| Friday, 3rd September 2021, 1:03 pm

കൊവിഷീല്‍ഡ് വാക്സിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റക്‌സിന്റെ ഹരജിയില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

രണ്ട് കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണെന്നും കേന്ദ്രം പറഞ്ഞു. 84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്ന കിറ്റെക്‌സിന്റെ ആവശ്യത്തെ എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാനാവുക. അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ ഇളവ് എന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ വിദേശത്തു പോവുന്നവര്‍ക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. വിദേശത്തു പോവുന്നവര്‍ക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്.

93 ലക്ഷം രൂപ ചിലവില്‍ കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവെപ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നായിരുന്നു ഹരജിയിലെ വാദം.

അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിര്‍ദേശം.

പിന്നീടത് 45 ദിവസമാക്കി മാറ്റുകയും പിന്നീട് 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid vaccine intervals cannot be waived central government in the high court

We use cookies to give you the best possible experience. Learn more