട്ടിരിക്കുന്നു. ഭക്തിവ്യവസായികള്‍ അതില്‍നിന്നും ദശലക്ഷങ്ങള്‍ സമ്പാദിക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് അവരുടെയൊക്കെ വയറ്റത്ത് അടിക്കുന്ന ഒരു അവസ്ഥയാണ് ഈ പകര്‍ച്ചവ്യാധി മൂലം ഉണ്ടായിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ല. അമ്പലങ്ങളിലെ ഉത്സവങ്ങള്‍ മാറ്റിവെക്കപ്പെട്ടു. പോപ്പിനു പോലും പള്ളിയില്‍ പോകാന്‍ പറ്റുന്നില്ല എന്ന അവസ്ഥ വന്നുചേര്‍ന്നു. എന്നിട്ടും ലോകത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

കെട്ടിപ്പിടിച്ചു കൊണ്ടും അല്ലാതെയും ഒക്കെ രോഗശാന്തി വരുത്തുന്ന അമ്മമാരും ആള്‍ദൈവങ്ങളും ഒക്കെ ഇന്ന് സ്വന്തം മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. ആചാര സംരക്ഷകരെപ്പറ്റി കേള്‍ക്കാന്‍ പോലുമില്ല. ആചാരങ്ങള്‍ക്ക് ഇന്ന് വലിയ പ്രസക്തി ഇല്ല എന്നത് സ്വാഭാവികമായ രീതിയില്‍തന്നെ അംഗീകരിക്കപ്പെടുന്നു.

ഇതിനും അപ്പുറത്തേക്ക് മാറി നിരവധി രാജ്യങ്ങളില്‍ ദക്ഷിണകൊറിയ, പല യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ ഈ പകര്‍ച്ചവ്യാധി പടര്‍ത്തുന്നതില്‍ പല മത ഗ്രൂപ്പുകളും മോശമല്ലാത്ത സംഭാവന നല്‍കുകയും ചെയ്തു. അത്തരത്തില്‍ സംഘടിത മതങ്ങളെയും വിശ്വാസ പ്രസ്ഥാനങ്ങളെയും ഈ മഹാമാരി അപ്രസക്തവും പലപ്പോഴും ബാധ്യതയുമാക്കി മാറ്റിയിരിക്കുകയാണ്.

സമൂഹത്തിന്റെ മതത്തിന് നേരെയുള്ള സമീപനത്തില്‍ മുന്‍കാലങ്ങളിലും സമാനമായ സവിശേഷതകള്‍ കാണാവുന്നതാണ്. 1300 കളില്‍ ആരംഭിച്ച ലോകം മുഴുവന്‍ വ്യാപിച്ച ബ്യുബോണിക് പ്ലേഗ് (Bubonic plague) വ്യാപനത്തിന്റെ കാലഘട്ടത്തിലും സമാനമായ അവസ്ഥ മതത്തിന് ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ ദൈവം ശത്രുതയിലാണെന്നും പിണക്കത്തില്‍ ആണെന്നും മനുഷ്യരുടെ പ്രാര്‍ത്ഥന പോര എന്നും ഒക്കെ പറഞ്ഞ പുരോഹിതന്മാരുടെ വാക്കുകള്‍ സാധാരണ മനുഷ്യര്‍ വിശ്വസിച്ചു.

എന്നാല്‍ കാലം കഴിയുന്നതിന് അനുസരിച്ച് ജനങ്ങളുടെ വിശ്വാസം മാറുകയും അന്നത്തെ സമൂഹത്തില്‍ നടന്നുകൊണ്ടിരുന്ന നവോത്ഥാന പ്രസ്ഥാനത്തിന് അനുകൂലമായ രീതിയില്‍ മതത്തില്‍ത്തന്നെ ഒരു മതനവീകരണപ്രസ്ഥാനം ക്രമേണ സംജാതമാവുകയും ചെയ്തു. ഇത്തരത്തില്‍, വിശ്വാസക്കച്ചവടക്കാര്‍ക്ക് സമൂഹത്തിലും രോഗവ്യാപനത്തിലും പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഈ പകര്‍ച്ചവ്യാധിയും അവരെയൊക്കെ അരികുകളിലേക്ക് തള്ളിമാറ്റിയിരിക്കുകയാണ്.

ഭരണകൂടം നടത്തുന്ന മേല്‍നോട്ട പദ്ധതികള്‍ക്ക് (mass surveillance) നേരെയും നാം ജാഗരൂകരായിരിക്കേണ്ട സ്ഥിതിവിശേഷം ഇന്ന് സംജാതമായിരിക്കുന്നു. ജനങ്ങളെ അങ്ങേയറ്റം ജാഗ്രതയോടുകൂടി നിരീക്ഷിക്കുന്നതിനും അവരുടെ എല്ലാ ചലനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും വേണ്ടി അതിയായ ശ്രദ്ധയാണ് ഇന്ന് വിവിധ ഭരണകൂടങ്ങള്‍ ചെലുത്തുന്നത്. പല രാജ്യങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എയര്‍ പോര്‍ട്ടുകളിലും ഒക്കെ ആളുകളെ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള അത്യാധുനിക ഉപകരണങ്ങളും അവരുടെ ടെമ്പറേച്ചര്‍, മറ്റ് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും വളരെ ശുഷ്‌കാന്തിയോടെ ഗവണ്‍മെന്റുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

മാത്രമല്ല മൊബൈല്‍ ഫോണില്‍ ഉള്ള വിവിധ ആപ്ലിക്കേഷനുകള്‍ വഴി വ്യക്തികളെ പറ്റിയുള്ള ഡാറ്റാ കളക്ട് ചെയ്തു കൊണ്ട് ഓരോരുത്തരുടെയും ശരീരിക പ്രത്യേകതകള്‍, സ്വഭാവം, അവരുടെ ചലനങ്ങള്‍, യാത്രകള്‍, എന്നിവ നിരീക്ഷിക്കുന്നതിനു വേണ്ടി ഉള്ള സംവിധാനങ്ങളും ഉണ്ടാക്കിയിരിക്കുന്നു. ഇവയൊക്കെ വിവിധ കമ്പനികളില്‍ നിന്ന് ലഭ്യമാക്കുന്നതിന് വേണ്ടി വിവിധ ഗവണ്‍മെന്റുകള്‍ നിയമനിര്‍മാണം നടത്തുകയും കമ്പനികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരം വിശദ വിവരങ്ങള്‍ ഒക്കെ ത്തന്നെ ഗവണ്‍മെന്റുകള്‍ ദുരുപയോഗം ചെയ്യാവുന്നതാണ് എന്ന വസ്തുത നിലനില്‍ക്കുന്നു.

ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ആവശ്യകതയാണ് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ ഇന്ന് ലോകമാസകലം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണകൂടങ്ങള്‍ വളരെ കുറവാണ് എന്ന വസ്തുതയും നമുക്ക് കാണാതിരിക്കാനാവില്ല. അതുകൊണ്ട് മേല്‍പ്പറഞ്ഞ തരത്തിലുള്ള സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളിലേക്കും സമഗ്രാധിപത്യ പരിശ്രമങ്ങളിലേക്കും നയിക്കുതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാവിയില്‍ ഉയര്‍ന്നുവരേണ്ട ജനകീയ പ്രതിരോധത്തിന്റെ അഭാവത്തില്‍ ഇന്ന് സ്ഥാപിക്കുന്ന ഈ സംവിധാനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സാധ്യതയും വിരളമാണ്.

എന്തുകൊണ്ടെന്നാല്‍, വ്യക്തിജീവിതത്തില്‍ ഇടപെടുന്നതിനുള്ള അനിയന്ത്രിതമായ സംവിധാനങ്ങളാണ് ഭരണകൂടങ്ങള്‍ക്ക് ഇന്ന് ലഭ്യമായിരിക്കുന്നത്. ഭരണകൂടങ്ങള്‍ എങ്ങനെ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നു എന്നതിനെപ്പറ്റിയുള്ള ശരിയായ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകതയും പകര്‍ച്ചവ്യാധികാലഘട്ടം മാറുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍മാര്‍ജനം ചെയ്യുന്നതിലേക്ക് മതിയായ രീതിയിലുള്ള ജനകീയ അഭിപ്രായ രൂപീകരണത്തിന്റെ ആവശ്യകതയുമുണ്ട്.

ദീര്‍ഘകാലത്തെ അമേരിക്കന്‍ ഉപരോധത്തിനെതിരെ ശക്തമായ പ്രതിരോധം വളര്‍ത്തിയെടുത്ത രാജ്യമാണ് ക്യൂബ. മിക്കവാറും മുതലാളിത്ത രാജ്യങ്ങള്‍ ഒക്കെതന്നെ ക്യൂബയോട് ശത്രുതാപരമായ മനസ്ഥിതിയാണ് നാളിതുവരെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എന്തിന് ഡെങ്കിപ്പനിയെ തടയുന്നതിനുള്ള മരുന്നുകള്‍ പോലും ഇല്ലാതെ തങ്ങളുടെ രാജ്യം കടുത്ത ഉപരോധത്തിനെ നേടുമ്പോള്‍, അതില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി സ്വയം വികസിപ്പിച്ചെടുത്ത ഇന്റര്‍ഫിറോണ്‍ ആല്‍ഫ 2 ബി (Interferon Alfa-2B) കൊവിഡ് 19 ബാധക്കും നാളിതുവരെയുള്ള ലോകത്തെ ഏറ്റവും ഉപയോഗയോഗ്യമായ മരുന്നായി നിലനില്‍ക്കുന്നു.

ഉപരോധം നിലനിന്നു എന്നതിനാല്‍ തന്നെ മറ്റു മുതലാളിത്ത രാജ്യങ്ങള്‍ക്ക് ആ മരുന്നിനെപ്പറ്റി അറിയാന്‍ സാധിക്കുകയുണ്ടായില്ല. കാരണം ആ മരുന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള അവകാശം ഉപരോധം കാരണം ക്യൂബയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രതിസന്ധിയുടെ നിമിഷത്തില്‍ അതൊക്കെ മറന്നുകൊണ്ട് ഡസന്‍ കണക്കിന് രാജ്യങ്ങളിലേക്ക് തങ്ങളുടെ മെഡിക്കല്‍ ടീമിനെ അയക്കുകയും ആളും അര്‍ത്ഥവും കൊണ്ട് മറ്റു രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്ന ക്യൂബ ഇന്ന് വിശ്വമാനവികതയുടെ സമൂര്‍ത്തരൂപമായി ലോക മനസ്സാക്ഷിക്കു മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

ഒരു പകര്‍ച്ചവ്യാധിയും ഒരു മനുഷ്യനോ ഒരു ഗ്രാമത്തിനോ ഒരു സമൂഹത്തിനോ ഒറ്റപ്പെട്ടുനിന്നുകൊണ്ട് തടഞ്ഞു നിര്‍ത്താനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ച് അങ്ങോട്ടുമിങ്ങോട്ടും നൂറുകണക്കിന് രൂപങ്ങളില്‍ ബന്ധപ്പെട്ടുകിടക്കുന്ന ഇന്നത്തെ ലോകത്തില്‍. ഒരു ആഗോള സമൂഹം എന്ന നിലയില്‍ ആണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാനാകുന്നത്. ആ ബോധം മതിയായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിന് സാര്‍വദേശീയതയുടേതായ ഒരു സംസ്‌കാരം ആവശ്യമാണ്.

കൊവിഡ് 19 പോലുള്ള ഒരു പകര്‍ച്ചവ്യാധി നിസ്സംശയം തെളിയിക്കുന്നത് ഒരു വിശ്വപൗരനെ സൃഷ്ടിക്കുന്നതിനെതിരായ, ശത്രുതയുടെയും വിദ്വേഷത്തിന്റേതുമായ സംസ്‌കാരങ്ങള്‍ക്ക് യാതൊരു ഭാവിയും ഇല്ല എന്നതാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന ട്രംപും മോദിമാരും ഒക്കെതന്നെ തങ്ങളുടേതായ രീതിയില്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് ഇടുങ്ങിയ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്ക് വേണ്ടി പകര്‍ച്ചവ്യാധിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണ് നാം കാണുന്നത്.

2020 നവംബറില്‍ വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കടുത്ത വലതുപക്ഷവാദിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം കടുത്ത ദേശീയ വികാരം വളര്‍ത്തിയെടുക്കുന്നതിന് ശക്തനായ ഒരു ശത്രുവിന്റെ ആവശ്യകതയുണ്ട്. അദ്ദേഹം ചൈനയ്‌ക്കെതിരെ നടത്തുന്ന പ്രചാരണത്തിലൂടെ ലക്ഷ്യം വെക്കുന്നത് മറ്റൊന്നല്ല. ഹ്രസ്വകാലയളവില്‍ അതിന്റെ താല്പര്യം വരാന്‍ പോകുന്ന ഇലക്ഷന്‍ ആണെങ്കില്‍ ദീര്‍ഘകാലത്തില്‍ ഒരു ലോക ശക്തിയായി വളര്‍ന്നു വരുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം.

ഇന്ത്യന്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപങ്ങളായ മോദിയും ആര്‍.എസ്.എസും ഈ പകര്‍ച്ചവ്യാധിയെപ്പോലും ന്യൂനപക്ഷ സമുദായങ്ങക്കെതിരെ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതിനുവേണ്ടി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നതും കാണാവുന്നതാണ്. അമേരിക്ക പോലുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയലാഭത്തിനുവേണ്ടി ചൈനയ്‌ക്കെതിരെ തുടക്കത്തില്‍ത്തന്നെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍, ഒരു പകര്‍ച്ചവ്യാധിപോലും രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനുവേണ്ടി എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന വസ്തുതയാണ് അതിലൂടെ തെളിയിച്ചത്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി കാര്യങ്ങളെ സമീപിച്ചത് ചെറുരാജ്യമായ ക്യൂബയാണ്.

അതിനെല്ലാമുപരിയായി അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിനെമാത്രം കേന്ദ്രമാക്കിക്കൊണ്ട് സമൂഹത്തിന്റെ വിശാലമായ താല്പര്യം പോലും പ്രസക്തമല്ല എന്ന് കരുതുന്ന യൂറോപ്പിലെ പല രാജ്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന വ്യക്തിവാദം കോവിഡ് 19 പകര്‍ച്ചവ്യാധി ഇന്നത്തെ അവസ്ഥയിലേക്ക് പകര്‍ത്തുന്നതില്‍ ഇറ്റലിയിലും സ്‌പെയിനിലും ഒക്കെ തന്നെ കാര്യമായ പങ്കുവഹിച്ചു എന്നതും വസ്തുതയാണ്. അത്തരമൊരു വ്യക്തിവാദത്തിന്റെ അപകടകരമായ തലത്തിനെക്ക്യൂടി ഈ പകര്‍ച്ചവ്യാധി കാണിച്ചുതരുന്നു.

ചുരുക്കത്തില്‍ ദേശസാല്‍കൃതവും സുശക്തവുമായ ഒരു ആരോഗ്യ സംരക്ഷണ മേഖല, വിശ്വമാനവനെ സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനം, മുതലാളിത്തം സൃഷ്ടിക്കുന്ന മനുഷ്യവാസയോഗ്യമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കെതിരെയുള്ള ജനകീയ അഭിപ്രായ രൂപീകരണം എന്നിവയുടെ ആവശ്യകതയിലേക്ക് ഈ മഹാമാരി വിരല്‍ചൂണ്ടുന്നു.

എഴുത്ത്: ഡോ. വി. പ്രസാദ്, സനാതനന്‍

We use cookies to give you the best possible experience. Learn more