ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്.
കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിനാല്‍ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.
‘ വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണ്. ഏതെങ്കിലും രീതിയില്‍ എവിടെയെങ്കിലും മറ്റൊരു തരംഗത്തിന് സാധ്യത കാണുകയാണെങ്കില്‍ ഉടന്‍ തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം,’ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ പത്ര സമ്മേളനത്തിനിടെ നീതി ആയോഗ് അംഗം ഡോ. വി. കെ. പോള്‍ പറഞ്ഞു.
‘ മൂന്നാം തരംഗം സംബന്ധിച്ച് ഒരുപാട് വിവരങ്ങള്‍ ലഭ്യമാണ്. ആഘോഷങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും സമയമാണ് ഈ മാസങ്ങള്‍. അതുകൊണ്ട് നമ്മള്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കൊവിഡ് നിരക്ക് കുറഞ്ഞ് വരുന്നതിനെപ്പറ്റിയും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നാലുമാസത്തിനുള്ളില്‍ ശരീരത്തില്‍ ആന്റിബോഡി സാന്നിധ്യം കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പത്രസമ്മേളനം.
രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.
നേരത്തേ, രാജ്യം മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍) സീറോ സര്‍വേ പ്രകാരം നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. ഇത് കുട്ടികളില്‍ കാര്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പഠനം സൂചിപ്പിച്ചിരുന്നത്.