കൊവിഡ് വാക്‌സിന്‍ പേറ്റന്റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍; ഇടഞ്ഞ് ജര്‍മനിയും മരുന്നു കമ്പനികളും
World News
കൊവിഡ് വാക്‌സിന്‍ പേറ്റന്റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍; ഇടഞ്ഞ് ജര്‍മനിയും മരുന്നു കമ്പനികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 10:52 am

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്‌തെങ്കില്‍ ജര്‍മനി പേറ്റന്റ് അവകാശം ഉപേക്ഷിക്കുന്നതിനെ അംഗീകരിച്ചിട്ടില്ല. ഭീമന്‍ മരുന്നു കമ്പനികളും അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കുന്ന എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നുവെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തയ്യാറാണെന്നുമാണ് യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയന്‍ അറിയിച്ചത്.

അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പേറ്റന്റ് അവകാശം വേണ്ടെന്നുവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോള്‍ ശക്തമായ നേതൃത്വം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂറോപ്യന്‍ യൂണിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ജര്‍മനി പേറ്റന്റ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ തള്ളുകയാണ് ചെയ്തിരിക്കുന്നത്. പേറ്റന്റ് അവകാശമല്ല, വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യമില്ലാത്തതും ഗുണനിലവാരമുറപ്പാക്കാന്‍ സാധിക്കാത്തതുമാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് ജര്‍മനിയുടെ നിലപാട്.

ലോകത്തിന് മുഴുവന്‍ വാക്‌സിന്‍ എത്തിക്കാനുള്ള ബൈഡന്റെ ആഗ്രഹത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പേറ്റന്റ് അവകാശത്തെ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

‘ഭൗതിക സ്വത്താവകാശം സംരക്ഷിക്കുന്നത് കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുന്ന ഘടകമാണ്. ഭാവിയിലും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ട്,’ ജര്‍മനി പ്രസ്താവനിയില്‍ പറഞ്ഞു.

അതേസമയം പേറ്റന്റ് ഒഴിവാക്കുന്നതിനെതിരെ മരുന്ന് നിര്‍മ്മാണ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ഭൗതികസ്വത്തവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ ഉദാരമായി സഹായിക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നാണ് കമ്പനികള്‍ പ്രധാനമായും മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത്. ഇതോടെ വാക്സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനും സാധിക്കും. വാക്സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍.

നിലവില്‍ ചില വാക്സിനുകളുടെ പേറ്റന്റ് അവകാശം അമേരിക്ക കൈവശം വെച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മ്മാണം സാധ്യമായിരുന്നില്ല. ഇത് കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.

സമ്പന്ന രാഷ്ട്രങ്ങള്‍ വാക്സിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമര്‍ശനവുമുയര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല രാഷ്ട്രങ്ങളും കടുത്ത വാക്സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും 300 മില്യണ്‍ അധിക ഡോസുകളാണ് അമേരിക്കയുടെ കൈവശമുള്ളത്. ഇതും അമേരിക്കയ്‌ക്കെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു.

അമേരിക്കകത്ത് നിന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും കൂടി വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വാക്സിന് പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായി ബൈഡന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

പേറ്റന്റ് വേണ്ടെന്ന് വെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ്യാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ആഗോള ആരോഗ്യ പ്രതിസന്ധിയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കൊവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന ഈ അസാധാരണ സന്ദര്‍ഭത്തില്‍ അസാധാരണമായ നടപടികള്‍ ആവശ്യമാണെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം കൊവിഡ് വാക്‌സിന്‍ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നേരിട്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ഇനിയും സമയമെടുക്കും. ലോകവ്യാപാര സംഘടനയിലെ 164 രാജ്യങ്ങളും ഏകകണ്ഠമായി തീരുമാനിച്ചാലേ ഇക്കാര്യത്തില്‍ നടപടികളെടുക്കാന്‍ സാധിക്കൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Covid Vaccine Patent waiver, WHO and EU supports USA, Germany and Pharmaceutical companies opposes