സ്പുട്നിക് വി എന്ന പേരില്‍ റഷ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചുവെന്നും പൊതുജന ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് എന്നുമുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ പ്രഖ്യാപനം ലോകത്താകമാനമുള്ള രോഗപ്രതിരോധ ശാസ്ത്രജ്ഞരുടെയും വൈറോളജിസ്റ്റുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
വാക്സിന്‍ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ശാസ്ത്രജ്ഞര്‍ ദൃതിപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി വാക്സിന്‍ വികസനത്തിന്റെ മൂന്നാം ഘട്ടമുള്‍പ്പെടെ അവഗണിക്കുകയായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഇത് റഷ്യയ്ക്ക് അകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറയുന്നു.
എന്നിരുന്നാലും റഷ്യയുടെ, റാഡിക്കല്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങളുടെ ചരിത്രം അറിയുന്നവരില്‍ ഈ നീക്കം ഒട്ടുംതന്നെ അതിശോക്തിയുണ്ടാക്കില്ല. സോവിയറ്റ് ശാസ്ത്രജ്ഞര്‍ക്ക് വാക്സിന്‍ സ്വയം പരീക്ഷിക്കുന്നതിന്റെയും സ്വന്തം മക്കളില്‍ പരീക്ഷിക്കുന്നതിന്റെയും ദീര്‍ഘകാല ചരിത്രം തന്നെയുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മകള്‍ക്കും കൊവിഡ് വാക്സിന്‍ പരീക്ഷം നടത്തിയെന്ന് പറഞ്ഞിരുന്നു.
പുതിയ കാലത്ത് റഷ്യന്‍ പൗരന്മാര്‍ അത്ര പ്രാധാന്യമില്ലാത്ത മരുന്ന് പരീക്ഷണങ്ങള്‍ക്ക് പോലും വിധേയമായിട്ടുണ്ട്. ഇതില്‍ ചിലതൊക്കെ വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ സോവിയറ്റ്നറഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന സമത്വത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളാണ് ആരോഗ്യരംഗത്തെ പരീക്ഷണങ്ങളോട് തുറന്ന സമീപനം സ്വീകരിക്കാന്‍ ഈ രാജ്യത്തെ പ്രാപ്തമാക്കിയതിന്റെ അടിസ്ഥാനം.
സ്വയം പരീക്ഷണങ്ങളുടെ പാരമ്പര്യം
ഏപ്രിലോടു കൂടി തന്നെ അല്ക്സാണ്ടര്‍ ഗിന്‍സ്ബര്‍ഗും നൂറോളം സഹപ്രവര്‍ത്തകരും കൊവിഡ് വാക്സിന്‍ തങ്ങളുടെ ശരീരത്തില്‍ കുത്തിവെച്ചിരുന്നു. വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കുന്നതിനും മുന്‍പേയായിരുന്നു ഇത്.
വാക്സിന്‍ വികസനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഗമേലയ ഇന്‍സ്റ്റിട്ട്യൂന്റെ ഡയറ്കടറാണ് മോസ്‌കോയില്‍ നിന്നുള്ള 68 കാരനായ ഗിന്‍സ്ബര്‍ഗ്. ഇദ്ദേഹം ഒരു മൈക്രോബയോളജിസ്റ്റ് കൂടിയാണ്.
ഗിന്‍സ്ബര്‍ഗ് വികസിപ്പിച്ചെടുത്ത വാക്‌സിനില്‍ സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കള്‍ അപകരടരഹിതമായ കാരിയര്‍ വൈറസിലേക്ക് കുത്തിവെക്കുകയും ഇതുവഴി മനുഷ്യ പ്രതിരോധ സംവിധാനത്തില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
മതിയായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാതെ ഒരു വാക്‌സിന്‍ കുത്തിവെയ്ക്കുന്നതു വഴി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഗിന്‍സ്ബര്‍ഗിന് വലിയ ആശങ്കകളില്ല. തങ്ങള്‍ ആദ്യത്തെ ഡോസ് സ്വയം കുത്തിവെച്ച് മാസങ്ങളായി എന്നും ഇപ്പോഴും ആരോഗ്യവാന്മാരാണെന്നുമാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും അവകാശപ്പെടുന്നത്.
ഇത് തീര്‍ത്തും അശാസ്ത്രീയമായ രീതിയാണെന്ന് തോന്നുമെങ്കിലും ഗിന്‍സ്ബര്‍ഗിന്റെ ആശയങ്ങള്‍ സോവിയറ്റ് വൈദ്യശാസ്ത്ര പാരമ്പര്യങ്ങളുടെ ചരിത്രത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നേരത്തെയും ഇത്തരം സ്വയം പരീക്ഷണമാര്‍ഗങ്ങള്‍ സോവിയറ്റ് യൂണിയനില്‍ ധാരാളമുണ്ടായിരുന്നു.
എന്നാല്‍ കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് വാക്‌സിന്‍ വികസനത്തിന്റെ അത്യന്തം ഒരു അപകടകരമായ ചരിത്രമാണെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാക്‌സിന്‍ സ്വയം പരീക്ഷണത്തത്തിന്റെ നിരവധി വക്താക്കള്‍ റഷ്യയില്‍ ഉണ്ടായിരുന്നെങ്കിലും വൈറോളജിസ്റ്റ് ദമ്പതിമാരായ മറീന വോറോഷിലോവയും മിഖായേല്‍ ചുമാകോവുമാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ രണ്ടുപേര്‍.
1950കളില്‍ റഷ്യയിലെ പോളിയോ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായിരുന്നു ചുമാകോവ്. ഇതേ സമയത്ത് തന്നെ അമേരിക്കയില്‍ ഡോ. ആല്‍ബേര്‍ട്ട് സബിനും പോളിയോ വാക്‌സിന്‍ വികസനത്തിനായി ഗവേഷണം നടത്തുകയായിരുന്നു.
എന്നാല്‍ ഒരു ജീവനുള്ള വൈറസിനെ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ സബിന് അമേരിക്കയില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ആ സമയത്ത് നിര്‍ജീവമായ വൈറസുകള്‍ കൊണ്ടുള്ള പോളിയോ വാക്‌സിന്‍ ലഭ്യമായിരുന്നു എന്നതായിരുന്നു ഇതിന് കാരണം.
അതുകൊണ്ട് 1955ല്‍ സബിന്‍ തന്റെ സോവിയറ്റ് സമകാലികനായ ചുമാകോവിന് മൂന്ന് വൈറസ് സ്ട്രെയിന്‍ നല്‍കി. 1959ല്‍ ചുമാകോവും ഭാര്യ വൊറോഷിലോവയും പോളിയോ വാാക്‌സിന്‍ സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തി. എന്നാല്‍ പ്രസ്തുത വാക്‌സിന്‍ കുട്ടികള്‍ക്കുള്ളത് ആയത കൊണ്ടുതന്നെ അവരിലും പരീക്ഷിക്കേണ്ടിയിരുന്നു. അതിന് ഈ ദമ്പതികള്‍ തെരഞ്ഞെടുത്തത് തങ്ങളുടെ മക്കളെയും മരുമക്കളെയുമായിരുന്നു. ഇരുവരുടെയും മൂന്ന് ആണ്‍മക്കളിലും പരീക്ഷണം നടത്തി.
മുതിര്‍ന്ന സോവിയറ്റ് ഉദ്യോഗസ്ഥനായ അനസ്താസ് മിക്കോയാന്റെ സഹായത്താല്‍ ഇവര്‍ തങ്ങളുടെ പരീക്ഷണം പിന്നീട് വിപുലപ്പെടുത്തി. ഇത് ലോകമെങ്ങും ഉപയോഗിക്കുന്ന ഓറല്‍ പോളിയോ വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കാരണമായി എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുമാകോവിന്റെയും വോറോഷിലോവയുടെയും മൂന്ന് മക്കളും പില്‍ക്കാലത്ത് വൈറോളജിസ്റ്റുകളായി വളര്‍ന്നു. ഇപ്പോഴും തങ്ങളുടെ മാതാപിതാക്കളുടെ മാതൃക പിന്‍തുടരുന്നവരാണ് ഇവര്‍.
അവരില്‍ ഒരാളായ ഡോ.പീറ്റര്‍ ചുമാകോവ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ആരെങ്കിലും ഒരാള്‍ ആദ്യമാകണമല്ലോ. അതില്‍ എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. തങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ അത്രയധികം ആത്മവിശ്വാസമുള്ള മാതാപിതാക്കളെ ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട് എന്നാണ്.
ഇവരുടെ ഏറ്റവും ഇളയ മകനായ ഡോ. കോണ്‍സ്റ്റാന്റിന്‍ ചുമാകോവ് പറയുന്നത് അന്ന് ചെയ്ത കാര്യം ശരിയായിരുന്നു എന്ന് തന്നെയാണ്. ഇപ്പോള്‍ ഒരു പക്ഷെ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വൈദ്യശാസ്ത്ര ഗവേഷണത്തില്‍ സ്വയം പരീക്ഷണം എക്കാലത്തും ഉള്‍ച്ചേര്‍ന്നതായിരുന്നു. പക്ഷേ പാശ്ചാത്യ രാജ്യങ്ങളില്‍ അതിപ്പോള്‍ റഷ്യയിലേത് പോലെയല്ല. വലിയൊരു ഇടിവ് തന്നെ ഇത്തരം പരീക്ഷണങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
ആധുനിക റഷ്യയിലെ മരുന്ന് പരീക്ഷണങ്ങള്‍
റഷ്യയിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല. അവിടുത്തെ പൊതുജനവും ഇത്തരം പരീക്ഷണങ്ങളില്‍ ഏറെ ജിജ്ഞാസയുള്ളവരാണ്. 2012ല്‍ ഭീമന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ബേയര്‍, നോവോ, തുടങ്ങിയവ തങ്ങളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ റഷ്യയില്‍ തുടങ്ങിയപ്പോള്‍ കൃത്യമായ ക്രമീകരണങ്ങളില്ലാതിരുന്നിട്ട് പോലും ആയിരക്കണക്കിനാളുകളാണ് പരീക്ഷണത്തിന് രജിസ്റ്റര്‍ ചെയ്തത്.
പലപ്പോഴും ഇത്തരം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാത്ത റിസല്‍ട്ടുകളിലേക്കും പാര്‍ശ്വഫലങ്ങളിലേക്കും എത്തിയിട്ടുമുണ്ട്.
ഒരിക്കല്‍ പരീക്ഷിച്ച ആന്റിബയോട്ടിക്ക് അതിന്റെ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ കാണിച്ചപ്പോള്‍ ഇത് സ്വീകരിച്ച വിദ്യാര്‍ത്ഥികളിലും കുടിയേറ്റ തൊഴിലാളികളലും ഉണ്ടായ മാറ്റം ഡോക്ടര്‍മാരെ വരെ അത്ഭുതപ്പെട്ടിട്ടുണ്ട്.
ടോം അന്‍ഡ് ജെറി കാര്‍ട്ടൂണിലെ ഒരു കഥാപത്രത്തിന് അസുഖം വന്നത് പോലെയായിരുന്നു അത്. അവരുടെ കണ്ണുകള്‍ക്ക് ചുറ്റും ചുവന്ന ഡോട്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എതാനും മിനിറ്റുകള്‍ക്കുള്ളിലാണ് അവ പ്രത്യക്ഷപ്പെട്ടത്. ഡോ. വീരാഗ് ജി ബെലോലിപെറ്റ്‌സ്‌കായെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റാഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍
സോവിയറ്റിന്റെയും ആധുനിക റഷ്യയുടെയും ചരിത്രത്തില്‍ ഇത്തരത്തില്‍ ശാസ്ത്രജ്ഞരും പൗരന്മാരും റാഡിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാവുന്ന ധാരാളം സംഭവങ്ങള്‍ കാണാം.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തുടങ്ങി പല റഷ്യക്കാരും ഒരിക്കലും മരിക്കാതിരിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അധ്യാപകനും, തത്വചിന്തകനും ലൈബ്രേറിയനുമായിരുന്ന നിക്കോളായ് ഫെഡ്‌റോവ് മനുഷ്യര്‍ തങ്ങളുടെ എല്ലാ ഊര്‍ജവും അവര്‍ക്ക് കാലത്തെയും മരണത്തെയും മറികടന്ന് അനശ്വരതയിലെത്താനായി ഉപയോഗപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കുമെന്നതിനെക്കുറിച്ച് ഒരു പ്രബന്ധം എഴുതിയിരുന്നു.
മരിച്ചവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതി അദ്ദേഹത്തിനുണ്ടായിരുന്നു. റഷ്യന്‍ ടെക്‌നോഫ്യൂച്ചറിസത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ആദ്യകാല ബോള്‍ഷെവിക്കും സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനുമായ അലക്‌സാണ്ടര്‍ ബോഗ്ഡനോവ് 1920കളില്‍ രക്തദാനവുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ക്ഷയരോഗ വിദ്യാര്‍ത്ഥിയുമായി രക്തം കൈമാറ്റം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു. സോഫി പിങ്ക്മാന്‍ ദ നേഷനില്‍ എഴുതിയതാണിത്.
എന്നാല്‍ ബോഗ്ഡനോവ് മരണമില്ലാത്ത അവസ്ഥയെ ആവശ്യപ്പെട്ടയാളായിരുന്നില്ല. രക്തദാനത്തിലൂടെ സമൂഹത്തിന്റെ കൂട്ടായ ആരോഗ്യത്തിന്റെ തുല്യ വിഹിതം എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു സാഹചര്യമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. തുടര്‍ന്നുള്ള ദശകങ്ങളിലും വ്‌ളാദ്മിര്‍ പുടിന്റെ റഷ്യയില്‍ ബോഗ്ഡനോവിന്റെ പിന്മുറക്കാര്‍ ധാരാളമുണ്ട്.
അമര്‍ത്യതയ്ക്ക് പകരം മനുഷ്യന്റെ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ന്യൂറോനെറ്റ് എന്ന സംഘടനയ്ക്ക് ധനസഹായം നല്‍കിയിരുന്നു. മുഴുവന്‍ മനുഷ്യ വംശത്തെയും ന്യൂറോഇന്റര്‍ഫെയ്‌സ് ഉപയോഗിച്ച് ബന്ധപ്പിക്കുന്ന ഗവേഷണ പ്രവര്‍ത്തനത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്.
പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ