| Saturday, 2nd January 2021, 11:22 am

രണ്ടോ മൂന്നോ ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ എത്തും; വാക്‌സിന്‍ സുരക്ഷിതമെന്നും ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സീന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണ റിഹേഴ്‌സലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലാണ് മന്ത്രി കെ.കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്.

വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും വാക്‌സിന്‍ സുരക്ഷിതാണെന്ന് ബന്ധപ്പെട്ട ആളുകളും വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യം നല്‍കും. അതിന് ശേഷം വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തി ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റോറേജും വാക്‌സിന്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകളും എല്ലാം സംസ്ഥാനെ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ അത് വിതരണം ചെയ്യാന്‍ കേരളം ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്നു നടക്കുന്ന വാക്സീന്‍ വിതരണ റിഹേഴ്സല്‍ (ഡ്രൈ റണ്‍) പൂര്‍ണവിജയമായാല്‍ കുത്തിവെയ്പ്പ് ബുധനാഴ്ച്ച ആരംഭിക്കുമെന്നാണ് സൂചന. 5 കോടിയോളം ഡോസ് വാക്സിന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതിയാണ് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കോവിഷീല്‍ഡ്’ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

കേരളത്തില്‍ ആദ്യഘട്ടം 3.13. ലക്ഷം പേര്‍ക്ക് വാക്സിന്‍ കുത്തി വെയ്പ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി തെരഞ്ഞെടുത്ത 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ പുരോഗമിക്കുന്നത്. രാവിലെ 9 മുതല്‍ 11 വരെയാണ് വാക്സിന്‍ റിഹേഴ്സല്‍. കേരളത്തില്‍ നാലു ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രി-പേരൂര്‍ക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റണ്‍ നടക്കുന്ന ആശുപത്രികള്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Vaccine Will Arrive within Three Days

We use cookies to give you the best possible experience. Learn more