| Wednesday, 10th February 2021, 10:51 am

ചൈന ഒളിപ്പിച്ചുവെച്ച വൈറസ് വുഹാന്‍ ലാബില്‍ നിന്ന് പുറത്തു ചാടിയെന്ന സിദ്ധാന്തങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്ങ് : കൊവിഡ് പടര്‍ന്നത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദം തള്ളി ചൈനയില്‍ പഠനത്തിനായെത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം.

കൊവിഡ് 19 നു കാരണമായ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നോ വന്നതാകാമെന്നാണ് ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വിലയിരുത്തുന്നത്.

വുഹാനിലെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന കൊറോണ വൈറസ് അബദ്ധത്തില്‍ പുറത്തു വന്നതാണെന്ന പ്രചരണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ രീതിയില്‍ നടക്കുന്നതിനിടെയാണ് ഇവയെല്ലാം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം തള്ളിയത്.

കൊവിഡ് 19 ആദ്യമായി വന്ന വുഹാന്‍ നഗരത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു സംഘത്തിന് നേതൃത്വം നല്‍കുന്ന പീറ്റര്‍ ബെന്‍ എംബാരകിന്റെ പ്രതികരണം.

2019ല്‍ വുഹാനിലെ മാര്‍ക്കറ്റിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടത്. കൊവിഡ് ആദ്യം കണ്ടെത്തിയ ഡിസംബര്‍ 19ന് മുന്‍പു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞു.

വന്യജീവികളുടെ ശീതികരിച്ച മാംസത്തിലൂടെയായിരിക്കാം വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന സാധ്യതയ്ക്കാണ് ലോകാരോഗ്യ സംഘടന മുന്‍തൂക്കം നല്‍കുന്നതെന്നും പീറ്റര്‍ എംബാരക് പറഞ്ഞു.

ചൈനയുടെ ശക്തമായ നിയന്ത്രണത്തിലാണ് സംഘം പരിശോധന നടത്തുന്നത് എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വുഹാനിലെത്തിയതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ ഈ വാദത്തെ നിരസിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പ്രത്യേക സംഘത്തില്‍ നിന്നും ലഭിച്ചത്. ചൈന അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചുവെന്നും, എവിടെ വേണമെങ്കിലും പരിശോധന നടത്താമെന്നും ആരുമായി വേണമെങ്കിലും സംസാരിക്കാമെന്നും പറഞ്ഞതായും സംഘത്തിലെ ബ്രിട്ടീഷ് സുവോളജിസ്റ്റ് പീറ്റര്‍ ഡസാക്ക് പറഞ്ഞു.

ജനുവരി 14നാണ് 10 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി ലോകാരോഗ്യസംഘടന ചൈനയിലെത്തിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റുള്‍പ്പെടെ ഇവര്‍ പരിശോധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid: WHO says ‘extremely unlikely’ virus leaked from lab in China

We use cookies to give you the best possible experience. Learn more