റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക്; സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്
Covid19
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക്; സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 9:15 am

മോസ്‌കോ: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്‌സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതായി മന്ത്രാലയങ്ങള്‍ അറിയിച്ചത്.

റഷ്യയിലെ ഗമാലയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയും ആര്‍ഡിഎഫും ചേര്‍ന്നാണ് വാക്‌സിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഈ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യക്ക് കൈമാറിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയോട് ആവശ്യപ്പെട്ടിരുന്നു.

വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ റെഗുലേറ്റിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷമാകും മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക.

അതേസമയം 76 പേരില്‍ നടത്തിയ 1, 2 ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന് ഉയര്‍ന്ന പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമായതായി റഷ്യ അവകാശപ്പെടുന്നുണ്ട്.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി വെങ്കടേഷ് വര്‍മയുമാണ് വാക്‌സിനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.

അതേസമയം സൗദി അറേബ്യ, യു.എ.ഇ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് ഫണ്ടിന്റെ സ്പുട്‌നിക്ക് V വെബ്‌സൈറ്റില്‍ പറയുന്നു.

നിലവില്‍ വാക്സിന് ഉല്‍പ്പാദനത്തിന് റഷ്യന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ റഷ്യന്‍ നിര്‍മിത വാക്സിനില്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്പുട്‌നിക്ക് V യുടെ ഫേസ് 3 ട്രയലില്‍ 40,000 പേര്‍ ഭാഗമാകുമെന്ന് ലാന്‍സെറ്റ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവിധ പ്രായത്തിലുള്ളവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: covid vaccine of russia out for public